കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് 11 കോടിയുടെ എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് മലയാളികളാണെന്ന നിര്‍ണ്ണായക വിവരം പോലീസിന് ലഭിച്ചു. ഇതോടെ അന്വേഷണം അടുത്ത ഘട്ടത്തിലേയ്‌ക്ക് നീങ്ങുകയാണ്. ഏജന്റുമാരേയും ഇടനിലക്കാരേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത പദ്ധതി.
ചെന്നൈയിൽ നടന്ന ലഹരി ഇടപാടിൽ ഇടനിലക്കാരായി നിന്നത് മലയാളികൾ തന്നെയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ഗോവയേലിക്ക് മുങ്ങിയതായാണ് സൂചന. ഇവരാണ് കേരളത്തിലേയ്‌ക്ക് മയക്കുമരുന്ന് കടത്തിയ സംഘത്തിന് ഇത് കൈമാറിയത്. ഇവരേയും മയക്കുമരുന്ന് കച്ചവടക്കാരേയും ഉടന്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് ദിവസം പ്രതികളുമായി ചെന്നൈയിലും പോണ്ടിച്ചേരിയിലും നടത്തിയ തെളിവെടുപ്പിൽ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിരുന്നു.
അതേസമയം കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നും ഒരുകിലോ 86 ഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. എന്നാൽ 86 ഗ്രാം എന്ന് മാത്രമെന്ന് രേഖപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ അന്വേഷണ സംഘമെത്തിയതും അന്വേഷണം ഊര്‍ജ്ജിതമാക്കിയതും.
പ്രതികളിലൊരാളായ ഫവാസിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലാണ്. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പ് , മൊബൈല്‍ ഫോണുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ഫോറന്‍സിക് പരിശോധനയ്‌ക്കയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: