ലിബറല്‍, നിയോലിബറല്‍. എന്നീ പദങ്ങള്‍ മനുഷ്യസമൂഹത്തിനെതിരായ എന്തോ ആണെന്നാണ് കേരളത്തിലെ ചിലരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ലിബറലിസം എന്നെ അവര്‍ പറയൂ, അതിന്റെ മലയാള പരിഭാഷയായ ഉദാരവത്ക്കരണം, തുറന്ന, പുതിയ ചിന്താഗതിയെന്നോ ഒരിക്കലും പറയാതെ നോക്കുക എന്നതാണ് ലിബറലിസം, പ്രൈവറ്റൈസേഷന്‍, ഗ്ലോബലൈസേഷന് എന്ന മൂന്ന് ഭരണനയത്തെ എതിര്‍ക്കുന്നവരുടെ ആദ്യ നയം.
ലോകരാജ്യങ്ങളില്‍ ഉദാരവത്ക്കരണവും സ്വകാര്യവത്കരണവും നീതിയുക്തവും അഴിമതിരഹിതവുമായി നടപ്പിലാക്കിയ പല രാജ്യങ്ങളിലും ദാരിദ്ര്യവും പട്ടിണിയും വഴിമാറിയിട്ടുണ്ട് എന്നത് നമ്മള് മറക്കരുത്. പ്രമുഖ വികസിത രാജ്യങ്ങളായ കൊറിയ, സിങ്കപ്പൂര്‍, തായ്വാന്, എന്തിന് ചൈനവരെ ഉദാരവത്ക്കരണവും ആഗോളവത്ക്കരണവും നടപ്പിലാക്കിയതിനു ശേഷമാണല്ലോ ദരിദ്ര്യനിര്മാര്ജനം അതിവേഗത്തിലാക്കുവാന്‍ അവര്‍ക്ക് പറ്റിയത്. എന്നാല്‍ ഇവയ്ക്കെതിരെ മുഖംതിരിച്ച ക്യൂബയും, വടക്കന്‍ കൊറിയയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന്റെ സാര്‍വത്രിക വികസനത്തിന്റെ കാര്യത്തില്‍ എവിടെ നില്കുന്നു എന്നത് ആര്‍ക്കാണറിയാത്തത്? എന്തിന് തൊഴില്‍ അവകാശങ്ങള്‍ കുറവെങ്കില്പോലും ഈ ‘നിയോലിബറല്‍’ രാജ്യങ്ങളിലേക്കാണല്ലോ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഏറെയുള്ള കേരളത്തില്‍നിന്നുപോലും തൊഴിലാളികള്‍ തൊഴില്‍ അന്വേഷിച്ചുപോകുന്നത്. അതിനെന്തായിരിക്കും കാരണം?
ഇനി ഇന്ത്യയുടെ കാര്യമെടുത്തലും 1990കളിലെ സാമ്പത്തികവളര്‍ച്ചയില്ല എന്ന വാദമുന്നയിക്കുന്ന ഡോ: തോമസ്ഐസക് എന്തുകൊണ്ടോ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് 91ല്‍ അരിക്ക് താങ്ങുവില നല്‍കിയത് കിലോക്ക് 2.30 രൂപയാണെന്നതും ഇന്നത് പത്തിരട്ടി കൂടി ഏതാണ്ട് കിലോക്ക് 20 രൂപയായി എന്നതും ഇതിന്റെ ഗുണം സാധാരണ കര്‍ഷകര്‍ക്ക് ആണെന്നതും എന്തുകൊണ്ട് മറന്നുപോയി? മാത്രവുമല്ല സംഭരിച്ചത് 72 ലക്ഷം മെട്രിക് ടണ്‍ എന്നത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 11% കൂടുതലാണെന്നും, ഇവയൊക്കെ സര്‍ക്കാരിന്റെ ഉദാരവത്ക്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ഭാഗമായുള്ള സാമ്പത്തിക വളര്‍ച്ചയുടെയും സുസ്ഥിരതയുടെയും നേട്ടങ്ങളാണെന്നും മറക്കരുത്. അതുകൊണ്ടുകൂടിയാണല്ലോ ഈ മഹാമാരിക്കാലത്തും വലിയ പട്ടിണികൂടാതെ ജനങ്ങള്‍ പിടിച്ചുനിന്നത്. ഇത് അരിയുടെ കാര്യത്തില്‍ മാത്രമല്ല, ഗോതമ്പും പാലും പഞ്ചസാരയും പയര്‍വര്‍ഗ്ഗങ്ങളുടെയും കാര്യത്തില്‍ ഇതുതന്നെയല്ലേ സംഭവിച്ചത്?. അപ്പോള്‍ അടിസ്ഥാന വര്‍ഗ്ഗമായ കര്‍ഷകര്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയുടെ, ഉദാരവത്ക്കരണത്തിന്റെ, സ്വകാര്യവത്കരണത്തിന്റെ ഗുണം കിട്ടുകതന്നെ ചെയ്തു.
സാമ്പത്തിക വളര്‍ച്ചയുടെ വര്‍ത്തമാനകാലത്തെ ആര്‍ക്കാണിത്ര ഭയം? ഈ മഹാമാരിയുടെ കാലത്ത്, അവസാനപാദത്തിലും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 20% ഉയര്‍ന്നു എന്നത് എന്തുകൊണ്ടായിരിക്കും ചില ‘ശാസ്ത്രജ്ഞരെ’ മാത്രം സന്തോഷവാന്മാരാക്കാത്തത്? ആധുനികകാലത്ത് ഇ അതിശീഘ്ര വളര്ച്ചയെയല്ലേ ‘ഹിന്ദു വളര്‍ച്ചാനിരക്ക്’ എന്ന് അഭിമാനപൂര്‍വം വിളിക്കേണ്ടത്? ഈ വളര്‍ച്ച സൂചിപ്പിക്കുന്നത് അടച്ചിട്ട കാലത്തെ മരവിപ്പ് മാറിയെന്നും, രാജ്യത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലാണെന്നും, അത് മറ്റു രാജ്യങ്ങളെക്കാള്‍ അതിദൂരം മുന്നിലാണെന്നുമല്ലേ? ഉത്പാദനം വര്‍ധിക്കുന്നു എങ്കില്‍ വിപണി സജീവമെന്നും, ജനങ്ങള്‍ക്ക് ക്രയവിക്രയശേഷിയുണ്ടെന്നുമല്ലേ? അതിന്റെ മറ്റൊരര്‍ത്ഥം ഭൂരിഭാഗം വരുന്ന കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും, പാവപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കും തൊഴിലുണ്ടെന്നുകൂടിയല്ലേ? അല്ലാതെ അംബാനിയും അദാനിയും, ടാറ്റയും ഉത്പാദിപ്പിച്ചു അവര്‍തന്നെ വാങ്ങുന്നു എന്നതാവാന്‍ തരമില്ലല്ലോ? അതിന്റെ മറ്റൊരര്‍ത്ഥം ഭരണാധികാരികള്‍ നടപ്പിലാക്കിയ നയങ്ങള്‍ വിജയിച്ചു എന്നല്ലേ? ഇന്ത്യയിലും, ഒട്ടുമിക്ക വിദേശരാജ്യത്തും വിജയിച്ച സാമ്പത്തിക നയത്തെ മാറ്റിവെക്കുക. പകരം ലോകം മുഴുവന്‍, നടപ്പിലാക്കിയ രാജ്യങ്ങളിലെല്ലാം പരാജയപ്പെട്ട സാമ്പത്തികനയം ഇന്ത്യയില്‍ പ്രയോഗിക്കുക എന്നുപറയുന്നവര്‍ എന്തായാലും ഇന്ത്യയുടെ സുഹൃത്തുക്കളാവില്ല. അല്ലെങ്കില്‍ അവര്‍ക്കെന്തോ മാനസിക തകരാറുണ്ട് എന്നുവേണം മനസ്സിലാക്കാന്‍.
തൊഴില്‍ മുരടിപ്പിന്റെ തോതറിയാന്‍, പരമ്പരാഗത തൊഴില്‍ അവസരങ്ങളുടെ കണക്കെടുപ്പ് മാത്രം പോരാ എന്ന വാദമുഖവും ഉണ്ട്. നൂതനമായ ശാസ്ത്ര-വിജ്ഞാന-വാര്‍ത്താവിനിമയ സംരംഭങ്ങള്‍, കോണ്‍ട്രാക്ട് ലേബര്‍ സംവിധാനം തുടങ്ങിയ അനവധി നൂതന വരുമാനമാര്‍ഗ്ഗങ്ങള്‍ ഇന്നും സര്‍ക്കാര്‍ കണക്കെടുപ്പില്‍ വരുന്നില്ല. എന്നാല്‍ സംഘടിത തൊഴിലാളികളുടെ ശമ്പളത്തില്‍ 1991ല്‍ ഒരു പ്യൂണിന്റെ ശമ്പളം 750 രൂപയായിരുന്നത് ഇന്ന് ഏതു മൂരാച്ചി മുതലാളിയുടെ കീഴിലും 15000 താഴെ ആകാന്‍ തരമില്ലല്ലോ. ശമ്പളം ഏതാണ്ട് ഇരുപതിരട്ടി വര്‍ധിച്ചപ്പോള്‍ ഭക്ഷണസാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍ മുതല്‍ കാറുകള്‍ വരെ (ഫ്രിഡ്ജിന് 6000 എന്നത് 10000 ആയും ഏറ്റവും വിലകുറഞ്ഞ മാരുതി കാറിന് ഏതാണ്ട് ഒന്നര ലക്ഷം എന്നത് മൂന്നരലക്ഷം വരെ മാത്രമാണ് ആയത് എന്നതും കാണണം) വില വര്‍ധന നാമമാത്രമായി എന്നത് ഒരു ദുസ്സൂചനയായി കാണണമോ?.
സ്വത്ത് എന്നത് ആധുനികകാലത്ത് ആരോഗ്യം കൂടിയാണ്. മോദി സര്‍ക്കാര്‍ 2016-17ല്‍ 37671 കോടിയില്‍ നിന്ന് ഏതാണ്ട് ഇരട്ടിയാക്കി ആരോഗ്യ മേഖലക്കുള്ള വകയിരുത്തല്‍ എന്നത് ശുഭകരല്ലേ? വീട് സ്വത്തല്ലേ (പിഎം ആവാസ് യോജന നല്ലതല്ലേ? വകയിരുത്തിയത് 8000 കോടി) എല്ലാ ഗ്രാമങ്ങളിലും എന്നതുകഴിഞ്ഞു ഇനി എല്ലാ വീട്ടിലും വൈദ്യുതി(സൗഭാഗ്യാ പദ്ധതിക്ക് വകയിരുത്തിയത് 3 ലക്ഷം കോടി) യും, എല്ലാ വീട്ടിലും പൈപ്പിലൂടെ കുടിവെള്ളം (ജല്‍ ജീവന് മിഷന്- വകയിരുത്തിയത് 50,000 കോടി) ഇവയൊന്നും ജനങ്ങള്‍ക്ക് വേണ്ടേ? ഇവയെല്ലാം ഒരു കണക്കിന് സ്വത്ത് തന്നെയല്ലേ? പിന്നെ ആളോഹരി വരുമാനമെടുത്താലും 1991ലെ 583 രൂപയെന്നതില്നിന്ന് 2021ല്‍ അത് 12,140 രൂപ എന്നനിലയില്‍ ഉയര്‍ന്നത് അത്രമോശം കാര്യമാണോ? കേന്ദ്ര സര്‍ക്കാരിന്റെ ചെലവ് ചില സംസ്ഥാന ധനമന്ത്രിമാരുടെ ആഹ്വാനപ്രകാരം നോട്ടടിക്കാതെതന്നെ 34.83 ട്രില്യണ്‍, 2014-15 ബജറ്റിന്റെ ഏതാണ്ട് ഇരട്ടി എന്നതും കാണാതെപോകരുത്.
സ്വകാര്യവത്ക്കരണം എന്നാല്‍ സ്വകാര്യപങ്കാളിത്തത്തോടെ, യുവാക്കളുടെ സംരംഭകത്വശക്തിയെ ഉണര്‍ത്തുകയും തൊഴിലാളികളില്‍ നിന്ന് തൊഴില്‍ ദാതാക്കളായി ഉയരുകയും ചെയ്യുന്നതിന്റെ അടിത്തറയാണ്. ഇന്ത്യയിലെ യുവസംരംഭകരുടെ കഴിവ് മനസ്സിലാക്കുകയും, വളര്ത്തിയെടുത്തതിന്റെയും ഭാഗമായിത്തന്നെയാണ് ഈ വികസനങ്ങളൊക്കെയും നമുക്ക് നേടിയെടുക്കാന്‍ കഴിഞ്ഞത്. സ്വാഭാവികമായും ഇന്ത്യന്‍ കമ്പോളത്തിന്റെ കരുത്തും, വളര്‍ച്ചയും, സമ്പത്ത് വ്യവസ്ഥയുടെ ശക്തിയും കണ്ടുകൊണ്ടായിരിക്കണമല്ലോ വിദേശ ധനകാര്യസ്ഥാപനങ്ങളും, വ്യാവസായിക ഭീമന്ന്മാരും ഇന്ത്യയിലേക്ക് പരശ്ശതംകോടി ഡോളറുകള്‍ നിക്ഷേപം ചെയ്യുന്നതും. കണക്കുകള്‍ സൂചിപ്പിക്കുന്നത് എഫ്ഡിഐ ഈ കഴിഞ്ഞ മാസത്രയത്തില്പോലും 168% വര്‍ധിച്ചുവെന്നതും, എഫ്ഐഐ സര്‍വകാല റെക്കോര്ഡാണെന്നുള്ളതും മോദിയെ സഹായിക്കുവാന്‍ വിദേശകുത്തകകള്‍ സ്വന്തം പണം കടലില്‍ കലക്കിയെന്നാവുമോ വാദം? അപ്പോള്‍ അവര്‍ പോലും ഇന്ത്യയുടെ വികസനത്തെ, വളര്‍ച്ചയെ അംഗീകരിക്കുന്നു, ഇവിടെ മുതല്‍മുടക്കിയാല്‍ ലാഭകരമായിരിക്കും എന്നും, അതിനു അതിക്രയവിക്രയശേഷിയുള്ള ഒരു ജനതയും, സുരക്ഷയുള്ള നാടും ഇവിടെയുമുള്ളതല്ലേ കാരണം?
ഫെഡലറിസം തകരുന്നതിനേക്കാള്‍ ജനം ഭയക്കുന്നത് സഹകരണ ബാങ്കുകള്‍ തകരുന്നതിനെയാണ്. കേരളത്തിനുവേണ്ടത് കരുവന്നൂര്‍ മാതൃകകളല്ലാ, മറിച്ച് അവര്‍ നോക്കുന്നത് കേന്ദ്രമാണോ കേരളമാണോ നിയന്ത്രിക്കുന്നത് എന്നതല്ല, എത്ര അഴിമതിരഹിതമായി, ജനങ്ങള്‍ക്ക് ഗുണകരായി പ്രവര്‍ത്തിക്കുന്നു എന്നതാണ്. അവിടെ കെഎസ്ആര്‍ടിസിയെക്കാള്‍ റെയില്‍വേയും, സര്‍ക്കാര്‍ പള്ളികൂടത്തെക്കാള് കേന്ദ്രീയ വിദ്യാലയവും, ജനറല്‍ ആശുപത്രിയെക്കാള്‍ ശ്രീചിത്രയും, എയിംസിനും ഒക്കെ തന്നെയാണ് സാധാരണ ജനങ്ങള്‍ മുന്‍ഗണന നല്‍കുക. കേന്ദ്രവായ്പകള്‍ നിബന്ധനരഹിതമാക്കി ധനമന്ത്രി ചോദിക്കുമ്പോഴൊക്കെ നല്‍കുക, യാതൊരു ഉത്തരവാദിത്വവുമില്ലാതെ ജനങ്ങളുടെ പണം ചെലവാക്കുവാനുമുള്ള സ്വാതന്ത്ര്യം നല്‍കുക എന്നിവയാണ് ഫെഡറലിസത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം എന്നുള്ള തോന്നല്‍ ആധുനിക ധനതത്വശാസ്ത്രത്തിനു യോജിച്ചതല്ല.
ഒരു നല്ല ഭരണാധികാരിയുടെ ഏറ്റവും പരമപ്രധാനമായ ഗുണം ദീനാനുകമ്പയുള്ളവനും, ഉദാരമതിയും ആകണമെന്നാണ്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍, ചുവപ്പുനാടയ്ക്കുള്ളില്‍ സംരംഭകന്റെ സ്വപ്നങ്ങളെ തളച്ചിടരുത്. രാജ്യത്തിന്റെ വികസനത്തിന് സ്വകാര്യപങ്കാളിത്തം, വ്യക്തികളുടെ സംരംഭകത്വശക്തിയും കഴിവും ഉപയോഗപ്പെടുത്തുന്നതില്‍, അവരുടെ കഴിവ് നാടിനു ഉപകാരപ്രദമായ വിധത്തില്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം മടിച്ചുനിന്നുകൂടാ. നാടിന്റെ വികസനത്തിന് സ്വന്തം രാജ്യത്തിന്റെ ഉത്പന്നം (തത്വശാസ്ത്രവും) വാങ്ങുന്നതാണ് നല്ലതെന്ന നയമാണ് കൂടുതല്‍ ശരിയെങ്കില്കൂടി, ഈ ഭൂമിതന്നെ ഒരു ഗ്രാമമായി ചുരുങ്ങുമ്പോള്‍ ഇന്ത്യക്കാരാണെന്നതുകൊണ്ട് ഒരു വ്യക്തിക്ക് വൈദേശികമായ ഒരു നല്ല സേവനമോ, ഉത്പന്നമോ അവനു വാങ്ങാവുന്ന സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ നിയമപരമായി നിഷേധിക്കുന്നതും ശരിയല്ല. അതുകൊണ്ടു ഉദാരവത്കരണത്തെ, സ്വകാര്യവത്കരണത്തെ, ആഗോളവത്കരണത്തെ കണ്ണടച്ചെതിര്ക്കാതെ, നിയന്ത്രിതമായി ഉപയോഗിച്ചു, അവയെ രാജ്യത്തിന്റെ, നാടിന്റെയും നേട്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക എന്നതാവണം നയം. അതാണ് പ്രാവര്‍ത്തികവും. ഇങ്ങനെ ചിന്തിക്കുന്നവരെ ലോകം വിളിക്കുന്നത് ശുഭാപ്തിവിശ്വാസികള്‍ എന്നാണ്. അവര്‍ക്കുള്ളതാണ് ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: