ഏകനായ കലാകാരന്റെ സ്വാതന്ത്ര്യവും പ്രതിബദ്ധതാ പ്രമാണങ്ങളും ആടിത്തിമിര്‍ക്കുകയാണ് തുള്ളല്‍ക്കല. ചരിത്ര സാമൂഹ്യപരിപ്രേക്ഷ്യങ്ങളില്‍ നവമാനവനെ സാക്ഷിയാക്കിയായിരുന്നു കുഞ്ചന്‍നമ്പ്യാരുടെ രംഗപ്രവേശം. സാമൂഹ്യാവബോധത്തിന്റെ വെളിച്ചവും ആക്ഷേപഹാസ്യപ്രത്യയങ്ങളുടെ വിശുദ്ധിയും പകര്‍ന്ന് പുരാണേതിഹാസങ്ങളും സ്വപ്നപ്പഴമകളും ചടുലാഖ്യാനങ്ങളായി ജനകീയതയുടെ വര്‍ണമുദ്രകള്‍ ചാര്‍ത്തി. കേരളഭാഷയുടെ നാനാരുചിരമായ സന്തര്‍പ്പണങ്ങളില്‍ അവ കാലത്തിന്റെ നിറങ്ങളും നിറവുകളുമായി. പടയണി പോലുള്ള ഉര്‍വരതാനുഷ്ഠാന കലയുടെ മംഗളാനുഭവ പ്രത്യക്ഷത്തില്‍ നിന്നാണ് നമ്പ്യാര്‍ സാംസ്ക്കാരിക തനിമയുടെ ഈ ദര്‍ശന കല വീണ്ടെടുക്കുന്നത്.
പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തിലെ കലക്കത്ത് മഠത്തില്‍ 1700 ലാണ് കുഞ്ചന്റെ ജനനം. രാമനെന്നും കൃഷ്ണനെന്നും രാമപാണിവാദനെന്നും പേരിനെച്ചൊല്ലി വ്യത്യസ്തവാദം നിലനില്‍ക്കുന്നുണ്ട്. ബാല്യം, വിദ്യാഭ്യാസം തുടങ്ങി ജീവനചരിതത്തിന്റെ ആദിമുഖം അവ്യക്തമാണെന്നിരിക്കിലും സാമാന്യമായ കുഞ്ചന്‍ചരിതം ഗവേഷകര്‍ തുറന്നു തരുന്നുണ്ട്. കൂത്തിന് മിഴാവ് കൊട്ടിയ നമ്പ്യാര്‍ അരങ്ങിലുറങ്ങിപ്പോയെങ്കിലും ചാക്യാര്‍ ഉണര്‍ത്തിയെടുത്ത ആ നിതാന്ത ജാഗ്രത, തുള്ളല്‍ പ്രസ്ഥാനത്തിന്റെ മുഴക്കമായി. കലയുടെ അനുഷ്ഠാനപരമായ ധര്‍മനിര്‍വഹണത്തിലൂന്നി നിന്നിരുന്ന, ക്ഷേത്രീയ കലകള്‍ക്കപ്പുറം ഭൗതീകാത്മീയ മൂല്യങ്ങളെ സമന്വയിപ്പിക്കുകയായിരുന്നു നമ്പ്യാരുടെ കലയും കവിതയും. ചിരിയും ചിന്തയും സാമൂഹ്യ വിമര്‍ശവും മാനവസ്വാതന്ത്ര്യ സങ്കല്‍പ്പവും നാടിന്റെ നവോത്ഥാനവും സംസ്കൃതി പ്രഭയുള്ള സമുദായ ക്രമവുമായിരുന്നു മഹാകവിയുടെ പ്രതിഭാലക്ഷ്യം. പടയണിയുടെ നടനസാമഗ്രിയായി നമ്പ്യാര്‍ രചിച്ച ‘പേക്കഥകള്‍’ എന്ന ഉപകഥകള്‍ തുള്ളല്‍പ്പാട്ടുകളുടെ രൂപം പൂണ്ടത് ഈ വിചാരധാരയിലാണ്.
മുഖത്ത് തേപ്പുമിനുക്കില്ലാതെ കണ്ണെഴുത്തും വെളുത്ത പൊട്ടുമായി ‘ശീതങ്കനും’ സര്‍പ്പപ്പത്തി മുടിയും ചെമന്ന തൊങ്ങലുമായി ‘പറയനും’, വട്ടമുടി വെച്ച് മുഖത്ത് ‘പച്ച’യും വാലിട്ടെഴുതിയ കണ്ണും പുരികവും കടകകങ്കണങ്ങളും ഉടയാടകളുമായി ‘ഓട്ട’നുംഅരങ്ങുകളില്‍ അമൃതരസം നേദിച്ചു. സാമൂഹ്യമായ ഉച്ചനീചത്വം, അനാചാരം, അന്ധവിശ്വാസം, പുറംപൂച്ചുകള്‍, ചാപല്യങ്ങള്‍, ഭരണക്കാരുടെ അധര്‍മവൃത്തികള്‍, അധിനിവേശശക്തികളുടെ മുഖംമൂടികള്‍ എല്ലാമെല്ലാം തുള്ളലിന്റെ വിചാരണവേദിയില്‍ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ദാരിദ്ര്യവും പട്ടിണിയും പരിവട്ടവും അലസപ്രഭുക്കന്മാരുടെ തിരുമുമ്പില്‍ തുറന്നുവെച്ച നമ്പ്യാര്‍ അരങ്ങുതകര്‍ത്തു മുന്നേറി. ബ്രഹ്മാവും വിഷ്ണുവും ഇന്ദ്രനും യമനും വരുണനും രാവണനും പഞ്ചപാണ്ഡവന്മാരും കേരളീയന്റെ വേഷഭൂഷാദികളണിഞ്ഞ് വരികളില്‍ നടനമാടി. ഇന്ദ്രപുരിയും ഹസ്തിനപുരിയും ദ്വാരകാപുരിയും ഈ സുന്ദരകേരളത്തിന്റെ മാറിടത്തില്‍ ഇടം പിടിക്കുന്നു. അതീത സങ്കല്പ്പനങ്ങളെ മറിച്ചു ചൊല്ലുകയായിരുന്നു മഹാകവി.
‘ഭടജനങ്ങടെ നടുവിലുള്ളൊരു
പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരള
ഭാഷ തന്നെ ചിതം വരൂ’
എന്ന് മധുരം മലയാളത്തിലോതിയ നമ്പ്യാര്‍ കാവ്യഭാഷയെ നവീകരിച്ച് രൂപപ്പെടുത്തുകയായിരുന്നു. ഉള്‍ത്തിളക്കത്തില്‍ പദചാരുതയും സര്‍ഗസംഗീതവും ചേര്‍ന്ന ലയഭംഗിയാണ് തുള്ളല്‍പാട്ടുകളുടെ ലാവണ്യപൂര്‍ണിമ. എഴുത്തച്ഛന്റെ ഭക്തിമന്ത്രണങ്ങളിലൂടെ നേടിയത് നമ്പ്യാര്‍ വിശുദ്ധമായ ലൗകികവര്‍ണനാ തന്ത്രങ്ങളിലൂടെ സ്വന്തമാക്കി.
നായാട്ടും യുദ്ധവും സദ്യയും വിവാഹവും വ്യക്തിചിത്രങ്ങളും ആ സൂക്ഷ്മവര്‍ണനയുടെ തിളക്കത്തില്‍ ശോഭനീയമാവുന്നു. ചിരിയാണ് കവിയുടെ രസദര്‍ശനം. ‘ചിരിക്കുന്ന കഥ കേട്ടാലിരിക്കുമായതല്ലെങ്കില്‍ തിരിക്കും’, ‘ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല’, എന്നോതി ഉപഹാസച്ചിരിയില്‍ നര്‍മസംസ്കൃതി ചാലിച്ചും, പ്രസ്ഥാനത്തെ കനകച്ചിലങ്കയണിയിച്ചും കാവ്യകലയെ വിദ്യാസംസ്കൃതിയാക്കിയത് നമ്പ്യാരാണ്.
ആ ജീവിത സന്ദേശങ്ങള്‍ക്ക് നിറം പകരുന്ന അനുഭവ പ്രത്യയങ്ങള്‍ ഐതിഹ്യരൂപം പൂണ്ട് അക്ഷരസിദ്ധി നേടി. ‘അല്ല പയ്യേ, നിനക്കും പക്കത്താണോ ഊണ്?’ ‘കരികലക്കിയ കുളം കളഭം കലക്കിയ കുളം’, ‘ഭീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’, കാതിലോല നല്ലതാളി തുടങ്ങിയ കാവ്യാത്മക പ്രത്യക്ഷങ്ങള്‍ നമ്പ്യാരുടെ സ്വത്വം ഉണര്‍ത്തിയെടുക്കുന്നു. ശ്രീകൃഷ്ണ ചരിതം മണിപ്രവാളം, നളചരിതം, പഞ്ചതന്ത്രം, ശിവപുരാണം കിളിപ്പാട്ടുകള്‍, ഏകാദശീ മാഹാത്മ്യം, സഭാപ്രവേശം പാന, ഭാഗവതം ഇരുപത്തിനാല് വൃത്തം തുടങ്ങി വൈവിധ്യമുള്ള സാഹിത്യകൃതികള്‍ നമ്പ്യാരുടെ പ്രതിഭ പരീക്ഷിച്ചറിയുന്നു. കല്യാണസൗഗന്ധികം, കിരാതം, ഘോഷയാത്ര, സ്യമന്തകം, രുഗ്മിണീസ്വയംവരം തുടങ്ങി അറുപത്തിനാലു തുള്ളലുകള്‍ മഹാകവിയുടെ പേരിലുണ്ടെങ്കിലും നാല്‍പ്പത്തഞ്ചോളം മാത്രമാണ് കണ്ടെടുത്തത്. മറ്റു മധ്യകാലകവികളെപ്പോലെ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ആശ്രിതനും സദസ്യനുമായാണ് നമ്പ്യാരുടെയും ജീവിത യാത്ര. ചെമ്പകശ്ശേരി തമ്പുരാന്, മാത്തൂര്‍ പണിക്കര്‍, മാര്‍ത്താണ്ഡവര്‍മ രാജാവ്, രാമവര്‍മരാജാവ്, മണക്കോട്ടച്ചന്‍, പാലിയത്തച്ചന്, കൊച്ചിത്തമ്പുരാന് എന്നിവരെല്ലാം മഹാകവിക്കേകിയ പദവിയും പ്രോത്സാഹനവും അളവറ്റതാണ്. നമ്പ്യാരുടെ പ്രതിഭാ പ്രവര്‍ത്തനം വാസം കൊണ്ട് ധന്യമായ കേന്ദ്രങ്ങളാണ് അമ്പലപ്പുഴയും ചെമ്പകശ്ശേരിയും തിരുവനന്തപുരവും. എഴുപത്തിയൊന്നാം വയസ്സില്‍ പേവിഷബാധയേറ്റായിരുന്നു കവിയുടെ അന്ത്യമെന്നാണ് ഗവേഷക മതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: