കൊല്ലം: കുടുംബ പരദേവതയായ ചെട്ടികുളങ്ങര ഭഗവതിയുടെയും ഗണപതി ഭഗവാന്റെയും അനുഗ്രഹമാണ് കൊട്ടാരക്കര ഗണപതിയുടെ പാദപൂജ ചെയ്യുന്നതിനുള്ള അവസരം ലഭിച്ചതിനു പിന്നിലെന്ന് നിയുക്ത കൊട്ടാരക്കര ഗണപതിക്ഷേത്രം മേല്‍ശാന്തി ജി. വാമനന് നമ്പൂതിരി.
വെള്ളിയാഴ്ച ക്ഷേത്രത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് മാവേലിക്കര മറ്റം വടക്ക് കല്ലമ്പള്ളില്‍ ഇല്ലം ജി.വാമനന് നമ്പൂതിരി (49)യെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. വ്യാഴാഴ്ച കുടുംബ സമേതം കൊട്ടാരക്കര ക്ഷേത്രത്തിലെത്തി ഭഗവാനെ പ്രാര്‍ഥിച്ചിരുന്നു. ഇപ്പോള്‍ മേല്‍ശാന്തിയായ തിരുവല്ല ഗ്രൂപ്പില്‍പ്പെട്ട ദ്വാരക പുഷ്ക്കര ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഗണപതി ഹോമത്തിനു ശേഷം ഗണപതിയുടെ അഷ്ടോത്തരശതം ജപിച്ചുകൊണ്ടിരിക്കവേയാണ് ഫോണില്‍ ശുഭവാര്‍ത്ത എത്തിയതെന്ന് വാമനന് നമ്പൂതിരി പറഞ്ഞു.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്താറുണ്ടായിരുന്നു. മേല്‍ശാന്തിയായി തെരഞ്ഞെടുത്തതിനു ശേഷം ഇന്നലെ വൈകിട്ടും കുടുംബ സമേതം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 2021 സെപ്തംബര്‍ ഒന്നുമുതല്‍ 2022 ആഗസ്റ്റ് 31 വരെയാണ് മേല്‍ശാന്തി കാലാവധി. 2015ല്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തിയായും 2017ല്‍ ആറ്റുകാല്‍ ദേവീക്ഷേത്രം മേല്‍ശാന്തിയായും വാമനന് നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവാര്‍പ്പ് ശ്രീകൃഷ്ണക്ഷേത്രം, കടവൂര്‍ മഹാദേവര്‍ ക്ഷേത്രം, അമ്പലപ്പാട്ട് ഭഗവതിക്ഷേത്രം, ആഞ്ഞിലിപ്ര പുതുശേരിയമ്പലം, ചാലാ മഹാദേവര്‍ ക്ഷേത്രം, കുറ്റിക്കുളങ്ങര ഭദ്രകാളിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി ചുമതല വഹിച്ചു.
നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയായ കല്ലമ്പള്ളില്‍ വി.ഗോവിന്ദന് നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മകള്‍: വൈഷ്ണവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: