വടകര: പൊരിവെയിലില്‍ കാറില്‍ അകപ്പെട്ട നായക്കുട്ടിക്ക് രക്ഷകയായി പതിനൊന്നുകാരി. ചീനം വീട് യുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി പുതുപ്പണം ഊളംപറമ്പത്ത് കണ്ണന്സിലെ അനീഷിന്റെയും ലിസിയുടെയും ഇളയമകള്‍ ശിവദയാണ് സഹജീവി സ്നേഹത്തിന്റെ മാതൃകയായത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശിവദ അമ്മക്കും സഹോദരി ശ്രീലക്ഷ്മിക്കുമൊപ്പം വടകര കേരള ക്വയര്‍ തിയേറ്റര്‍ റോഡിലെ സ്ഥാപനത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. നായക്കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില് കേട്ടതോടെ അന്വേഷണമായി. സമീപത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ തളര്‍ന്ന നായക്കുട്ടിയെ കണ്ടതോടെ വ്യാപാരികളോടും യാത്രക്കാരോടും സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ പുറത്തെടുത്ത് വെള്ളവും ഭക്ഷണവും നല്കി പരിചരിച്ചു. വടകര പോലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്തു. ഭക്ഷണം വാങ്ങാനെത്തിയ ഉടമസ്ഥന് കടയിലെ തിരക്ക് കാരണം മുക്കാല്‍ മണിക്കൂറോളം വെകിയതാണ് നായക്കുട്ടിയെ വലച്ചത്.
കരിമ്പന പാലത്ത് മാസങ്ങള്‍ക്ക് മുമ്പ് വാഹനമിടിച്ചു പരിക്കേറ്റ നായയെ ആശുപത്രിയില്‍ എത്തിക്കാന്‍ നേതൃത്വം നല്കിയതും ശിവദ ആയിരുന്നു. വലുതായാല്‍ മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ് സംരക്ഷിക്കാനുള്ള സന്നദ്ധ പ്രവര്‍ത്തകയാകാനാണ് ഈ മിടുക്കിയുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: