കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മുഖ്യകണ്ണികളില്‍ ഒരാള്‍ കൂടി പിടിയില്‍. കേസില്‍ നിര്‍ണായക വഴിത്തിരിവുകളുണ്ടാകുമെന്ന് പ്രതീക്ഷ. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. മലപ്പുറം കോട്ടക്കല്‍ സ്വദേശി പുന്നക്കോട്ടില്‍ മുഹമ്മദ്‌സലിമാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കൊരട്ടി കേസില്‍ പ്രതിചേര്‍ത്തു. കോഴിക്കോട് കേസിലും പ്രതിയാക്കും. കോഴിക്കോട് സി ബ്രാഞ്ച് അസി. കമ്മീഷണര്‍ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ് .
കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് മുഹമ്മദ് സലിം. തെലങ്കാനയില്‍ കള്ളനോട്ടു കേസിലും പ്രതിയാണ്. സലിമിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ചതിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളാണ് സലീം.
കോഴിക്കോട് കേസില്‍ ഒളിവില്‍ കഴിയുന്ന ഷബീര്‍, ഹൈദരാബാദില്‍ അറസ്റ്റിലായ റസാല്‍ എന്നിവരുമായി ചേര്‍ന്നാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ചതും ഹവാല ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയതും.
ഇന്തോനേഷ്യയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്. നേരത്തെ കോഴിക്കോട് സിബ്രാഞ്ചിന്റെ പിടിയിലായ മലപ്പുറം സ്വദേശി ഇബ്രാഹിമില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. കോഴിക്കോട് കേസില്‍ മൂന്ന് പ്രതികളെയാണ് പിടി കൂടാനുള്ളത്. രണ്ട് മാസത്തോളമായി ഇവര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക