ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന പ്രതിരോധ കുത്തിവയ്പ്പില്‍ പ്രതിദിനം ഒരു കോടി എന്ന ലക്ഷ്യം കടന്ന് ഭാരതം. ഒരു ദിവസം ഏറ്റവും കൂടതല്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്കി എന്ന നേട്ടവും രാജ്യം ഇന്നലെ കരസ്ഥമാക്കി. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍, ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പ്രതിദിനം ഒരു കോടിയില്‍ അധികം വാക്സിന് ഡോസുകള്‍ നല്‍കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 1,33,18,718 ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 65.41 കോടി (65,41,13,508) പിന്നിട്ടു. 69,06,357 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33,964 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,19,93,644 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.51% ആയി ഉയര്‍ന്നു. തുടര്‍ച്ചയായ 66ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 41,965 പേര്‍ക്കാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,78,181 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.15% മാത്രമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,06,785 പരിശോധനകള്‍ നടത്തി. ആകെ 52.31 കോടിയിലേറെ (52,31,84,293) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.58 ശതമാനമാണ്. കഴിഞ്ഞ 68 ദിവസമായി ഇത് മൂന്നു ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.61 ശതമാനമാണ്. കഴിഞ്ഞ 86 ദിവസമായി ഇത് അഞ്ച് ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: