ഭോപാല്‍: കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ കൃഷ്ണനായി ചിത്രീകരിച്ച പോസ്റ്ററിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഫോട്ടോഷോപ്പ് ഉപയോഗിച്ച് കൃഷ്ണന്റെ ശരീരത്തില്‍ കമല്‍നാഥിന്റെ തല പിടിപ്പിച്ച കോണ്‍ഗ്രസ് കൃഷ്ണഭഗവാനെ അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു.
ജന്മാഷ്ടമി ആഘോഷത്തോടനുബന്ധിച്ചാണ് കോണ്‍ഗ്രസ് പോസ്റ്റര്‍ പുറത്തിറക്കിയത്. കമല്‍നാഥിനെ കൃഷ്ണനായി ചിത്രീകരിച്ച പോസ്റ്ററില്‍ ശിവരാജ് സിംഗ് ചൗഹാനെ കംസനായും അവതരിപ്പിക്കുന്നു.
ഹാപ്പി ജന്മാഷ്ടമി ആശംസിക്കുന്ന പോസ്റ്ററില്‍ കൃഷ്ണഭഗവാന്റെ രൂപത്തിലുള്ള കമല്‍ നാഥിന്റെ ചിത്രത്തിന്റെ കൂടെ ‘കമല്‍നാഥിന്റെ ചിന്ദ്വാര മോഡല്‍’ എന്ന അടിക്കുറിപ്പും കാണാം. തൊട്ടടുത്ത് കംസനായി ശിവരാജ് സിംഗ് ചൗഹാന്റെ ചിത്രവുമുണ്ട്- മധ്യപ്രദേശിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടൂ എന്ന അമ്മാവന്(മാമ) കംസന്റെ പ്രഖ്യാപനവുമുണ്ട്. മധ്യപ്രദേശില്‍ മാമ എന്നാണ് ശിവരാജ് സിംഗ്ചൗഹാന്‍ അറിയപ്പെടുന്നത്. പോസ്റ്ററില്‍ സോണിയ, രാഹുല്‍, മന്‍മോഹന്‍സിംഗ്, മുകുള്‍ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ ഫോട്ടോകളും ഉണ്ട്.
ഹിന്ദുവികാരത്തെ വീണ്ടും കോണ്‍ഗ്രസ് മുറിവേല്‍പ്പിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസ് എപ്പോഴും ഹിന്ദു മതത്തെ പരഹസിക്കുകയാണെന്ന് ബിജെപി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ അവര്‍ തടഞ്ഞു. രാം സേതു ഇല്ലെന്ന് തന്നെ പറയുന്നു. ഇപ്പോഴത്തെ ഈ പോസ്റ്റര്‍ ഭഗവാന് കൃഷ്ണനെ അപമാനിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: