മൂന്നാര്‍/ഏറ്റുമാനൂര്‍: വിവാഹത്തിന് പണമില്ലാതെ വലഞ്ഞ നിര്‍ധന കുടുംബത്തിലെ യുവതിക്ക് കൈത്താങ്ങായി സുരേഷ് ഗോപി എംപി. 25കാരിയായ അശ്വതി അശോകന് ഒരു ലക്ഷം രൂപയുടെ ചെക്കും കല്യാണപ്പുടവയും സമ്മാനമായി കൈമാറി.
ദേവികുളം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം, പൊതുമരാമത്ത് വകുപ്പ് ഉപേക്ഷിച്ച ക്വാര്‍ട്ടേഴ്സിലാണ് ഏറെക്കാലമായി അശ്വതിയും അമ്മ സരസ്വതിയും താമസിക്കുന്നത്. അശ്വതിയുടെ അച്ഛന് അശോകന് 22 വര്‍ഷം മുമ്പ് മരിച്ചു. അമ്മ റിസോര്‍ട്ടില്‍ ശുചീകരണ തൊഴിലാളിയായിരുന്നു. കൊവിഡെത്തിയതോടെ ജോലിയും നഷ്ടമായി.
സപ്തംബര്‍ ഒമ്പതിന് അശ്വതിയുടെ വിവാഹം നിശ്ചയിച്ചു. ഇതിന് സഹായം വാഗ്ദാനം ചെയ്തവര്‍ അവസാന നിമിഷം പിന്മാറി, വിവാഹം മുടങ്ങുമെന്ന അവസ്ഥയുമായി. പ്രതിസന്ധി മനസ്സിലാക്കിയ അശ്വതിയുടെ സുഹൃത്തും ദേവികുളം പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളുമായ സിന്ധു പുരുഷോത്തമന് വിഷയത്തില്‍ ഇടപെടുകയായിരുന്നു. എസ്ഐ അശോകന്റെ കൂടി സഹായത്തോടെ ഇവര്‍ സുരേഷ് ഗോപി എംപിയെ ഫോണില്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. എംപി ബിജെപി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കി. പിന്നീടാണ് സമ്മാനമായി പുടവയടക്കം കൈമാറാന്‍ തീരുമാനിച്ചത്. വണ്ടന്മേട് മാലി സ്വദേശി പ്രസാദുമായുള്ള അശ്വതിയുടെ വിവാഹം ഒമ്പതിന് മൂന്നാറിലെ മുരുകന് ക്ഷേത്രത്തില്‍ നടക്കും.
അടൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര അങ്കണത്തില്‍ വച്ച് അശ്വതിക്ക് സുരേഷ് ഗോപി എംപി തന്നെ ഇവ നേരിട്ട് കൈമാറി. ദേവികുളത്ത് നിന്ന് കുടുംബത്തെ ബിജെപിയുടെ വാഹനത്തില്‍ സ്ഥലത്തെത്തിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജന. സെക്രട്ടറി വി.എന്‍. സുരേഷ്, ജില്ലാ സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആര്. സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ അശോകന്, സിന്ധു പുരുഷോത്തമന് എന്നിവരും ചടങ്ങില്‍ പങ്കാളികളായി.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബം പതിറ്റാണ്ടുകളായി വീടിനായി ഓഫീസുകള്‍ കയറി ഇറങ്ങുമ്പോഴും ഇക്കാര്യത്തില്‍ അധികൃതര്‍ നിസംഗത തുടരുകയാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: