കൊച്ചി: പരമാവധി ആളുകളെ കൊച്ചി മെട്രോയിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബഹ്റ. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയുടെ വരുമാനം ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. അതിനായി യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. യാത്രക്കാരെ ആകര്‍ഷിക്കാന്‍ ചാര്‍ജില്‍ ഇളവുകള്‍ ഉള്‍പ്പെടെ ആലോചിക്കും. മെട്രോ സ്റ്റേഷനുകളിലെ മുറികള്‍ വാടകയ്ക്ക് നല്കി വരുമാനം കൂട്ടും. യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ ജീവനക്കാരുടെയും കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കും. കോവിഡിനുമുമ്പ് 2020 ജനുവരിയിലെ കണക്കനുസരിച്ച് ശരാശരി 60,000 പേരാണ് ഒരുദിവസം മെട്രോയില്‍ യാത്ര ചെയ്തിരുന്നത്. ഇപ്പോള്‍ 12,000 മുതല്‍ 20,000 വരെ യാത്രക്കാര്മാത്രമാണുള്ളത്. നവംബറോടെ യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷമാക്കി ഉയര്‍ത്തലാണ് ലക്ഷ്യം.
മെട്രോയെ പൊതുജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കാന്‍ സമൂഹമാധ്യമ സെല്ലുണ്ടാക്കും. ഫെയ്സ്ബുക് പേജ് സജീവമാക്കും. ഇതിനായി പോലീസിന്റെ പേജ് കൈകാര്യം ചെയ്യുന്നവരുടെയും സൈബര്‍ഡോമിന്റെയും സഹായം തേടും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും യാത്രക്കൂലിയില്‍ ഇളവ് നല്കാന് ആലോചനയുണ്ട്.
മെട്രോ കടന്നുപോകുന്ന പ്രദേശങ്ങളിലെ വ്യാപാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രതിമാസ പാസുപോലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതും പരിഗണനയിലുണ്ട്. പാര്‍ക്കിങ് ഫീസ് കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യും. പ്രത്യേക പോര്‍ട്ടലിലൂടെ യാത്രക്കാരുടെ നിര്‍ദേശങ്ങളും പരാതികളും സ്വീകരിച്ച് പരിഹാരം കാണും. വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കും. ഇതിനുള്ള കാലതാമസം ഒഴിവാക്കും. ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിച്ച് 30 ദിവസത്തിനുള്ളില്‍ നടപടിയെടുക്കും. ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷന്‍മുതല്‍ ഇന്‍ഫോപാര്‍ക്കുവരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംഘട്ട നടപടികള്‍ വേഗത്തിലാക്കും.
ജല മെട്രോയ്ക്കായി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യബോട്ട് പരിശീലന ഓട്ടത്തിലാണ്. 78 ബോട്ടുകളാകും സര്‍വീസ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റില, കാക്കനാട് ടെര്‍മിനലുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്നാഥ് ബെഹ്റ ചൊവ്വാഴ്ചയാണ് കെഎംആര്‍എല്ലിന്റെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസിലെത്തി എംഡിയുടെ ചുമതലയേറ്റെടുത്തത്. തിരുവനന്തപുരത്തു നിന്നെത്തിയ ബെഹ്റ, മെട്രോയില്‍ കയറിയാണ് ഓഫീസിലേക്കെത്തിയത്. കലൂര്‍ സ്റ്റേഡിയം സ്റ്റേഷന്റെ മുകള്‍ നിലയിലാണ് കെഎംആര്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസ്. മെട്രോയിലെ യാത്രാസൗകര്യങ്ങള്‍ വിലയിരുത്തിയ അദ്ദേഹം, ഓഫീസ് സ്ഥിതി ചെയ്യുന്ന നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഇറങ്ങി. തുടര്‍ന്ന് ഓഫീസിലെത്തിയ ബെഹ്റയെ കെഎംആര്‍എല്‍ ജീവനക്കാര്‍ സ്വാഗതം ചെയ്തു. ജീവനക്കാരുമായി സംവദിച്ച അദ്ദേഹം, മെട്രോ ഓപ്പറേഷന് കണ്ട്രോള് സെന്ററും സന്ദര്‍ശിച്ചു.
കൊച്ചി മെട്രോയുടെ ആറാമത് എംഡിയാണു ബെഹ്റ. 3 വര്‍ഷത്തേക്കാണു നിയമനം. അല്‍കേഷ് കുമാര്‍ ശര്‍മ ചുമതല ഒഴിഞ്ഞതു മുതല്‍ മെട്രോയ്ക്ക് സ്ഥിരം എംഡി ഉണ്ടായിരുന്നില്ല. ഗതാഗത സെക്രട്ടറി കെ.ആര് ജ്യോതിലാലിനായിരുന്നു താല്‍ക്കാലിക ചുമതല നല്‍കിയിരുന്നത്. പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുകയും സ്ഥാപനത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് ലോക്നാഥ് ബെഹ്റയ്ക്കു മുന്നിലെ വെല്ലുവിളി. ലോക് ഡൗണിനെത്തുടര്‍ന്നു മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. അതു സാധാരണ നിലയിലെത്തിക്കണം. ഈ വര്‍ഷം അവസാനത്തോടെ മെട്രോ തൃപ്പൂണിത്തുറ വരെ എത്തിക്കുകയാണ് കെഎംആര്‍എല്ലിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: