കുറേക്കാലമായി നാലുവശത്തെ ടയറും പഞ്ചറായി സ്വകാര്യമാക്കണോ അതോ പൊതുവായി നിന്ന് രക്ഷപെടാന്‍ പറ്റുമോ എന്ന് തലങ്ങും വിലങ്ങും ആലോചിക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പലരെയും അധികൃതര്‍ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാവും ഗതാഗതമന്ത്രിയായ ആന്റണി രാജു തന്നെ ആ രക്ഷകന്റെ റോള്‍ ഏറ്റെടുത്തത്.
ഉണ്ടിരുന്ന മന്ത്രിക്കുമുണ്ടായി വെളിപാട്. മദ്യക്കടകളില്‍ അനുസരണയോടെ വരിനില്‍ക്കുന്ന അച്ചടക്കം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പറിച്ചു നട്ടാല്‍ അത് ഒരു വിപ്ലവമല്ലേ. കെഎസ്ആര്‍ടിസിയുടെ ഒഴിഞ്ഞുകിടക്കുന്ന കടമുറികള്‍ ബെവ്കോയ്ക്ക് കൊടുക്കുക. ഒരേസമയം സാമ്പത്തിക ലാഭവും കൂടും, യാത്രക്കാരെയും കിട്ടും. ഇതല്ലേ സോഷ്യലിസം. പണ്ടുകാലം തൊട്ടേ രാത്രിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നൊരു ചീത്തപ്പേരുണ്ട്. ഇന്നും മാറ്റമൊന്നുമില്ല. അങ്ങനെയുള്ളപ്പോള്‍ സ്ത്രീസുരക്ഷയ്ക്കായി സന്ധ്യകഴിഞ്ഞാലും പോലീസ് കാവല്‍ വേണ്ട ഈ പൊതുസ്ഥലത്ത് ഒരു ബെവ്കോ ഔട്ലെറ്റ് തുറക്കുന്നത് മഹത്തായ തീരുമാനം എന്ന് പറയാന്‍ പറ്റില്ലല്ലോ.
കുടി കഴിഞ്ഞ പാവം മദ്യപര്‍ പാട്ട് പാടി തോളില്‍ കൈയ്യിട്ട് വീട്ടില്‍ പോകുന്ന കാലത്തു നിന്ന് മന്ത്രിക്ക് ബസ് കിട്ടിയില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ വിദേശരാജ്യങ്ങളെ മാതൃകയാക്കി ന്യൂജനറേഷന് ആവാനുള്ള ശ്രമമാണോ എന്നും പറയാന്‍ പറ്റില്ല. ബെവ്കോയുടെ കടകള്‍ തുറക്കുന്നതു വഴി കിട്ടുന്ന കനത്ത വാടകയിനവും കള്ളുവാങ്ങാന്‍ വന്ന് ബസ്സില്‍ കേറിപ്പോകുന്ന യാത്രക്കാരുടെഎണ്ണവും ഓര്‍ത്തിട്ടാണോ ഈ വെളിപാട് എന്നറിയില്ല. മദ്യപര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം അക്ഷരംതെറ്റാതെ നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസിയും ശ്രമിക്കണമല്ലോ എന്നും ഇതിനിടയില്‍ ചിന്തിച്ചിട്ടുണ്ടാകണം.
വരുമാനവും വെള്ളപ്രശ്ന പരിഹാരവും കൂടെ സാമൂഹ്യപ്രതിബദ്ധതയും, മഹത്തായ നയം തന്നെ. ഈ ബുദ്ധിക്കായി പുകഞ്ഞ തല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറിന്റെ കൂടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ബുദ്ധിമൂട്ടുണ്ട് കേട്ടോ. മൂന്നാറില്‍ സ്ലീപര്‍ സൗകര്യമുള്ള ടൂറിസ്റ്റ് സൗഹൃദസവാരി കുറഞ്ഞ ചെലവില്‍ ഒരുക്കി കൈയ്യടിനേടിയ, ഡബിള്‍ ഡ്യൂട്ടി കൊണ്ടുവന്ന് ലാഭമുണ്ടാക്കാമെന്ന് പരീക്ഷിച്ചറിഞ്ഞ അതേ ആളുടെ തലയില്‍ തന്നെ ഈ ബുദ്ധിയും ഉദിച്ചല്ലോ അല്ലെങ്കില്‍ അതിനെ പിന്താങ്ങിയല്ലോ എന്ന വിഷമം ചില്ലറയല്ല. വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെ പിരിച്ചുവിട്ട് കയ്യടി നേടിയ വ്യക്തിയാണ് മന്ത്രി. ആ കയ്യടി കേരളത്തിലെ മദ്യപിക്കുന്ന ജനവിഭാഗത്തില്‍ നിന്ന് പ്രതീക്ഷിച്ചാവാം ഇപ്പോഴത്തെ നടപടിയെങ്കില്‍ തെറ്റി. ഇപ്പോള്‍ത്തന്നെ വിവിധ സംഘടനകള്‍ പ്രഖ്യാപനത്തിനെതിരെ രംഗത്തുണ്ട്.
പക്ഷെ ഒരു വശത്ത് വരുമാനം കൂടുമ്പോള്‍ മറുവശത്ത് പ്രസ്ഥാനം നശിക്കുമെന്ന് പറയുന്നത് അദ്ദേഹം കേള്‍ക്കുന്നില്ലെന്നു തോന്നുന്നു. ഓഫീസിനുള്ളിലിരുന്ന് മദ്യപിച്ചവരെ പിടികൂടിയ സംഭവങ്ങള്‍ സ്ഥാപനത്തിനുള്ളില്‍ തന്നെയുണ്ടായിട്ടുണ്ട്. അപ്പോള്‍ പെട്രോള്‍ തീപ്പെട്ടിക്കടുത്ത് വച്ച പോലെയാകും സര് കാര്യങ്ങള്‍.
കെഎസ്ആര്‍ടിസി സര്‍വ്വീസിനിടെ പാഴ്സലായി കുപ്പികള്‍ യാത്രചെയ്താല്‍ കുറ്റം പറയാന്‍ പറ്റുമോ? ആവശ്യക്കാര്‍ക്കായി ബസ് ജീവനക്കാര്‍ സേവനം തുടങ്ങിയാല്‍ അവരെ വിലക്കിയിട്ട് കാര്യമുണ്ടോ? നിര്‍ത്തിയിട്ട ബസുകളില്‍ ഇരുന്നു കുടിക്കാനുള്ള സൗകര്യം ഒരുക്കുന്നതു പോലെയാകും. അപ്പോള്‍ മദ്യവും ബാറും ഒരിടത്ത് എന്നാണോ മന്ത്രി ഉദ്ദേശിച്ചത്? അച്ചടക്കത്തില്‍ മുന്നിലുള്ള സ്ഥാപനമാണ് മദ്യശാലകള്‍ എങ്കിലും ഉള്ളിലെത്തുന്ന കള്ളിനെ ഇന്നും പേടിക്കുന്ന പാവങ്ങള്‍ നാട്ടിലുണ്ട്.
ശുചിമുറികളിലെ ഉള്‍പ്പെടെ വൃത്തിയില്ലായ്മയുടെ പേരില്‍ പണ്ടുതൊട്ടേ പരാതിയുള്ള കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍ അതില്‍ നിന്ന് പുറത്തു വരുന്നതേയുള്ളു. വാളും പരിചയുമായി മദ്യപര്‍ എത്തിയാല്‍ അതും ചീത്തപ്പേരാകുമെന്ന് ഓര്‍ക്കണം. അങ്ങനെ വന്നാല്‍ മേല്പറഞ്ഞ പാവപ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന യാത്രക്കാര്‍ സ്റ്റാന്‍ഡിന്റെ പരിസരത്ത് എത്തുമോ അതോ മറ്റുവഴികള്‍ കൂടുതല്‍ ആലോചിക്കുമോ എന്നും ചിന്തിക്കണം. സുരക്ഷ ഒരുക്കുമെന്ന് പറഞ്ഞാലും ഇതൊക്കെ നടപ്പാക്കിയാല്‍ സാധാരണക്കാര്‍ എങ്ങനെ ഏറ്റെടുക്കുമെന്നറിയാന്‍ പ്രശ്നം വയ്ക്കേണ്ട.
പൊതുസ്ഥലങ്ങളില്‍ മദ്യപിക്കരുതെന്നും ആല്‍ക്കഹോള്‍ ഇന്‍ജുറിയസ് ടു ഹെല്‍ത് എന്നും സിനിമയിലും പരസ്യത്തിലും ചുവരിലും എഴുതിപ്പിടിപ്പിച്ചിട്ട് കാര്യമില്ല സര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: