ബ്രഹ്മാവിനെയും ഇന്ദ്രനെയും വരുണനെയും ജയിച്ചു. കാമദേവനെയും ജയിക്കണം. അതിനൊരു പദ്ധതിയിട്ടു. രാസലീല. കാളിന്ദീതീരം മുഴുവന്‍ കൃഷ്ണഭക്തകളായ ഗോപികമാരെക്കൊണ്ടു നിറഞ്ഞു. പൂതനാമോക്ഷം മുതല്‍ ഗോവര്‍ദ്ധനോദ്ധാരണം വരെ ഭഗവദ് ലീലകള്‍ കണ്ടും കേട്ടും മതിവരാതെ അവര്‍ ദിനരാത്രങ്ങള്‍ കഴിച്ചു. ഭഗവാനല്ലാതെ മറ്റൊന്നും തങ്ങള്‍ക്കു മനശ്ശാന്തി നല്‍കുന്നില്ല എന്നവര്‍ തിരിച്ചറിഞ്ഞു. അവര്‍ കാളിന്ദീ പുളിനത്തില്‍ ഒത്തുകൂടി. ഭക്തവത്സലനായ ഭഗവാനും അവരോടൊത്തുകൂടി. ഭക്തന്മാരുടെ അഭീഷ്ടം നിര്‍വഹിക്കുക എന്നത് ഭഗവാനു സന്തോഷമുള്ള കാര്യമാണ്.
കൃഷ്ണാവതാരമെടുത്ത് ഏഴു വര്‍ഷമായി വൃന്ദാവനം മഥുരയിലെത്തേണ്ട കാലമായെന്നു ഭഗവാനോര്‍ത്തു. അതിനു മുന്‍പ് തന്നെ ആശ്രയിച്ച് ഗോകുലത്തിലെത്തിയ നിഷ്കളങ്കരായ ഗോപികമാരെ തൃപ്തിപ്പെടുത്തണം. അവരുടെ കാത്തിരുപ്പ് അവസാനിപ്പിക്കണം. താന്‍ നേടിയ ആത്മാനന്ദ രസം അവരുമായി പങ്കുവയ്ക്കണം.
ഭഗവാന് യോഗബലം കൊണ്ട് ഗോപികമാരുടെ കാമദേവനായി. അവര്‍ക്കു മുന്നിലെത്തി. അവരാഗ്രഹിച്ച വേഷം കെട്ടി. ഓരോ ഗോപികയ്ക്കും തോന്നി ഭഗവാന് തന്നോടൊപ്പമാണെന്ന്. രാമരാവണ യുദ്ധത്തില്‍ രാക്ഷസന്മാര്ക്കും ഇതേ അനുഭവമുണ്ടായത്രേ. ഓരോ രാക്ഷസനും തോന്നി രാമന് തന്നോടാണ് എതിര്‍ക്കുന്നതെന്ന്. എത്ര രാക്ഷസന്മാരുണ്ടോ അത്രയും രാമന്മാര്. ഇവിടെ എത്ര ഗോപികമാരുണ്ടോ അത്രയും ഭഗവാനും.
അഹങ്കാരത്തിന്റെ കണികപോലും ഭഗവാന് സഹിക്കാനാവില്ല. പ്രത്യേകിച്ച് ഭക്തന്മാരുടെ അഹംഭാവം. അഹംഭാവികളെന്നും ജനിച്ചു മരിച്ചു സംസാരത്തില്‍ കഴിയണം. അവര്‍ക്കൊരിക്കലും മോക്ഷത്തിന് അര്‍ഹതയും ഇല്ല. ഗോപികമാരില്‍ ചിലര്‍ക്ക് അഹംഭാവവും ശരീരബോധവും നശിച്ചിട്ടില്ലായിരുന്നു. അവരുടെ അഹംഭാവം അകറ്റാന്‍ ഭഗവാന് അല്‍പ്പനേരം അവരുടെ ദൃഷ്ടിയില് നിന്നു മറഞ്ഞുനിന്നു.
ഭഗവാന് അദൃശ്യനായപ്പോള്‍ ഗോപികമാര്‍ ദുഃഖിതരായി. ഒരു നേരവും ഭഗവാന്റെ അസാന്നിധ്യം സഹിക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ ആനന്ദത്തിനാധാരം തങ്ങളല്ലെന്നും ഭഗവാനാണെന്നും അറിഞ്ഞ അവര്‍ ഭഗവാന്റെ രൂപഭാവങ്ങള്‍ അനുകരിച്ചു നാടകമാടി. അവരുടെ ശരീരബോധം പൂര്‍ണമായും നഷ്ടമാക്കിയശേഷം ഭഗവാന് വീണ്ടും അവര്‍ക്കു മുന്പില് പ്രത്യക്ഷനായി.
ഗോപികമാര്‍ അനുഭവിച്ച ആനന്ദലഹരി പറഞ്ഞറിയിക്കാനാവില്ല. ഏവരും രാസലഹരിയിലാണ്ടു. അകത്തും പുറത്തും സര്‍വ്വത്ര ഭഗവാന് മാത്രം. ഭഗവാനും ഭക്തനും രണ്ടല്ല ഒന്നാണ് എന്ന് അനുഭവിച്ചറിഞ്ഞു. കൃഷ്ണനേത് ഗോപി ഏത് എന്ന് തിരിച്ചറിയാതെ അവര്‍ പരസ്പരം അനുനിമിഷം മാറിക്കൊണ്ടിരുന്നു. ഈ ദിവ്യ ലീല കാണാന്‍ ദേവലോകരും ആകാശത്തു അണിചേര്‍ന്നു. പ്രപഞ്ചം മൊത്തം നൃത്തലഹരിയിലായി. സ്ഥലകാലങ്ങള്‍ അവര്‍ക്കു മുന്നില്‍ അപ്രത്യക്ഷമായി. അഥവാ അവര്‍ക്കധീനമായി. ജന്മസാഫല്യം സായൂജ്യമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: