ന്യൂദല്‍ഹി : കാബൂളിലെ ഇന്ത്യന്‍ എംബസ്സി തുറക്കണമെന്ന് ഇന്ത്യയ്ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി താലിബാന്. അഫ്ഗാനിസ്ഥാനിലെ ഭരണ മാറ്റത്തിന് പിന്നാലെ നാല് കോണ്‍സുലേറ്റുകളുടേയും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയും ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഫ്ഗാനില്‍ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും താലിബാന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം 17നാണ് കാബൂളിലെ ഇന്ത്യന്‍ എംബസ്സി അടച്ചുപൂട്ടി ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചത്. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി ഇന്ത്യ അറിയിച്ചിട്ടില്ല. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിന് പിന്നാലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി താലിബാന് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ദോഹയില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യന്‍ എംബസ്സി തുറന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കണമെന്ന് താലിബാന് അറിയിച്ചത്.
അഫ്ഗാനിസ്ഥാനിലെ റോഡ് നിര്‍മാണത്തില്‍ ഇന്ത്യയ്ക്ക് പങ്കാളിത്തമുണ്ട്. ഇതിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്ഗാന് സല്‍മ ഡാമും പാര്‍ലമെന്റും നിര്‍മിച്ചതും ഇന്ത്യയാണ്. ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചാല്‍ എല്ലാ സുരക്ഷയും ഉറപ്പാക്കും. ഇതുവരെയുള്ള സഹകരണം ഇനിയും തുടരണമെന്നും താലിബാന് ഇന്ത്യയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താലിബാന് നിര്‍ദ്ദേശത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
അതിനിടെ അഫ്ഗാനിസ്ഥാനില്‍ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ അടക്കമുള്ള 25 ഇന്ത്യക്കാര്‍ തിരികെ വരാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. രാജ്യത്തെ 43 വിമാനത്താവളങ്ങള്‍ക്കും തന്ത്ര പ്രധാന സ്ഥലങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദ്ദേശം നല്കി. അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ താലിബാന് ഭരണം ഏറ്റെടുത്തതിന് പിന്നാലെ ജയില്‍ തകര്‍ത്ത് മോചിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: