തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പു സമവാക്യങ്ങളില്‍ വലിയ മാറ്റം വരുന്നു. ഒരു കാലത്ത് പ്രതാപത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ഒന്നിക്കാനാണ് തീരുമാനം. എതിര് ചേരിയായിരുന്നെങ്കിലും പുതിയ നേതൃത്വം എത്തിയതും ഡിസിസി പ്രസിഡന്റുമാരുടെ നിയമനവും എത്തിയതോടെ നിലനില്ക്കാന് ഇനി ഒന്നിക്കേണ്ട അവസ്ഥയിലാണ് എയും ഐയും. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ഹൈക്കമാന്‍ഡുമായി ഏറ്റവും അടുത്തു നില്ക്കുന്ന കെ.സി. വേണുഗോപാല്‍ എന്നിവരുടെ മൂന്നംഗ സംഘമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മൂന്നംഗ സംഘം ശക്തമായതോടെ എ,ഐ ഗ്രൂപ്പുകളിലെ പല പ്രമുഖരും ഗ്രൂപ്പില്‍ നിന്ന് തത്കാലമെങ്കിലും പിന്മാറിയിട്ടുണ്ട്. ടി.സിദ്ദിഖ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ ഉമ്മന്‍ ചാണ്ടിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിച്ച നേതാക്കളായിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇവര്‍ എ ഗ്രൂപ്പുമായി സഹകരിക്കേണ്ട എന്ന നിലപാടിലാണ്. സുധാകരനും സതീശനും കേരളത്തിലെ കാര്യങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഇവര്‍ക്കു വേണ്ടി ദല്‍ഹിയില്‍ എല്ലാ കരുക്കളും നീക്കുന്നത് വേണുഗോപാലാണ്. എ,ഐ ഗ്രൂപ്പുകളുടെ ആധിപത്യം അവസാനിപ്പിക്കാന്‍ കെ. മുരളീധരന്റെ നിശബ്ദ പിന്തുണയും മൂന്നംഗ സംഘത്തിനുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ചേരിതിരിഞ്ഞാണ് പ്രവര്‍ത്തനമെങ്കിലും സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പരസ്പരം ധാരണയില്‍ എത്തുമായിരുന്നു. ഇതുകൊണ്ട് തന്നെ കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും ഈ രണ്ടു ഗ്രൂപ്പുകളില്‍ ഏതിനോടെങ്കിലും ആഭിമുഖ്യം പുലര്‍ത്തുന്നവരായിരുന്നു. സ്ഥാനമാനങ്ങളും പദവികളുമെല്ലാം ഈ ഗ്രൂപ്പ് നേതാക്കള്‍ വീതംവച്ച് എടുക്കുന്നതായിരുന്നു നിലവിലെ രീതി.
വലിയ തര്‍ക്കങ്ങളും വിയോജിപ്പുകളും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍പോലും ഇക്കാര്യങ്ങളില്‍ അവര്‍ ധാരണയില്‍ എത്തി പാര്‍ട്ടിയെ തങ്ങളുടെ പിടിയില്‍ നിര്‍ത്തുമായിരുന്നു. പ്രതിപക്ഷ നേതാവായി രമേശ ചെന്നിത്തല തുടരട്ടെയെന്നു എ ഗ്രൂപ്പ് തന്നെ നിര്‍ദേശിച്ചതു പാര്‍ട്ടിയെ തങ്ങളുടെ ഗ്രൂപ്പുകളുടെ കൈപ്പിടിയില്‍ത്തന്നെ നിര്‍ത്താനായിരുന്നു. എന്നാല്‍, പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചപ്പോഴും ഡിസിസി പ്രസിഡന്റുരുടെ പട്ടിക പ്രഖ്യാപനത്തിലും ഈ പതിവ് തെറ്റി. കോണ്‍ഗ്രസിലെ ചെറുപ്പക്കാരായ ഒരു സംഘവും എ,ഐ ഗ്രൂപ്പുകളില്‍ നിന്ന് അകലം പാലിച്ചു വരികയാണ്. ഇനി മൂന്നംഗം സംഘത്തെ നേരിടാന്‍ എതിര് ചേരിയായി മാറി നിന്നു യുദ്ധം ചെയ്യുന്നതിനേക്കാള്‍ ഒന്നിച്ചു നിന്നു പൊതുശത്രുവിനെതിരേ നേരിട്ട് യുദ്ധമാകണം എന്നാണ് ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും നിലപാട്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്കു ഇതു കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: