സൂര്യവംശത്തിലെ ഒരു ശാഖ തന്നെ നിമി വംശം. നിമി രാജാവ് ഒരു സത്രം നടത്തി. വസിഷ്ഠനെയാണ് ആചാര്യസ്ഥാനത്തേക്ക് ക്ഷണിച്ചത്. എന്നാല്‍ വസിഷ്ഠന് മറ്റൊരു സത്രം നടത്താമെന്ന് ഏറ്റു കഴിഞ്ഞിരുന്നതിനാല്‍ മറ്റൊരു സമയത്തേക്ക് സത്രം മാറ്റിവെക്കണമെന്ന് നിമിയോടു ആവശ്യപ്പെട്ടു. എന്നാല്‍ നിമി അതിനു തയ്യാറായില്ല. മറ്റൊരു ആചാര്യനെ വെച്ച് സത്രം നടത്തി. ഇതില്‍ പ്രകോപിതനായ വസിഷ്ഠന് നിമിയുടെ ശരീരം പതിച്ചു പോകട്ടെ എന്നു ശപിച്ചു.
അതേ ശാപം നിമി വസിഷ്ഠനും നല്കി. രണ്ടുപേരും ‘വിദേഹന്മാരായി.’ നിമിക്ക് ശരീരത്തിലും ശരീര സുഖത്തിലും ആദ്യമേ വിരക്തി തോന്നിയിരുന്നതിനാല്‍ ദേഹം ‘നഷ്ട’മായത് ‘ലാഭ’മായിട്ടെ കരുതിയുള്ളൂ. വസിഷ്ഠനാകട്ടെ മൈത്രാ വരുണന്മാരുടെ പുത്രനായിട്ടു പുനര്‍ജ്ജനിച്ചു. ഉര്‍വ്വശിയായിരുന്നു മാതൃസ്ഥാനത്ത്.
നിമിയുടെ ദേഹം നഷ്ടമായപ്പോള്‍ പ്രജകള്‍ രാജാവില്ലാത്ത കഷ്ടതയനുഭവിച്ചു. അതിനാല്‍ ഋഷിമാര്‍ നിമിയുടെ ദേഹം മഥനം ചെയ്ത് ഒരു കുമാരന് ജന്മം നല്കി. വിദേഹന്റെ ശരീരത്തില്‍നിന്ന് ജനിച്ചതിനാല്‍ അവന് വൈദേഹന്‍ എന്നറിയപ്പെട്ടു. മഥനം ചെയ്തു ജനിച്ചതിനാല്‍ മിഥിലനുമായി. പുതിയൊരു രാജവംശത്തിനു ജന്മം നല്കിയതിനാല് ജനകനെന്നും അറിയപ്പെട്ടു. അങ്ങനെ സീത വൈദേഹിയും മൈഥിലിയും ജാനകിയും ആയി അറിയപ്പെട്ടു.
സീരധ്വജന്‍ എന്ന ജനകന് യാഗത്തിനുവേണ്ടി ഭൂമി ഉഴുതപ്പോഴാണ് സീതയെ കിട്ടിയത്. ഉഴവുചാലില്‍നിന്നു കിട്ടിയതിനാല്‍ സീത എന്നറിയപ്പെട്ടു. ജനകന്മാരെല്ലാവരും യാജ്ഞവത്ക്യ ശിഷ്യന്മാരാണ്. ഗൃഹസ്ഥാശ്രമത്തിലിരിക്കെ ബ്രഹ്മജ്ഞാനികളായവരാണ് ജനകന്മാര്. അവര്‍ സുഖദുഃഖങ്ങളെ അതിക്രമിച്ച് സ്ഥിതപ്രജ്ഞരായവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: