കൊച്ചി: പതിറ്റാണ്ടുകളോളം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവരെ ഒറ്റയടിക്ക് ഇല്ലായ്മ ചെയ്ത് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ എന്‍സിപിയെ കോണ്‍ഗ്രസില്‍ നിന്ന് കാലുമാറിയെത്തിയവരുടെ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ സിപിഎമ്മിനും അതൃപ്തി. നിലവില്‍ ചാക്കോക്കെതിരെ കലാപസമാന സാഹചര്യമാണ് എന്സിപിയിലുള്ളതെന്നാണ് സിപിഎം നിഗമനം. ദേശീയ തലത്തില്‍ എന്‍സിപി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചപ്പോഴും കേരള ഘടകം എക്കാലവും ഇടത് മുന്നണിക്കൊപ്പമാണ് നിലകൊണ്ടത്. മുന്നണിയുടെ കെട്ടുറപ്പിനായി തെരഞ്ഞെടുപ്പു രംഗത്തും പലപ്പോഴും വിട്ടു വീഴ്ച ചെയ്ത ചരിത്രമാണ് പാര്‍ട്ടിക്കുള്ളതും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രമാണ് എന്‍സിപിയില്‍ കലാപക്കൊടി ഉയര്‍ന്നത്. പാലാ സീറ്റിനെചൊല്ലി മാണി സി. കാപ്പന് ഇടഞ്ഞപ്പോള്‍ പാര്‍ട്ടിയെ ഏറെക്കുറെ ഒറ്റക്കെട്ടായി ഇടത് മുന്നണിക്കൊപ്പം നിര്‍ത്താന്‍ മന്ത്രിയായ എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളാണ് സഹായിച്ചത്. ഇത്തരത്തില്‍ ഇടതുമുന്നണിയില്‍ സുശക്ത പങ്കാളികളായി തെരഞ്ഞെടുപ്പിനെ നേരിടാനായി പാര്‍ട്ടി ഒരുങ്ങുമ്പോഴാണ് കോണ്‍ഗ്രസില്‍ ആര്‍ക്കും വേണ്ടാതായ പി.സി ചാക്കോ കാലുമാറി എത്തുന്നത്. സംസ്ഥാന നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ പോലും ഒപ്പം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് പരമാവധി അവസരം പാര്‍ട്ടി ചാക്കോക്ക് നല്കി. നിരവധി കോണ്‍ഗ്രസുകാര്‍ തനിക്ക് പിന്നാലെ എത്തുമെന്നായിരുന്നു ചാക്കോയുടെ വീമ്പുപറച്ചില്‍. സിപിഎം നേതൃത്വത്തിന് ചാക്കോ നല്കിയ ഉറപ്പും ഇതായിരുന്നു. എന്നാല്‍ ഒന്നും ഉണ്ടായില്ല.
ഇതോടെ ചാക്കോക്ക് നല്കി വന്ന പരിഗണന സിപിഎം കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോയുടെ ഏകാധിപത്യ നടപടികള്‍ എന്‍സിപിയില്‍ ഉണ്ടാക്കുന്ന അസ്വാരസ്യങ്ങളും സിപിഎം ഗൗരവമായെടുക്കുന്നത്. എന്‍സിപിയിലെ ഭാരവാഹി നിയമനങ്ങള്‍ അവരുടെ ആഭ്യന്തര കാര്യമാണെങ്കിലും ഘടകകക്ഷി എന്ന നിലയില്‍ പ്രശ്നങ്ങള്‍ പരസ്യ പ്രതിഷേധങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും നീങ്ങുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് അടക്കമുള്ളതെന്നാണ് സൂചന. ചാക്കോ അടുപ്പക്കാരായ രണ്ടുപേരെ വനം മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതും ഭരണം പുറത്തുനിന്ന് നിയന്ത്രിക്കാന്‍ നടത്തിയ നീക്കങ്ങളിലും മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണന് അടക്കം മുതിര്‍ന്ന നേതാക്കള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. അതേസമയം, ചാക്കോയുടെ നീക്കങ്ങളില്‍ എന്‍സിപിയില്‍ അമര്‍ഷം പുകയുകയാണ്. കാലുമാറി എത്തുന്നവര്‍ക്ക് തൊട്ടടുത്തദിവസം സുപ്രധാന പദവി നല്കുന്ന രീതി വര്‍ഷങ്ങളായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ചാക്കോക്കും ഇത്തരത്തിലാണ് സംസ്ഥാന അധ്യക്ഷ പദവി ലഭിച്ചത്. നേരത്തെ അകന്ന് നിന്നിരുന്ന ശശീന്ദ്രന് വിഭാഗവും ടി.പി. പീതാംബരന് വിഭാഗവും ഒറ്റക്കെട്ടായി ചാക്കോക്ക് എതിരെ രംഗത്ത് വരുമെന്നാണ് സൂചന.
പാര്‍ട്ടിക്ക് അനുവദിക്കുന്ന സ്ഥാനമാനങ്ങള്‍ കാലുമാറിയെത്തിയവര്‍ക്ക് മാത്രമായി നല്‍കുമോ എന്ന ആശങ്കയും പഴയ എന്‍സിപിക്കാര്‍ക്ക് ഉണ്ട്. കൊവിഡിന്റെ പേരില്‍ പാര്‍ട്ടി പരിപാടികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിയത് തനിക്കെതിരെ ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങള്‍ ഒഴിവാക്കാനാണെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: