മുംബൈ: നാരായണ്‍ റാണെയുടെ അറസ്റ്റിന് ശേഷം ഇക്കുറി ശിവസേനയെ നേരിട്ട് വെല്ലുവിളിച്ച് മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. ദഹി ഹണ്ടി എന്ന വിളിപ്പേരിലറിയപ്പെടുന്ന ഉറിയടി ഉത്സവം ഇക്കുറി നിരോധിക്കാന്‍ സമ്മിതിക്കില്ലെന്നും ഹിന്ദു ഉത്സവം എന്തൊക്കെ വന്നാലും ആഘോഷിക്കുമെന്നുമാണ് രാജ് താക്കറെയുടെ വെല്ലുവിളി.
കോവിഡ് കേസുകള്‍ ഉയരുന്നത് കണക്കിലെടുത്ത് ദഹി ഹാണ്ടി ആഘോഷിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നയിക്കുന്ന മഹാരാഷ്‌ട്ര സര്‍ക്കാര്‍ ജനങ്ങളോട് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൃഷ്ണജന്മാഷ്ടമിയുടെ പിറ്റേ ദിവസം ആഘോഷിക്കുന്ന ചടങ്ങാണ് ദഹി ഹാണ്ടി. ദഹി ഹാണ്ടി എന്നതിന്റെ അര്‍ത്ഥം തൈരിന്റെ മണ്‍പാത്രം എന്നാണ്. ഉത്സവത്തിന്റെ ഭാഗമായി ദഹി ഹാണ്ടി ആളുകള്‍ തകര്‍ക്കും. ഈ ഉത്സവമാണ് ഒഴിവാക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ താക്കീത് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഉറിയടിക്ക് പങ്കെടുക്കുന്ന ആണ്‍കുട്ടികളുടെ സംഘങ്ങളായ ഗോവിന്ദ പതക്കുകളെ പൊലീസ് അറസ്റ്റ് ചെയ്തതായും വാര്‍ത്തയുണ്ട്. ഉത്സവം ആഘോഷിക്കുന്നത് തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് അറസ്റ്റ്.
എന്നാല്‍ ഈ അറസ്റ്റിനെ രാജ് താക്കറെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. എന്തൊക്കെ സംഭവിച്ചാലും ഈ ഹിന്ദു ഉത്സവം ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് രാജ് താക്കറെ വെല്ലുവിളിച്ചു. രാജ് താക്കറെയുടെ സന്ദേശം ട്വിറ്ററില്‍ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് അമേയ കപൂര്‍ പങ്കുവെച്ചു: “ഈ ഹിന്ദു ഉത്സവം എന്തുവില കൊടുത്തും ആഘോഷിക്കും. ഇത് നമ്മുടെ പാരമ്പര്യമാണ്, സംസ്‌കാരമാണ്, ഇത് മുഴുവന്‍ കരുത്തോടെയും ആഘോഷിക്കും.” ചലോ താനെ എന്ന് പറഞ്ഞ് ആഘോഷത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന ചിഹ്നവും സന്ദേശത്തോടൊപ്പം രാജ് താക്കറെ പങ്കുവെച്ചു.
‘ഇരട്ട വാക്‌സിന്‍ എടുത്തവര്‍ മാത്രമേ ഉത്സവത്തില്‍ പങ്കെടുക്കൂ എന്ന് പറഞ്ഞിട്ടുള്ളതാണ്. പിന്നെ എന്തിനാണ് സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നത്?’- മഹാരാഷ്‌ട്ര നവനിര്‍മ്മാണ സേനയുടെ മറ്റൊരു നേതാവായ അഭിജിത് പാന്‍സെ ചോദിക്കുന്നു. ‘അവര്‍ക്ക് പ്രതിഷേധങ്ങള്‍ നടത്താം, ഞങ്ങള്‍ക്ക് ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പറ്റില്ലേ?’- ശിവസേനയെ വെല്ലുവിളിച്ച് അദ്ദേഹം ചോദിക്കുന്നു. അറസ്റ്റിലായ ഗോവിന്ദാസ് പതക്കുകളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇനി അവര്‍ പുറത്തുവന്നില്ലെങ്കിലും ഈ ഉത്സവം മുഴുവന്‍ ഊര്‍ജ്ജത്തോടെയും ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: