തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടന്ന മരംമുറിയില്‍ ഉന്നതര്‍ക്കെതിരെ അന്വേഷണവും നിയമനടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ലോകായുക്തയെ സമീപിച്ചു. നിലവില്‍ പ്രഖ്യാപിച്ച എഡിജിപിയുടെ അന്വേഷണസംഘത്തിന് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനാവില്ലെന്നും മന്ത്രിമാര്‍ അടക്കമുള്ള ഉന്നതരുടെ ഇടപെടലുകളുള്ളതിനാലാണ് ലോകായുക്തയെ സമീപിച്ചതെന്നും കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
നിലവിലുള്ള എല്ലാ നിയമങ്ങളും കോടതിവിധികളും ലംഘിച്ചും കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചും വെട്ടിപ്പ് നടത്തുവാന്‍ കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പെറ്റീഷന് ഫയല്‍ ചെയ്തത്. ലോകായുക്ത ആക്ടിന്റെ 14, 15 സെക്ഷന്‍ പ്രകാരം കര്‍ശന നടപടികള്‍ക്കും അന്വേഷണത്തിനും ഉത്തരവിടണം. 2020 മാര്‍ച്ച് 11 നും ഒക്ടോബര്‍ 24 നും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവുകളാണ് കൂട്ട മരംകൊള്ളയ്ക്ക് ഇടയാക്കിയത്. ഈ ഉത്തരവിന്റെ വെളിച്ചത്തില്‍ കോടികളുടെ മരം 100 ദിവസങ്ങള്‍ കൊണ്ട് വെട്ടി മുറിച്ചുമാറ്റാന്‍ മരം മാഫിയകള്‍ക്ക് മനപൂര്‍വം അവസരം നല്കി. സംരക്ഷിത മരങ്ങളെല്ലാം വെട്ടി മാറ്റി എന്ന ഉറപ്പായ സാഹചര്യത്തിലാണ് 100 ദിവസങ്ങള്‍ക്കുശേഷം 2021 ഫ്രെബുവരി എട്ടിന് ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.
എഡിജിപിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണംകൊണ്ട് കുറ്റവാളികളെ പിടികൂടാനാവില്ല. ഭൂവുടമകളായ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് സംഘം ശ്രമിക്കുന്നത.് മരംമുറിക്കാന്‍ ഉത്തരവിട്ട റവന്യു വനം മേധാവികളും അതിന് നിര്‍ദേശം കൊടുത്ത വകുപ്പ് മന്ത്രിമാരും ആണ് യഥാര്‍ത്ഥ കുറ്റവാളികള്‍. 2019 ജൂണ്‍ 27ന് റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സംയുക്ത യോഗത്തില്‍ വനംവകുപ്പ് മന്ത്രി മരം മുറിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്. തീരുമാനം എടുത്ത ജൂലൈ 18 ലെ സംയുക്ത യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 2020 ഫെബ്രുവരി 5ന് കൂടിയ യോഗമാണ് ഉത്തരവുകള്‍ ഇറക്കാനും ചന്ദനമരമൊഴികെ ഏതൊരു മരവും മുറിക്കാന്‍ അനുവാദം നല്കുവാനും തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചത.് റവന്യു വകുപ്പ് ജോയിന്റ് സെക്രട്ടറിയും നിയമവകുപ്പും എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
വയനാട്, ഇടുക്കി പ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളില്‍ രജിസ്റ്ററുകള്‍ പരിശോധിക്കാനും മുറിച്ചുമാറ്റിയ മരങ്ങളുടെ കണക്കെടുക്കാനും ഉള്ള ചുമതല കെഎഫ്ആര്‍ഐ പോലുള്ള ഏജന്‍സികളെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. മരം മുറിക്കുന്നതിനെതിരെ രണ്ട് ഹൈക്കോടതി വിധികള്‍ നിലവിലുണ്ട്. മാത്രവുമല്ല ടി.എന്‍. ഗോദവര്‍മ്മന്‍ തിരുമുല്പാട് കേസിന്റെ വിധിയില്‍ മരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട.് ഇതിനെയെല്ലാം മറികടന്നാണ് രണ്ട് മന്ത്രിമാരും റവന്യു വനം മേധാവികളും ചേര്‍ന്ന് മരംവെട്ടിന് അനുമതി നല്‍കിയത്. മരം കൊള്ളക്കാര്‍ക്ക് വേണ്ടി സംസ്ഥാനത്തെ ഭൂമി വിട്ടുകൊടുക്കുക വഴി പാരിസ്ഥിക വിനാശവും സര്‍ക്കാരിന് വന്‍ റവന്യു നഷ്ടവും ഉണ്ടായിട്ടുണ്ട്.
കേരള ഫോറസ്റ്റ് ആക്ട് 1961, മരംമുറിക്കല്‍ നിയന്ത്രണനിയമം 1974, ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് 1980, കേരളം ഭൂവിനിയോഗ നിയമം 1960, കേരള വൃക്ഷ സംരക്ഷണ നിയമം 1986, വനേതര സ്ഥലങ്ങളിലെ വൃക്ഷ വളര്‍ച്ച സംരക്ഷണ നിയമം 2005 തുടങ്ങി മരങ്ങളുടെ സംരക്ഷണത്തിന് ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അവക്ക് വിരുദ്ധമായി വിവാദ ഉത്തരവുകള്‍ ഇറക്കിയത്. ഇത് മനപൂര്‍വം ചില ശക്തികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനും വൃക്ഷസമ്പത്ത് കൊള്ളയടിക്കാനും ആവാസവ്യവസ്ഥകള്‍ തകര്‍ക്കാനും അവസരമൊരുക്കുകയായിരുന്നു. കുമ്മനം പറഞ്ഞു.
ചീഫ് സെക്രട്ടറി, റവന്യൂ ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, കെ രാജു, മുഖ്യ വനപാലകന് പി.കെ. കേശവന്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബെന്നിച്ചന് തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. വേണു എന്നിവര്‍ക്കെതിരെയാണ് കുമ്മനം പരാതി നല്‍കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: