കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യമെങ്കില്‍ ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ തയ്യാറാകണമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ ബിജെപി ദേശീയ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തക പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കൃഷ്ണദാസ്. കേരളത്തില്‍ അന്‍പതിനായിരം കൊവിഡ് സന്നദ്ധ ഭടന്മാരെയാണ് ഇതിനായി സജ്ജമാക്കുന്നത്.
ലോക് ഡൗണ്‍ കാലം മറ്റ് സംസ്ഥാനങ്ങള്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ കേരളം അവസരം പാഴാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യാപകമായി പരിശോധന നടത്തി ഹോം ക്വാറന്റൈനും ഇന്സ്റ്റിറ്റിയുഷണനല് ക്വാറന്റൈനും ശക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ കൊവിഡ് നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്നും കൃഷ്ണദാസ് പറഞ്ഞു.
കോണ്‍ഗ്രസില്‍ അസംതൃപ്തരായ നേതാക്കളെയും അണികളെയും സ്വാഗതം ചെയ്യുന്നു. ബിജെപിയുടെ വാതില്‍ അവര്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: