ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാനായി നാടുവിട്ട മലയാളികള്‍ അടക്കമുള്ളവര്‍ അഫ്ഗാനില്‍ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ജയിലില്‍ നിന്നും തുറന്നുവിട്ടിരുന്നു. ഇതില്‍ മലയാളികള്‍ അടക്കം 25ഓളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയില്‍ മോചിതരായവരില്‍ ഐസ് ഭീകരസംഘടനയുടെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനില്‍(ഐഎസ്‌ഐഎസ്- കെ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ വിവരങ്ങളാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. ഇവര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രദേശത്തിനടുത്താണെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒസാമ ബിന്‍ ലാദന്റെ മുന്‍ സുരക്ഷാ മേധാവി അമിന്‍ അല്‍ ഹഖിന്റെ ജന്മദേശത്തിന് സമീപമാണ് നന്‍ഗര്‍ഹാര്‍. പാക്കിസ്ഥാന്റെ അതിര്‍ത്തി പ്രദേശം കൂടിയാണിത്. മുമ്പ് അല്‍ ഖ്വയ്ദയുടെ ശക്തികേന്ദ്രമായിരുന്നു ഇവിടെ ഒളിച്ചു താമസിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഐഎസിനായി സമൂഹ മാധ്യമം വഴി റിക്രൂട്ട് ചെയ്തിരുന്ന മുന്‍സിബ് എന്നയാള്‍ ഇവരുടെ ഒപ്പമുള്ളതായി ദേശീയ അന്വേഷണ ഏജന്‍സിതിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ ഇന്ത്യയുടെ നോട്ടപ്പുള്ളിയായിരുന്ന എജാസ് അഹങ്കറും ഇവര്‍ക്കൊപ്പം അഫ്ഗാന്‍ ജയിലില്‍ നിന്നും താലിബാന്‍ മോചിപ്പിച്ചിട്ടുണ്ട. ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഐഎസ് ഭീകരരായ തടവുകാരെ താലിബാന്‍ മോചിപ്പിച്ചതായി പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി ഓഗസ്റ്റ് 27 ന് നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലും പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തുമായി നാലായിരത്തോളം ഐസിസ് കെ ഭീകരര്‍ ഉണ്ടെന്നാണ് അനുമാനം. ഇവരില്‍ നല്ലൊരു പങ്കും ആക്രമണങ്ങളില്‍ വധിക്കപ്പെട്ടു. 2019 മുതല്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസിനൊപ്പം പ്രവര്‍ത്തിച്ചതിന് നിരവധി ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: