തിരുവനന്തപുരം: ആറ്റിങ്ങല്‍ അവനവഞ്ചേരിയിൽ വഴിയോരത്ത് കച്ചവടം നടത്തിയ സ്ത്രീയുടെ മീന്‍ മുഴുവന്‍ നഗരസഭ അധികൃതര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുബാറക് ഇസ്‌മായില്‍, ശുചീകരണ തൊഴിലാളി ഷിബു എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ജീവനക്കാരെ അകാരണമായി പുറത്താക്കിയെന്നാരോപിച്ച് കെ.എം.സി.എസ്.യു, കെ.എം.സി.ഡബ്ല്യൂ.എഫ് എന്നീ ജീവനക്കാരുടെ സംഘടനകള്‍ സമരം ആരംഭിച്ചിരുന്നു.
സമരം ശക്തമായ സാഹചര്യത്തില്‍ കഴിഞ്ഞ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്‌തതിന് പിന്നാലെയാണ് തീരുമാനം. സംഭവത്തില്‍ സംയമനപരമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ വിധേയമായാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്‌തത്. സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ സമരം അവസാനിച്ചു. വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും ജാഗ്രതക്കുറവുണ്ടായെന്നാണ് നഗരസഭയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കെതിരെ നടപടി എടുത്തത്.
ഈ മാസം ഒന്നാം തീയതിയാണ് അല്‍ഫോണ്‍സിയയുടെ മീന്‍ കൂട്ട തട്ടിത്തെറിപ്പിച്ചത്. അനധികൃതമായി റോഡില്‍ മത്സ്യക്കച്ചവടം നടത്തി എന്നാരോപിച്ചാണ് നഗരസഭാ ജീവനക്കാര്‍ അതിക്രമം കാട്ടിയത്. പതിനാറായിരം രൂപയുടെ മത്സ്യമാണ് നശിപ്പിച്ചത്. കടം വാങ്ങിയാണ് മത്സ്യം വാങ്ങി വില്പനയ്‌ക്ക് എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൊക്കെ വലിയ ചര്‍ച്ചയായിരുന്നു.
സംഭവം വിവാദമായതോടെ നഗരസഭ രണ്ടംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. സമിതി ആരോപണ വിധേയരായ ജീവനക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തത്. താക്കീത് നല്‍കിയിട്ടും അത് അവഗണിച്ച് അല്‍ഫോന്‍സ വിൽപ്പന നടത്തുക ആയിരുന്നെന്നാണ് നഗരസഭ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: