ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രദേശങ്ങള്‍ വിട്ടുതന്നില്ലെങ്കില്‍ ചൈനയ്ക്കെതിരെ ഇന്ത്യ തീര്‍ച്ചയായും യുദ്ധത്തിന് പോകണമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യം സ്വാമി. എന്നാല്‍ സുബ്രഹ്മണ്യം സ്വാമിക്ക് ഭ്രാന്താണെന്ന് ചൈനീസ് സര്‍ക്കാരിന്റെ പത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഹു ഷിജിന് തിരിച്ചടിച്ചു.
ഇന്ത്യയും ചൈനയും പരസ്പരം 1993ല്‍ അംഗീകരിച്ച അതിര്‍ത്തി ചൈന അംഗീകരിച്ചില്ലെങ്കില്‍, അന്നത്തെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) അംഗീകരിച്ചില്ലെങ്കില്‍, ചൈനയുമായി ഇന്ത്യ യുദ്ധം ചെയ്യണമെന്നും സുബ്രഹ്മണ്യം സ്വാമി അഭിപ്രായപ്പെട്ടിരുന്നു. തിങ്കളാഴ്ച ഗൗരി ദ്വിവേദി എഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വിവാദ അഭിപ്രായപ്രകടനം. 1962ലെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്ന പാഠം ചൈനയെ പഠിപ്പിക്കണമെന്നും സ്വാമി പറഞ്ഞു.
ഇന്ത്യ ചൈനയുമായി അതിര്‍ത്തിതര്‍ക്കത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ ഹോങ്കോങ്, തയ് വാന്‍, തിബത്ത് ഇവയെക്കുറിച്ചൊന്നും സംസാരിച്ച് ചൈനയെ പ്രകോപിപ്പിക്കരുതെന്നും സുബ്രഹ്മണ്യം സ്വാമി ഉപദേശിച്ചു. ചൈന തീര്‍ച്ചയായും ഇന്ത്യക്ക് അസാധാരണ പ്രധാന്യമുള്ള, അപകടകരമായ ഭീഷണിയാണ്. അതുകൊണ്ട് ഇന്ത്യ ഈ ഭീഷണി നേരിടുന്ന തന്ത്രമാണ് ഇന്ത്യ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എങ്കില്‍ മാത്രമേ ചൈനയെ അതിന്റെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയൂ- സുബ്രഹ്മണ്യം സ്വാമി വിശദീകരിച്ചു.
ചൈനയുടെ സേന ചൈനയുടെ സ്വന്തം പ്രദേശത്താണെന്ന് ചൈനീസ് സര്‍ക്കാരിന്റെ പത്രമായ ഗ്ലോബല്‍ ടൈംസിന്റെ പത്രാധിപര്‍ ഹു ഷിജിന് തിരിച്ചടിച്ചു. ഈ ഇന്ത്യക്കാരനായ രാഷ്ട്രീയക്കാരന് ഭ്രാന്താണെന്നും സുബ്രഹ്മണ്യസ്വാമിയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഭ്രാന്തന്മാരെ കൂട്ടമായി പടച്ചുവിടുന്നതാണ് ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനമെന്നും ഹു ഷിജിന് ട്വിറ്ററില്‍ കുറിച്ചു. ‘ഇന്നത്തെ ഇന്ത്യ 1962ലെ ഇന്ത്യയല്ല. ഇപ്പോള്‍ ഇന്ത്യയുടെ ജിഡിപി ചൈനയുടെ അഞ്ചില്‍ ഒന്ന് മാത്രമാണ്. 1962ല്‍ ഇരുരാജ്യങ്ങളുടെയും ജിഡിപി ഏതാണ്ട് തുല്ല്യമായിരുന്നു,’- ഇന്ത്യയെ അതിരൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ഹു ജിഷിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: