ലോസ് ആഞ്ചല്‍സിലെ കെ എച്ച് എന്‍ എ കണ്വന്ഷന് എല്ലാം കൊണ്ടും മികച്ചതായിരുന്നു. എത്തിയവരുടേയും സംഘാടകരുടേയും മുഖത്ത് ആഹഌദം മാത്രം. ആര്‍ക്കെങ്കിലും ലാസ് വെഗാസില്‍ പോകണമെന്നുണ്ടെങ്കില്‍ സൗകര്യം ഒരുക്കാം എന്ന സമാപനപ്രസംഗത്തിലെ പ്രസിഡണ്ട് രാംദാസ് പിള്ളയുടെ പ്രഖ്യാപനത്തോടു പ്രതികരിച്ചത് രണ്ടു ബസ്സില്‍ കൊള്ളാവുന്നത്ര ആളുകള്‍. കാലിഫോര്‍ണിയയില്‍നിന്ന് അരിസോണ സംസ്ഥാനവും പിന്നിട്ടുവേണം നെവാഡ സംസ്ഥാനത്തിലെ ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ലാസ് വെഗാസില്‍ എത്താന്‍. ലോകത്തിന്റെ വിനോദതലസ്ഥാനത്തിലേക്ക് ആടിയും പാടിയും തിമിര്‍ത്ത് 5 മണിക്കൂര്‍ ബസ്സ്യാത്ര. മലനിരകളും മുഭൂമിയും പിന്നിട്ട് ലാസ് വെഗാസില്എത്തിയപ്പോള് രാത്രി വൈകിയിരുന്നു. പക്ഷേ പകലിനെ തോല്‍പ്പിക്കുന്ന പ്രഭ. പകലുറങ്ങുന്ന നഗരം രാത്രിയില്‍ വര്‍ണ്ണവിളക്കുകളാലും ജനങ്ങളാലും നിറഞ്ഞിരിക്കുന്നു.ചൂതാട്ടവും വേശ്യാവൃത്തിയും നിയമപരമായി അനുവദിക്കുകയും അതിനു കരം ഈടാക്കുകയും ചെയ്യുന്ന അപൂര്വ്വനഗരത്തിലെ കാഴ്ചകള്‍ പലതും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട്.
നെവാഡ മരുഭൂമിയുടെ മദ്ധ്യത്തില്‍ റോഡും ഡാമും ഹോട്ടലുകളും പണിതുയര്‍ത്തി 1905ല്‍ സൃഷ്ടിച്ചതാണ് ഈ ഭോഗ നഗരം. മനുഷ്യന്റെ മായാവിലാസം. ശില്പ കലയും വാസ്തുശില്പവും കൈകോര്‍ത്ത് നില്ക്കുന്നു.
ആകാശത്തോളം ഉയര്‍ന്നു നില്ക്കുന്ന നൂറു കണക്കിനു ഹോട്ടലുകള്‍. എല്ലാം ഒന്നിനൊന്നു വലുപ്പമുള്ളവ. പല ഹോട്ടലുകളും ഓരോ രാജ്യത്തിന്റെ പ്രതീകങ്ങളായി നിര്‍മ്മിച്ചിരിക്കുന്നു. ഈഫല്‍ ഗോപുരം അതേ തരത്തില്‍ ഒരു ഹോട്ടലിന്റെ മുന്‍വശത്ത്. മറ്റൊരു ഹോട്ടലിന്റെ മുന്‍വശത്ത് ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി പ്രതിമ അതേ വലുപ്പത്തില്‍. വേറൊരു ഹോട്ടലില്‍ വെനീസിന്റെ മിനിപ്പതിപ്പ്. താജ്മഹലും കാണാം. ഹോട്ടലിന്റെ മുന്‍വശത്ത് നൃത്തമാടുന്ന മ്യൂസിക്കല്‍ ഫൗണ്ടന്.
ചൂതാട്ടകേന്ദ്രങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കു മാത്രമായുള്ള പ്രത്യേക കലാപരിപാടികള്‍ക്കും വിനോദസഞ്ചാരത്തിനും പ്രശസ്തമായ ലാസ് വെഗാസ് ഒരു മായാ നഗരമാണ്. സെക്സിന്റെ അതിപ്രസരം. സദാചാരം, മര്യാദ, അടക്കം, ഒതുക്കം ഈ പദങ്ങളെല്ലാം ആ നാടിന് അന്യം. വശ്യ സുന്ദരമായ ലാസ് വെഗാസിന് മറ്റൊരു പേരുണ്ട്. സിന് സിറ്റി; പാപ നഗരം.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും വര്‍ണ്ണങ്ങളും തീര്‍ത്ത മായിക ലോകത്തില്‍ എല്ലാവര്ക്കും അവനവനിഷ്ടപ്പെടുന്ന തരം ആകര്‍ഷണങ്ങളുണ്ട്. റോളര്‍ കോസ്റ്ററുകളും, മോഷന്‍ സിമുലേറ്ററുകളും സര്‍ക്കസും ബാലേകളും മുതല്‍ പ്രായമായവര്‍ക്കു മാത്രമുള്ള ഷോകള്‍ വരെ ഇവിടെ കിട്ടും. സുഖലോലുപത്വത്തിന്റെ വിളഭൂമി. ലൈവ് ഷോ ക്ലബ്ബുകള്‍ക്ക് കണക്കില്ല. ശ്ലീലവും അശ്ലീലവും തിരിച്ചറിയാന്‍ കഴിയാത്തിടത്ത് അശ്ലീല ചിത്രപ്രദര്‍ശനം ഒരു മഹാകാര്യമല്ലല്ലോ. ചില കടകളില്‍ സ്ത്രീയുടെയും പുരുഷന്റേയും, ഡമ്മികള്‍; ഉത്തേജക മരുന്നുകളും സി.ഡികളും നിരത്തി വച്ചിരിക്കുന്നു. ഓരോ ഹോട്ടലും ഇത്തരം വൈവിദ്ധ്യമാര്‍ന്ന കേളീരംഗമാണ്. ഓരോ ഹോട്ടലിലും അയ്യായിരത്തിലധികം മുറികളുണ്ട്. ഹോട്ടലുകള്‍ക്കകത്ത് ഡസന്‍ കണക്കിന് റസ്റ്റോറന്റുകള്‍, റെഡിമെയ്ഡ് ഷോപ്പുകള്‍ സ്റ്റേഷനറി കടകള്‍. എല്ലാവരുടേയും അഭിരുചിക്കനുസരിച്ചുള്ള ഇനങ്ങള്‍ ഒരു വീഥിക്കിരുവശവും ലഭ്യമാണെന്നതു തന്നെയാണ് ഈ നഗരത്തിന്റെ ആകര്‍ഷണവും.കീശനിറയെ കാശുമായി ഇറങ്ങി നടന്നാല്‍, ലോകത്തില്‍ കിട്ടാവുന്ന ഏതു സുഖവും പണം കൊടുത്തു വാങ്ങാമെന്ന് അഹങ്കരിക്കുന്ന മനുഷ്യരുടെ നഗരം.
പ്രണയിക്കുന്നവര്‍ക്കു ഒന്നു ചേരാനും ഒന്നു ചേര്‍ന്നവര്‍ക്കു മധുവിധു ആഘോഷിക്കാനും വഴിപിരിഞ്ഞവര്‍ക്കും ഏകാന്ത പഥികര്‍ക്കും എല്ലാം മറക്കാനും സ്വയം മറന്നിരിക്കുമ്പോള്‍ പുതിയ വഴികള്‍ കണ്ടെത്താനും എല്ലാം ഈ നഗരം വഴിയൊരുക്കുന്നു ഹോട്ടലുകളുടെ തറനിലചൂതാട്ടകേന്ദ്രമാണ്. ഉല്‍സവപ്പറമ്പു പോലെ നിറയെ ചൂതുകളി ശൃംഖല. ഓരോന്നിന്റേയും ചുറ്റും നിരവധി പേര്. യുവാക്കളും വൃദ്ധരും അല്പ വസ്ത്രധാരികളായി മുട്ടിയും ഉരുമ്മിയും അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. നാണം മറയ്ക്കാനെന്നോണം മാറത്തും അരയിലും റിബണ്‍ വീതിയുള്ള തുണി മാത്രം ചുറ്റിക്കെട്ടി നടക്കുന്ന പെണ്കൊടിമാര് ആളുകളെ മുട്ടിമാറ്റിക്കൊണ്ടാണ് വഴിയോരത്തൂടെ പോകുന്നത്. വഴിനീളെ നടന്നു കുടിക്കാനോ വഴിയോരങ്ങളില്‍ പരസ്പരം ആലിംഗനം ചെയ്യാനോ ആരെയും സുഖം പങ്കിടാന്‍ ക്ഷണിക്കാനോ ഒരു മടിയുമില്ല.
കള്ളുകുടിയും ചൂതുകളിയും നിശാക്ലബ്ബുകളും ലാസ് വെഗാസില്‍ സര്‍വ്വത്ര. പതിനായിരങ്ങള്‍ കൈ നിറയെ ഡോളറുമായി ലാസ് വെഗാസിലെത്തുന്നു. ജീവിതം ആസ്വദിക്കുന്നു. എല്ലാ ടാക്സിയുടെ മുകളിലും നൈറ്റ് ക്ലബ്ബുകളുടെ പരസ്യങ്ങളാണ്. തെരുവോരങ്ങളില്‍ പോസ്റ്റ് ബോക്സു പോലെയുള്ള പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലെല്ലാ നഗ്ന നൃത്തശാലകളുടെ പരസ്യവും വിവിധ പ്രായത്തിലും രൂപത്തിലും വേഷത്തിലുമുള്ള പെണ്‍കുട്ടികളുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുകളും. ഒന്നിനും വിലക്കില്ല നൂറുകണക്കിനു നഗ്നനൃത്തവേദികള് അവിടെയൊക്കെ സ്വതന്ത്രമായി ഇണകളെ തെരഞ്ഞെടുക്കുകയുമാവാം. എല്ലാത്തിനും പണം വേണം. സ്ത്രീകളുടെ നഗ്ന നൃത്തങ്ങള്‍ ഒരു ഭാഗത്ത്. മറ്റൊരു ഭാഗത്ത് സ്ത്രീകളെ ആകര്‍ഷിക്കാന്‍ അരോഗദൃഢഗാത്രരായ പുരുഷന്മാരുടെ നഗ്നനൃത്തം.
മാനസികമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിയെങ്കിലും ഉറക്കത്തിനു വിടനല്‍കി ഞങ്ങള്‍ കാഴ്ചയിലാണ്ടു. ഹൂസ്റ്റണിലെ ഗോപന് തന്ന 200 ഡോളര്‍ കളയാന്‍ എനിക്ക് ചൂതാട്ടകളങ്ങളില് രണ്ടു മണിക്കൂര്‍ ചെലവഴിക്കേണ്ടിവന്നു. സംഘത്തിലെ പലരേയും വെച്ചുനോക്കുമ്പോള്‍ വലിയനേട്ടം.10 15 മിനിറ്റുകൊണ്ട് 500ഉം 1000വും ഡോളര്‍ നഷ്ടപ്പെടുത്തിയവരാണ് അധികവും. ഗോപന് 5000 ഡോളര്‍ കിട്ടിയത് സംഘത്തിന്റെ നേട്ടമായി കരുതി പണംപോയവര്‍ ആശ്വസിച്ചു.
അമേരിക്ക കാഴ്ചക്കപ്പുറം
01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍
02-അവിചാരിതമായി അമേരിക്കയിലേക്ക്
04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന് ക്ഷേത്രം
06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: