കോഴിക്കോട് : കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷാജു സക്കറിയ ഹര്‍ജി നല്കി. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടി കോഴിക്കോട് കുടുംബ കോടതിയിലാണ് ഷാജു വിവാഹോമോചന ഹര്‍ജി നല്‍കിയിരിക്കുന്നത്.
ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണ്. തന്റെ ജീവനും ഇപ്പോള്‍ ഭീഷണിയുണ്ട്. കേസില്‍ തന്നേയും ഉള്‍പ്പെടുത്താനായി ജോളി വ്യാജ മൊഴി നല്കി. ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ ആളോടൊപ്പം ഇനി ജീവിക്കാനാകില്ല. ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നും ഷാജു നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
ജോളി നിലവില്‍ കോഴിക്കോടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് വഴി കോടതി നോട്ടീസ് അയക്കും. സമന്‍സ് നടന്നശേഷം ജോളി കോടതിയില്‍ ഹാജരാകണമെന്നും ഷാജുവിന്റെ അഭിഭാഷകന് ജി മനോഹര്‍ ലാല്‍ പറഞ്ഞു.
2017ലാണ് ഷാജുവും ജോളിയും വിവാഹം കഴിക്കുന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷം ഇരുവരും പുനര്‍വിവാഹിതരാവുകയായിരുന്നു.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതൃസഹോദര പുത്രനാണ് ഷാജു. സിലിയെയും റോയിയെയും ജോളി വിഷം നല്കി കൊലപ്പെടുത്തി. ഇത് കൂടാതെ ഇരുവരുടെയും കുടുംബത്തില്‍ നടന്ന നാല് മരണങ്ങള് കൂടി ജോളി നടത്തിയ കൊലപാതകമാണെന്ന് 2019 ഒക്ടോബറില്‍ പോലീസ് കണ്ടെത്തിയിരുന്നു. കൂടത്തായി കേസിലെ സാക്ഷിയും കൂടിയാണ് ഷാജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: