പി.എസ്. ഗോപകുമാര്‍
സംസ്ഥാന പ്രസിഡന്റ് ദേശീയ അദ്ധ്യാപക പരിഷത്ത്
ഭാരതം ലോകത്തിന് സംഭാവന ചെയ്ത അതുല്യ പ്രതിഭാശാലികളിലൊരാളാണ് ഡോ. രാധാകൃഷ്ണന്. ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ദീപ്തസ്മരണയെ മുന്‍നിര്‍ത്തി ഇന്ന് അദ്ധ്യാപകദിനം ആഘോഷിക്കുകയാണ്. പരിമിതമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നത വിദ്യാഭ്യാസം നേടിയ ആ ധൈഷണികന് ഭാരതത്തിന്റെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായി.
രാഷ്ട്രത്തിന്റെ ഭാവി തലമുറയെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസം പൂര്‍ണ്ണമായും സ്വതന്ത്രമായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സ്വാമിവിവേകാനന്ദന് ശേഷം ആര്ഷസംസ്കാരത്തേയും ഭാരതീയ ദര്‍ശനങ്ങളേയും ലോകത്തിന് മുന്നില്‍ അനാവരണം ചെയ്തത് ഡോ. രാധാകൃഷ്ണന്റെ മഹദ്പ്രവര്‍ത്തനങ്ങളാണ്.
അദ്ധ്യാപനകലയുടെ ആചാര്യനായിരുന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ച് അദ്ധ്യാപകദിനമായി ആചരിക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ ഭാവിതലമുറയെ വാര്‍ത്തെടുക്കുന്ന മഹനീയ ദൗത്യം നിര്‍വഹിക്കുന്ന അദ്ധ്യാപകരോടുള്ള സ്നേഹവും ആദരവുമാണ് പ്രകടമാകുന്നത്. ”മാതൃദേവോഭവഃ പിതൃദേവോഭവഃ ആചാര്യദേവോഭവഃ” എന്ന മന്ത്രത്തിലൂടെ അമ്മയ്ക്കും അച്ഛനും ഒപ്പം കണ്‍കണ്ട ദൈവമായാണ് ആചാര്യനേയും (അദ്ധ്യാപകന്) നമ്മുടെ പൂര്‍വികര്‍ കണ്ടിരുന്നത്. കൃഷ്ണയജുര്വേദത്തില്പെട്ട തൈത്തിരീയോപനിഷത്തിലെ ശിക്ഷാവല്ലിയില്പ്പെട്ട ഈ വാക്യത്തില്‍ നിന്നും പൗരാണികകാലം മുതല്‍ ഭാരതീയര്‍ ഗുരുക്കന്മാര്ക്ക് കല്പിച്ചിരുന്ന മഹത്വം മനസിലാക്കാവുന്നതാണ്.
അദ്ധ്യാപകര്‍ സമൂഹത്തിലെ ഉരകല്ലുകളാണെന്നാണ് പണ്ഡിതമതം. സമൂഹത്തിലെ ഗുണദോഷങ്ങള്‍ അദ്ധ്യാപകരേയും ബാധിക്കും. അദ്ധ്യാപകര്‍ മാത്രം ഏറെ മോശക്കാരോ വളരെ നല്ലവരോ ആകില്ലെന്ന് സാരം. സമീപകാല വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍ അദ്ധ്യാപകരുടെ ആത്മവിശ്വാസം ചോര്‍ത്തുവാനും ആത്മാഭിമാനത്തിന് ഇടിവ് വരുത്തുവാനും ചെറിയ അളവിലെങ്കിലും ഇടയായിട്ടുണ്ടെന്ന് പറയേണ്ടിവരും. ഡിപിഇപി പോലുള്ള വിദ്യാഭ്യാസ പരീക്ഷണങ്ങളില്‍ അദ്ധ്യാപകര്‍ ചിലയിടങ്ങളിലെങ്കിലും പരിഹാസപാത്രങ്ങളായിട്ടുണ്ട് എന്നത് നാം വിസ്മരിച്ചുകൂടാ. ചൂരല്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അദ്ധ്യാപകനെ വിലക്കി ബാലാവകാശം സംരക്ഷിക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമാണെങ്കിലും അദ്ധ്യാപകരുടെ ആത്മാര്‍ത്ഥതയ്ക്ക് കൂച്ചുവിലങ്ങിടുന്നത് ഭൂഷണമാണെന്ന് കരുതാന്‍ വയ്യ.
ഒരു കമ്പ്യൂട്ടറോ അല്ലെങ്കില്‍ ഒരു ലാപ്ടോപ്പോ അതുമല്ലെങ്കില്‍ ഒരു സമാര്‍ട്ട് ഫോണോ ഉണ്ടെങ്കില്‍ ഏതുകാര്യവും വിരല്തുമ്പിലറിയാമെന്നിരിക്കെ അദ്ധ്യാപകര്‍ അവശ്യഘടകമാണോ എന്ന ചിന്തയും ചിലരിലെങ്കിലും മുളപൊട്ടിയിട്ടുണ്ട്.
ചൈതന്യവത്തായ ആശയസംവാദത്തിന് അദ്ധ്യാപകര്‍ അനിവാര്യമാണെന്നിരിക്കെ ഇത്തരം ചിന്തകള്‍ അല്പായുസ്സാണെന്നറിയാം. കുട്ടികള്‍ക്ക് സൗജന്യവും സാര്‍വത്രികവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പ് നല്കുന്ന നമ്മുടെ രാജ്യത്ത് അദ്ധ്യാപകര്‍ക്ക് നല്കുന്ന ശമ്പളം അധികപ്പറ്റാണെന്ന വാദത്തിനും കഴമ്പില്ല.
സ്വാതന്ത്ര്യം ലഭിച്ച് ഏഴരപതിറ്റാണ്ട് പിന്നിടുമ്പോഴും വിദ്യാഭ്യാസം പോലൊരു പ്രധാനമേഖലയ്ക്ക് ചെലവിടുന്നത് മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) നാല് ശതമാനത്തില്‍ താഴെ മാത്രമാണ്.വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും അക്കാദമിക നിലവാരവര്ദ്ധനവിനും ഉള്‍പ്പെടെയാണിത്. ഈ കാര്യത്തില്‍ ലോകത്ത് 67-ാം സ്ഥാനത്താണ് ഭാരതമുള്ളത്. ഭൂട്ടാന്- 7.1%, ബ്രസീല്‍- 6%, യു.കെ. 5.5%, യു.എസ്.-5% എന്നിങ്ങനെയാണ് വിദ്യാഭ്യാസ മേഖലയിലുള്ള നിക്ഷേപം. വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് വിഹിതം ചെലവായല്ല; മറിച്ച് നിക്ഷേപമായാണ് കാണുന്നത്.
പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയതിലൂടെ വിദ്യാഭ്യാസമേഖലയ്ക്ക് ജിഡിപിയുടെ 6% നിക്ഷേപം വേണമെന്ന ചിരകാലമായുള്ള ആവശ്യത്തിനാണ് ആരാധ്യനായ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശിയിരിക്കുന്നത്. ഇത് വിദ്യാഭ്യാസ മേഖലയ്ക്കും അദ്ധ്യാപകസമൂഹത്തിനും പുത്തന്‍ പ്രതീക്ഷകള്‍ നല്കുന്നു. എങ്കിലും ഭാരതത്തിന്റെ വരുംകാല വിദ്യാഭ്യാസാവശ്യങ്ങള്‍ നേരിടുന്നതിന് 6% പോരെന്നും 10% വേണമെന്നുമുള്ള ആവശ്യം സര്‍ക്കാരിന്റെ മുന്നില്‍ വച്ചിട്ടുണ്ട്.
സമാജത്തോട് ഏറ്റവും പ്രതിബദ്ധതയുള്ളവരായിരിക്കണം അദ്ധ്യാപകസമൂഹം. കെട്ടിനില്‍ക്കുന്ന ജലാശയത്തിന് പകരം ഒഴുകുന്ന തെളിനീരരുവിയാകാന് ഓരോ അദ്ധ്യാപകനും കഴിയണം. കാലങ്ങളായി, ഉപയോഗിക്കാതെ സൂക്ഷിക്കുന്ന പിത്തള ഉപകരണങ്ങള്ക്ലാവ് പിടിച്ച് ഒളിമങ്ങാറുണ്ട്. അതുപോലെ, ശരിയായ രീതിയില്‍ അദ്ധ്യാപന അഭിരുചിയെ ഉപയോഗപ്പെടുത്താത്ത അദ്ധ്യാപകരുടെയും പ്രകാശം മങ്ങിപ്പോകാറുണ്ട്. ലോകത്ത് അനുനിമിഷം സംഭവിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രജ്ഞയെ രാകിമിനുക്കി ജാജ്വല്യമാനമായി തീരേണ്ടതുണ്ട്. എല്ലാ അദ്ധ്യാപക സഹോദരങ്ങള്‍ക്കും അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: