വൈക്കം ഗോപകുമാര്‍ ഒടുങ്ങാത്ത പോരാട്ടവീര്യവും അവിശ്വസനീയമായ ഇച്ഛാശക്തിയും സംഗമിച്ച അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമ. ആര്‍എസ്എസ് പ്രചാരകന് എന്ന നിലയില്‍ അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് സമാനതകളില്ലാത്ത ക്രൂരമായ ശാരീരിക പീഡനങ്ങളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്.
ആര്‍എസ്എസ് ആലപ്പുഴ ജില്ലാ പ്രചാരക് ആയിരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടത് ദിവസങ്ങളോളം പോലീസ് പീഡന ക്യാമ്പില്‍ രാപകലില്ലാതെ മര്‍ദ്ദനത്തിനിരയായി. ഒടുവില്‍ മൃതപ്രായനായപ്പോള്‍ ജയിലിലടയ്ക്കപ്പെട്ടു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടപ്പോഴാണ് മോചിതനായത്. പോലീസ് ക്രൂരത ശരീരത്തില്‍ ഏല്‍പ്പിച്ച ക്ഷതങ്ങള്‍ പരിഹരിക്കുന്നതിനായി ജന്മസ്ഥലമായ വൈക്കത്ത് താമസമാക്കി ചികിത്സ നടത്തി. പിന്നീട് ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യവാഹക് എന്ന നിലയില്‍ കര്‍മ്മരംഗത്ത് സജീവമായി. സംഘനിര്‍ദ്ദേശപ്രകാരം വിശ്വഹിന്ദുപരിഷത്തിന്റെയും തുടര്‍ന്ന് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെയും ചുമതലകള്‍ ഏറ്റെടുത്തു.
തൊണ്ണൂറുകളോടെ വൈക്കം ഗോപകുമാര്‍ തന്റെ പ്രവര്‍ത്തനമേഖല രാജനൈതിക രംഗത്തേക്ക് മാറ്റി. ബിജെപി ജില്ലാ സെക്രട്ടറിയായിരിക്കെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ‘ചെമ്പ് കായല്‍ പദ്ധതി’ പ്രഖ്യാപിക്കുന്നത്. വേമ്പനാട് കായലിന്റെ കിഴക്കെ കരയില്‍ ചെമ്പ് ഭാഗത്ത് എലിക താഴ്ത്തി മണ്ണിട്ട് നികത്തി പട്ടയം നല്‍കുന്നതിനുള്ള പദ്ധതി. വേമ്പനാട് കായലിനെയും മത്സ്യസമ്പത്തിനെയും ഇല്ലാതാക്കുന്ന പദ്ധതിക്കെതിരെ വേമ്പനാട് കായല്‍ സംരക്ഷണസമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. കേന്ദ്രമന്ത്രി മനേകഗാന്ധി ഇടപ്പെട്ട് പദ്ധതി അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് ചെമ്പ് കായല്‍ പ്രക്ഷോഭം അവസാനിച്ചത്. തുടര്‍ന്ന് വൈക്കം ഗോപകുമാര്‍ ബിജെപിയുടെ ജില്ലാ പ്രസിഡന്റായി. അക്കാലത്ത് ചെമ്പ് മുറിഞ്ഞപുഴയില്‍ നിന്നും ആരംഭിച്ച പദയാത്ര ബിജെപിയുടെ സംഘടനാ ചരിത്രത്തിലെ ഒരു അവിസ്മരണീയ പരിപാടിയായിരുന്നു. ബിജെപി സംസ്ഥാന സഹസംഘടനാ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
അടിയന്തരാവസ്ഥയിലെ ക്രൂരമര്‍ദ്ദനം അദ്ദേഹത്തിന്റെ ശരീരത്തില്‍ ഏല്‍പ്പിച്ചിരുന്ന ക്ഷതങ്ങള്‍ പ്രായം വര്‍ദ്ധിക്കുന്നതനുസരിച്ച് അവശതയായി മാറി. വൃഷണങ്ങള്‍ നീക്കം ചെയ്യേണ്ടിവന്നു. കൂടാതെ വിവിധ അസുഖങ്ങളും ബാധിച്ചു. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള നിരന്തരയാത്രകള്‍ സാധ്യമല്ലാതെ വന്നതൊടെ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിത്വ സവിശേഷത എവിടേയും ഒതുങ്ങിക്കൂടാന്‍ അനുവദിച്ചില്ല. വൈക്കത്തെ പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളില്‍ സക്രിയമായി ഇടപ്പെട്ടു കൊണ്ടേയിരുന്നു.
വൈക്കം സത്യഗ്രഹ സമരകാലത്ത് സത്യഗ്രഹ വാളണ്ടിയര്‍മാര്‍ക്ക് കുടിവെള്ളം നിഷേധിച്ചപ്പോള്‍ ശ്രീനാരായണ ഗുരുദേവന് നേരിട്ട് ഇടപ്പെട്ട് ഒരു സെന്റ് സ്ഥലം വാങ്ങി നഗരമധ്യത്തില്‍ കിണര്‍ നിര്‍മ്മിച്ച് നല്കി. അതില്‍ നിന്നുള്ള വെള്ളമാണ് പിന്നീട് സത്യഗ്രഹികള്‍ ഉപയോഗിച്ചത്. ആ കിണര്‍ അന്യാധീനപ്പെട്ടു പോകുന്ന സ്ഥിതി വന്നപ്പോള്‍ വൈക്കം ഗോപകുമാര്‍ ഇടപ്പെട്ടു. നഗരസഭ ഓഫീസിലും, രജിസ്ട്രാര്‍ ഓഫീസിലും കയറിയിറങ്ങി രേഖകള്‍ സംഘടിപ്പിച്ച് ഈ കിണര്‍ സംരക്ഷിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി വാങ്ങി.
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ലൗജിഹാദ്’ ഒരു ദേശീയ വിഷയമാക്കുകയും സുപ്രീം കോടതിയില്‍ വിഷയമെത്തുകയും ചെയ്തത് വൈക്കം ടിവിപുരത്തെ അഖില കേസുമായി ബന്ധപ്പെട്ടാണ്. ആ സംഭവത്തില്‍ നിയമ പോരാട്ടവുമായി മുന്നോട്ടു പോകാന്‍ അഖിലയുടെ പിതാവിന് ആത്മധൈര്യം പകര്‍ന്നു നല്‍കിയത് വൈക്കം ഗോപകുമാറാണ്. കേസിന്റെ വിധി പൂര്‍ണ്ണമായും അനുകൂലമായില്ലെങ്കിലും ലൗ ജിഹാദ് എന്ന മാരക വിപത്തിനെ കരുതിയിരിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുവാന്‍ വൈക്കം ഗോപകുമാറിന്റെ ഇടപെടലിലൂടെ സാധിച്ചു. ഓരോ വിഷയങ്ങളെ സംബന്ധിച്ചും കൃത്യമായ പഠനം നടത്തിയ ശേഷമേ അദ്ദേഹം ഒരു നിലപാട് കൈക്കൊള്ളാറുണ്ടായിരുന്നുള്ളു. അങ്ങനെ എടുക്കുന്ന നിലപാടുകളില്‍ ഉറച്ചുനില്ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വൈക്കം ഗോപകുമാര്‍ എക്കാലവും ഒരു മാതൃകയാണ്.
പി.ജി. ബിജുകുമാര്‍
(ബിജെപി കോട്ടയം ജില്ല
വൈസ് പ്രസിഡന്റ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: