മംഗളൂരു : ശ്രീലങ്കയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് കടക്കാനായി 12 ഭീകരര്‍ ആലപ്പുഴയിലെത്തിയതായി റിപ്പോര്‍ട്ട്. കര്‍ണ്ണാടക ഇന്റലിജെന്‍സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശ്രീലങ്കന്‍ സംഘം കടല്‍മാര്‍ഗം ആലപ്പുഴയില്‍ എത്തിയതാണെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് കേരള, കര്‍ണ്ണാടക തീര പ്രദേശങ്ങളിലെ ജാഗ്രത കര്‍ശ്ശനമാക്കി.
തീരദേശത്ത് മീന്‍പിടിക്കാന്‍ പോകുന്ന ബോട്ടുകാരോട് സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ വിവരം അറിയിക്കണമെന്ന് തീരദേശസേന ആവശ്യപ്പെട്ടിട്ടുണ്ട്. മംഗളൂരുവില്‍ ഉള്‍പ്പെടെ കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്കി. ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്കി.
കേരള തീരത്തും കര്‍ശ്ശന നിരീക്ഷണം ഏര്‍പ്പെടുത്തി. 12 അംഗ സംഘം ആലപ്പുഴ കൊച്ചി വഴി പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി സംസ്ഥാന ഇന്റലിജെന്‍സും നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട് സ്വദേശികളെ തോന്നിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സംസ്ഥാനത്ത് തെരച്ചില്‍ ശക്തമാക്കിയിരുന്നു. പോലീസ് തീരസംരക്ഷണ സേന, നേവി എന്നിവയുടെ നേതൃത്വത്തില്‍ തീരമേഖലയിലെ പെട്രോളിങ്ങും കര്‍ശ്ശനമാക്കിയിട്ടുണ്ട്.
അതിനിടെ ചൊവ്വാഴ്ച രാത്രി സംശയാസ്പദമായ നിലയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ടിലെത്തിയ 13 പേര് പിടിയിലായി. ഏഴു മലയാളികളും ആറ് തമിഴ്നാട് സ്വദേശികളും അടങ്ങുന്ന സംഘമാണ് പിടിയിലായത്. ശ്രീലങ്കയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് കടക്കുമെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ മറൈന്‍ പോലീസിന് കൈമാറി വിശദമായ അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: