കോഴിക്കോട്: അന്തര്‍ സംസ്ഥാന ലഹരിമരുന്ന് മൊത്ത വിതരണക്കാരന് തമിഴ്നാട്ടില്‍ അറസ്റ്റില്‍. തമിഴ്നാട് ചെന്നൈ മുതലിപ്പെട്ട് സ്ട്രീറ്റില്‍ റംസാന് അലി (35) യെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശനും സംഘവും പിടികൂടിയത്.
കോഴിക്കോട്ട് എംഡിഎംഎ പിടികൂടിയ കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി തമിഴ്നാട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് റംസാന് അലിയെക്കുറിച്ച് വിവരം ലഭിച്ചത്. ഈ കേസിലെ രണ്ടാം പ്രതി അന്‍വര്‍ തസ്ലീമിനൊപ്പം ഇയാള്‍ കുവൈത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചെന്നൈയില്‍ ട്രിപ്പ്ളിക്കെയിന്‍ എന്ന സ്ഥലത്ത് നിന്നാണ് റംസാന് മയക്കു മരുന്ന് സംഘടിപ്പിക്കുന്നത്. കേസിലെ മറ്റൊരു കണ്ണിയായ തമിഴ്നാട് തിരുവാരൂര്‍ സ്വദേശിയായ വിനോദ് കുമാറിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പട്ടു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ പോലീസ് ഇയാള്‍ താമസിക്കുന്ന ചേരിയിലെ വീട് വളഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു.
പ്രദേശവാസികളുടെ സഹായത്തോടെ വിനോദ് പോലീസിനെ ആക്രമിച്ച് ജീപ്പ് കത്തിക്കാന്‍ ശ്രമിച്ചതായും അന്വേഷണസംഘം പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. മയക്കുമരുന്ന് സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്ശന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: