ജോഹാനസ്ബര്‍ഗ്: ലോക ക്രിക്കറ്റിലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്നലെ ട്വിറ്ററില്ക്കൂടിയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വിട്ടുമാറാത്ത പരിക്കിനെ തുടര്‍ന്ന് 2019-ല്‍ സ്റ്റെയിന് ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.
16 വര്‍ഷം നീണ്ട കരിയറില്‍ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി20കളും താരം കളിച്ചിട്ടുണ്ട്. എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 699 വിക്കറ്റുകളും നേടി. 2004 ഡിസംബര്‍ 17-നാണ് താരം ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 2020 ഫെബ്രുവരി 21-നായിരുന്നു അവസാന മത്സരം. 93 ടെസ്റ്റില്‍ നിന്ന് 439 വിക്കറ്റുകളും 125 ഏകദിനങ്ങളില്‍ നിന്ന് 196 വിക്കറ്റുകളും 47 ട്വന്റി 20യില്‍ നിന്ന് 64 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2008 മുതല്‍ 2014 വരെ തുടര്‍ച്ചയായി 263 ആഴ്ചകള്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരമാണ് സ്റ്റെയ്ന്.
‘ഞാന്‍ ഏറ്റവുമധികം സ്നേഹിക്കുന്ന ഈ കളിയില്‍നിന്ന് വിരമിക്കുകയാണ്. എല്ലാവരോടും നന്ദി പറയുന്നു. കുടുംബാംഗങ്ങളോടും സഹതാരങ്ങളോടും മാധ്യമങ്ങളോടും ആരാധകരോടും നന്ദി അറിയിക്കുന്നു. ഒരുമിച്ചുള്ള ഈ യാത്ര അവിസ്മരണീയമായിരുന്നു’ സ്റ്റെയ്ന് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: