മുംബൈ: സംസ്ഥാന മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനും മറ്റുള്ളവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശിവസേന നേതാവും മഹാരാഷ്ട്ര ഗതാഗതമന്ത്രിയുമായ അനില്‍ പരബിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നോട്ടിസ് നല്കി. ഉദ്ധവ് താക്കറെ നേതൃത്വം നല്കുന്ന മഹാവികാസ് അഘാടി സര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യ വകുപ്പിന്റെ ചുമതലകൂടി പരബിനുണ്ട്.
ചൊവ്വാഴ്ച ദക്ഷിണ മുംബൈയിലെ ഇഡിയുടെ ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരാകാന്‍ നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും ദേശ്മുഖിന് ഇഡി നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും എത്തിയിരുന്നില്ല.
അനില്‍ ദേശ്മുഖിന്റെ രാജിയിലേക്ക് നയിച്ച മഹാരാഷ്ട്ര പൊലീസ് സംഘത്തിലെ നൂറുകോടി രൂപയുടെ കൈക്കൂലി പിരിവുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം നടത്തുന്നത്. നൂറുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന മുംബൈ പൊലീസ് മുന്‍ കമ്മിഷണര്‍ പരം ബീര്‍ സിംഗിന്റെ ആരോപണത്തെ തുടര്‍ന്ന് സിബിഐ ദേശ്മുഖിനെതിരെ അഴിമതിക്കേസ് എടുത്തിരുന്നു. തുടര്‍ന്നാണ് ഇഡിയും അനില്‍ ദേശ്മുഖിനും മറ്റുള്ളവര്‍ക്കുമെതിരെ അന്വേഷണത്തിലേക്ക് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: