ശ്ലോകം 353
ഇത്ഥം വിപശ്ചിത് സദസത് വിഭജ്യ
നിശ്ചിത്യ തത്ത്വം നിജ ബോധ ദൃഷ്ട്യാ
ജ്ഞാത്വാ സ്വമാത്മാനമഖണ്ഡ ബോധം
തേഭ്യോ വിമുക്തഃ സ്വയമേവ ശാമ്യതി
ഇങ്ങനെ വിവേകി സത്തിനേയും അസത്തിനേയും വേര്‍തിരിച്ചറിഞ്ഞ് സ്വയം അനുഭവ ദൃഷ്ടി കൊണ്ട് തത്ത്വനിര്‍ണ്ണയം ചെയ്ത് തന്റെ ആത്മാവ് ബോധസ്വരൂപമെന്ന് സാക്ഷാത്കരിച്ച് വിമുക്തനായി ശാന്തിയനുഭവിക്കുന്നു.
പരമാര്‍ത്ഥത്തെ ദര്‍ശിക്കുന്ന മുമുക്ഷുവിന് ബ്രഹ്മം മാത്രം സത്യമെന്നും മറ്റെല്ലാം മിഥ്യയെന്നും ബോധ്യപ്പെടും. വിചാരത്തിലൂടെ രൂപപ്പെടുന്ന തന്റെ അനുഭവത്തിന്റെ കാഴ്ചപ്പാടില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവ് നേടുന്നു. എന്താണ് യഥാര്‍ത്ഥ വസ്തു എന്ന് ബോധ്യപ്പെടും. ആത്മാവ് അഖണ്ഡമായ ബോധസ്വരൂപമാണെന്നറിയും. അവിദ്യ തുടങ്ങിദേഹം വരെയുള്ളവയെ അനാത്മ വസ്തുക്കളാണെന്ന് ബോധ്യമാകും. ആത്മസ്വരൂപമായ താന്‍ അവയില്‍ നിന്നും ശബ്ദം തുടങ്ങിയ വിഷയങ്ങളില്‍ നിന്നും മുക്തനായി പ്രകാശ സ്വരൂപനായി സ്വയം വിളങ്ങും.
കഴിഞ്ഞ 350,51 ശ്ലോകങ്ങളില്‍ അനാത്മ വസ്തുക്കളെ വിവരിച്ചു. അതിന് ശേഷം 352 ല്‍ സത്യ വസ്തു എന്തെന്ന് നിര്‍വചിച്ചു.
വിവേകിയായ സാധകര്‍ അപ്പറഞ്ഞ രീതിയില്‍ ആത്മ അനാത്മ വിചാരം ചെയ്യണം. യുക്തിയോടെയുള്ള വിചാരത്തിന്റെയും ശരിയായ നിരീക്ഷണത്തിന്റെ ഫലമായി സത്യത്തിന്റെ പ്രകൃതത്തെ അറിയാന്‍ കഴിയും. ഇങ്ങനെ സമ്യക് ദര്‍ശനത്തെ നേടിയ സാധകനാണ് ആത്മാവിനെ സാക്ഷാത്കരിക്കുക.
ആത്മാവിന്റെ യഥാര്‍ത്ഥ സ്വരൂപമായ അഖണ്ഡ ബോധത്തെ സാക്ഷാത്കരിക്കുമ്പോള്‍ അജ്ഞാനവും അന്യഥാ ജ്ഞാനും നശിക്കുന്നു. ഇതുമൂലം ആവരണവും വിക്ഷേപവും ഇല്ലാതാകും. ആവരണവും വിക്ഷേപവും നീങ്ങിയാല്‍ സാധകന് പരമമായ ശാന്തിയെ നേടും.
തന്റെ ആദ്ധ്യാത്മികസ്വരൂപം സാക്ഷാത്കരിക്കുമ്പോള്‍ എല്ലാ തടസ്സങ്ങളും പൂര്‍ണ്ണമായി ഇല്ലാതാകും. എല്ലാ വാസനകളും കൂടി ഇല്ലാതായി പോകും. വിമുക്തന്‍ എന്ന പദം കൊണ്ട് വിശേഷേണയുള്ള മുക്തിയെ കുറിക്കുന്നു.
വിപശ്ചിത് എന്ന വാക്കു കൊണ്ട് വിവേകിയായ സാധകന് എന്നറിയണം.
തന്റെ ബോധ ദൃഷ്ടി കൊണ്ട് തത്ത്വത്തെ അറിഞ്ഞ് അവനവന്റെ ആത്മസ്വരൂപം അഖണ്ഡ ബോധം തന്നെയെന്നറിയാന്‍ വിവേകിക്കേ സാധിക്കൂ.
സാധകന് ആത്മ അനാത്മ വിവേചനം ചെയ്ത് അറിഞ്ഞ് അനാത്മ വസ്തുക്കളില്‍ നിന്ന് വിരക്തി നേടും. പിന്നെ ആത്മസ്വരൂപവുമായി പൂര്‍ണ്ണമായി താദാത്മ്യം പ്രാപിക്കലുമാണ്. അപ്പോള്‍ പൂര്‍ണ്ണ വിമുക്തിയും സ്വയം ആത്മസ്വരൂപമായി വിളങ്ങുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: