കാബൂള്‍ : അഫ്ഗാനിസ്ഥാന് ഭരണം ഏറ്റെടുത്തതിന് രണ്ടാഴ്ചയ്ക്ക് ശേഷം സര്‍ക്കാരിനെ പ്രഖ്യാപിക്കാനൊരുങ്ങി താലിബാന്. വെള്ളിയാഴ്ചത്ത പ്രാര്‍ത്ഥനയ്ക്ക് ശേഷം സര്‍ക്കാരിനെ പ്രഖ്യാപിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താലിബാന് സ്ഥാപകരില്‍ ഒരാളായ മുല്ല ബരാദര്‍ അഫ്ഗാനിസ്ഥാനെ നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുല്ല ഹിബതുള്ള അഖുന്ദ്സാദയുടെ പേരും ഇതിലേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇത് കൂടാതെ മരണംവരെ ആഗോള ഭീകരവാദ പട്ടികയില്‍ ഉണ്ടായിരുന്ന താലിബാന് സ്ഥാപക നേതാവ് മുല്ല മുഹമ്മദ് ഒമറിന്റെ മകന് മുല്ല മുഹമ്മദ് യാക്കൂബ്, മൂന് ഐഎംഎ വിദ്യാര്‍ത്ഥി ശേര് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി എന്നിവരും താലിബാന് ഭരണകൂടതത്തിന്റെ ഉന്നത പദവി വഹിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹിബത്തുള്ള അഖുന്ദ്സാദ ആയിരിക്കും സൈന്യത്തിനും സര്‍ക്കാരിനും മേല്‍ അധികാരമുള്ള ആത്മീയ നേതാവെന്നും പറയുന്നുണ്ട്.
അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം കയ്യാളുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്ന പേരുകളിലൊന്നായിരുന്നു മുല്ല ബരാദര്‍. മുഴുവന്‍ പേര് മുല്ല അബ്ദുല്‍ ഗനി ബറാദര്‍ അഖുന്ദ്. മുല്ല എന്നത് താലിബാന്‍കാര്‍ ബഹുമാനപൂര്‍വം വിളിക്കുന്ന പേരാണ്. അഫ്ഗാന് താലിബാന് സഹസ്ഥാപകനാണ്. ബരാദര്‍ എന്നാല്‍ സഹോദരന്. അഫ്ഗാനിലെ ഉറുഘാന്‍ പ്രവിശ്യയില്‍ 1968ല്‍ ജനിച്ചു. 1980കളില്‍ സോവിയറ്റ് യൂണിയനെതിരേ പോരാടിയ അഫ്ഗാന് മുജാഹിദ്ദീന്‍ അണികളിലൊരാള്‍. സോവിയറ്റ് സൈന്യം നാടുവിട്ടശേഷം കണ്ഡഹാറില് മുഹമ്മദ് ഉമറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
അതിനിടെ അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന സഹായം വാഗാദാനം ചെയ്തിട്ടുണ്ട്. താലിബാന് സര്‍ക്കാരുമായി പൂര്‍ണ്ണ സഹകരണത്തിന് തെയ്യാറാണെന്നും അഫ്ഗാന് പുനര്‍നിര്‍മാണത്തിന് സഹായിക്കുമെന്ന് ചൈന താലിബാനെ അറിയിച്ചിട്ടുണ്ട്. ചൈനയുമായുള്ള സഹകരണത്തിലൂടെ അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നാണ് താലിബാന്റെ പ്രതീക്ഷ.
ഓഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാന് ഭരണം താലിബാന് കയ്യേറിയത്. അതിനെ തുടര്‍ന്ന് 31ന് യുഎസ് സൈന്യം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറി. പിന്നാലെ താലിബാന് വിവിധ രാജ്യങ്ങളിലെ ഉന്നത പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നും നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ഇന്ത്യയോടും ദോയില്‍ വെച്ച് ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മന്‍ അംബാസ്സിഡറുമായും താലിബാന് നേതാവ് അബ്ബാസ് സ്റ്റാനെക്സായി കൂടിക്കാഴ്ച നടത്തി. മാനുഷിക പരിഗണന അഫ്ഗാനിസ്ഥാന് നല്കി സഹകരണം പുനസ്ഥാപിക്കണം.. കാബൂള്‍ വിമാനത്താവളം തുറന്ന് പ്രവര്ത്തിപ്പിക്കുന്നതിനോട് സഹകരിക്കണമെന്നും ജര്‍മ്മന്‍ പ്രതിനിധിയോട് താലിബാന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: