കൊച്ചി: ഭൂട്ടാന് മുന്നേറ്റതാരം ചെഞ്ചൊ ഗ്യെല്‍ഷന്‍ ഐഎസ്എല്‍ എട്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കായി കളിക്കും. റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിയില്‍ നിന്നാണ് ചെഞ്ചൊ എത്തുന്നത്.
പ്രൈമറി സ്കൂള്‍ കാലഘട്ടം മുതല്‍ പന്ത് തട്ടാന്‍ തുടങ്ങിയ ഈ ഇരുപത്തഞ്ചുകാരന്റെ ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത് 2008ലാണ്. യീദ്സിന്‍ എഫ്സിയിലൂടെ നാല് വര്‍ഷം ഭൂട്ടാന് ദേശീയ ലീഗില്‍ കളിച്ചു. 2014ല്‍ ഡ്രക്ക് യുണൈറ്റഡില്‍ ചേര്‍ന്നു. ടീമിന്റെ ക്യാപ്റ്റനുമായി. തിമ്പു ലീഗില്‍ കളിച്ചു. 2014ലെ കിങ്സ് കപ്പിലും ഇറങ്ങി. ഒരു വര്‍ഷത്തിനുശേഷം തിമ്പുവില്‍ കളിച്ച് ആ സീസണിലെ ടോപ് സ്കോററുമായി. 2015ല്‍ ബുറിറാം യുണൈറ്റഡ് എഫ്സിയില്‍ ചേര്‍ന്നു. തുടര്‍ന്ന് തായ് ക്ലബ്ബ് സുറിന് സിറ്റി എഫ്സിയില്‍ വായ്പാടിസ്ഥാനത്തില്‍ എത്തി. അന്താരാഷ്ട്ര ക്ലബ്ബ് ഫുട്ബോളില്‍ കളിക്കുന്ന ആദ്യ ഭൂട്ടാന് താരവുമായി. 2016ല്‍ നൊന്താബുറി എഫ്സി, സതുണ്‍ യുണൈറ്റഡ് എഫ്സി ക്ലബ്ബുകള്‍ക്കായി കളിച്ചു. പിന്നാലെ തിമ്പുവിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
2016ല്‍തന്നെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചിറ്റഗോങ് അബഹാനിയില്‍ എത്തി. ഏഴ് കളിയില്‍ അഞ്ച് ഗോളടിച്ചു. ശേഷം തിമ്പു സിറ്റി എഫ്സിയില്‍ ഇടംനേടി. 2017ല്‍ ഐ ലീഗ് ക്ലബ്ബ് മിനര്‍വ പഞ്ചാബില്‍ ചേര്‍ന്നു. ഒരു വര്‍ഷത്തിനുശേഷം ഐഎസ്എല്‍ ക്ലബ്ബ് ബംഗളരൂ എഫ്സിയിലെത്തി. 2019ല്‍ നെറോക്ക എഫ്സിക്കായി വായ്പാടിസ്ഥാനത്തില്‍ കളിച്ചു. ഭൂട്ടാനിലേക്ക് തിരിച്ചെത്തിയ ഗ്യില്‍ഷെന്‍ സ്വന്തം നാട്ടിലെ ക്ലബ്ബായ പറോ എഫ്സിക്കായി കളിച്ചു. കഴിഞ്ഞ സീസണില്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്സിക്കായി ഇറങ്ങി.
ചെഞ്ചൊ എന്ന കളിക്കാരന് ഇന്ത്യന്‍ സാഹചര്യത്തോട് പുതുതായി ഇണങ്ങേണ്ടി വരില്ല. കരിയറിലെ കൂടുതല്‍ കാലവും ഇവിടെയായിരുന്നു. ഐഎസ്എലില്‍ തിരികെ എത്താനുള്ള അവസരത്തില്‍ ചെഞ്ചൊ അത്യന്തം സന്തോഷവനാണ്. ബ്ലാസ്റ്റേഴ്സ് കുടുംബത്തില്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ടിങ് ഡയറക്ടറായ കരോളിസ് സ്കിന്‍കിസ് പറഞ്ഞു. ഫുട്ബോള്‍ എല്ലാ തരത്തിലും ആരാധകരുടേതാണ്. കേരളയ്ക്ക് മികച്ച ആരാധക സംഘമുണ്ട്. ഈ ടീമിന്റെ ഭാഗമായതില്‍ അതിയായ സന്തോഷമെന്നും ചെഞ്ചൊ പറഞ്ഞു. ഈ സീസണില്‍ ക്ലബ് കരാറാക്കിയ അഞ്ചാമത്തെ വിദേശ താരമാണ് ചെഞ്ചൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: