തൃശ്ശൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ എഴുപത്തഞ്ച് കഴിഞ്ഞവരെ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം സിപിഎമ്മിന് തലവേദനയാകുന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളെ വെട്ടിനിരത്തിയതിന് പിന്നാലെയാണ് പാര്‍ട്ടിയിലും വെട്ടിനിരത്തല്‍ നടപ്പാക്കുന്നത്. 2022 ലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി പുന:സംഘടിപ്പിക്കുന്ന കേന്ദ്രക്കമ്മിറ്റിയില്‍ 75 കഴിഞ്ഞവരുണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. താഴെത്തട്ടിലും ഇതേ മാതൃക പിന്തുടരാനാണ് നിര്‍ദേശം.
75 കടന്നവരെ ഒഴിവാക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ വ്യാപക അതൃപ്തിയുണ്ട്. പിണറായി വിജയന് 77 വയസ്സ് പിന്നിട്ടു. പിബി അംഗം എസ്. രാമചന്ദ്രന് പിള്ള 81 പിന്നിട്ടയാളാണ്. സംസ്ഥാന സെക്രട്ടേറിയറ്റിലെ ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന് തുടങ്ങിയവരും പ്രായപരിധി കടന്നവരാണ്.
പദവികളും സ്ഥാനങ്ങളും നോക്കി ചിലര്‍ക്ക് മാത്രമായി ഇളവ് നല്കിയാല് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാകും. നിയമസഭാതെരഞ്ഞെടുപ്പില്‍ കെ.കെ. ശൈലജയ്ക്ക് രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ പിണറായി തന്നെയാണ് അത് പറ്റില്ല എന്ന് പറഞ്ഞത്. പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ഒരുപോലെ ബാധകമെന്നായിരുന്നു പിണറായിയുടെ വാദം.
പ്രായത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എല്ലാവര്ക്കും ബാധകമാക്കിയാല്‍ പിണറായി പിബിയില്‍ നിന്നും കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും പുറത്താകും. പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയിലും ഉള്‍പ്പെടുത്താനുമാകില്ല. മുഖ്യമന്ത്രി എന്ന നിലക്ക് വേണമെങ്കില്‍ പ്രത്യേക ക്ഷണിതാവാക്കാം. കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുള്ള പ്രായപരിധി 80 ല്‍ നിന്ന് എഴുപത്തഞ്ചാക്കി കുറയ്ക്കണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുന്ന യച്ചൂരി ലക്ഷ്യം വെക്കുന്നതും പിണറായിയെയാണെന്നാണ് സൂചന. അതേസമയം നീക്കത്തിനെതിരേ താഴെത്തട്ടിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. ഈ കാലമത്രയും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ട് ഇനി തങ്ങളെ ആവശ്യമില്ല എന്ന് പറയുന്നതിനോട് യോജിക്കാനാവില്ലെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. പക്ഷേ പാര്‍ട്ടി തീരുമാനം അനുസരിക്കും. മാറിനില്ക്കാന് പറഞ്ഞാല്‍ മാറിനില്‍ക്കും. പാര്‍ട്ടി അങ്ങനെ പറയുമെന്ന് ഇപ്പോഴും കരുതുന്നില്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: