ന്യൂദല്‍ഹി : കായിക രംഗത്തോട് രാജ്യത്തെ യുവജനതയ്ക്ക് പ്രിയം വര്‍ധിച്ചു വരികയാണ്. രാജ്യത്തിന് ലഭിക്കുന്ന ഓരോ മെഡലുകളുകളും അമൂല്യങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കിബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരുക്കുകയായിരുന്നു അദ്ദേഹം.
40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടിയിരിക്കുന്നു. ഇന്ത്യന്‍ ഹോക്കിക്കിത് പുതുജന്മമേകി. ഹോക്കിതാരം മേജര്‍ ധ്യാന്‍ ചന്ദിന്റെ ആത്മാവ് സന്തോഷിച്ചിരിക്കാം. ഒരുപാട് മെഡലുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഹോക്കിയില്‍ മെഡല്‍ നേടുന്നതുവരെ ഒരു ഇന്ത്യക്കാരനും സന്തോഷിച്ചിരുന്നില്ല. ഇന്ന് ഈ നേട്ടം രാജ്യം സ്വന്തമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകളുടെ എണ്ണത്തില്‍ കുറവുണ്ടാകാം. എങ്കിലും രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത് ധാരാളമാണ്. ഒളിമ്പിക്സ് അവസാനിച്ചെങ്കിലും പാരാലിമ്പിക്സ് തുടരുകയാണ്. പാരാലിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്സംഘത്തിനായി രാജ്യം ഹര്‍ഷാരവം മുഴക്കുകയാണ്.
കായിക മത്സരങ്ങളുടെ കാഴ്ചക്കാര്‍ മാത്രമല്ല മറിച്ച് കായിക രംഗത്ത് അവസരങ്ങള്‍ തേടുന്നവരാണ് പുതുതലമുറ. കായിക രംഗത്തോട് ഉള്ള പുതുതലമുറയുടെ സ്നേഹം മാതാപിതാക്കളില്‍ വലിയ സന്തോഷമാണ് ഉളവാക്കുന്നത്. മക്കള്‍ കായികമേഖലയില്‍ മുന്നേറുന്നത് കാണുമ്പോള്‍ മാതാപിതാക്കളും സന്തോഷിക്കുകയാണ്. ഈ സ്നേഹമാണ് ധ്യാന്‍ ചന്ദിന് നല്കാവുന്ന ഏറ്റവും വലിയ ആദരവെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്ത് 62 കോടിയില്‍ അധികം പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയിട്ടുണ്ട്. വാക്സിന് എടുത്താലും ജനങ്ങള്‍ ജാഗ്രത കൈവിടരുത്. കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. യുവാക്കളുടെ ഭാവനകളെ ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സംസ്കാരവും ആത്മീയതയും ലോകവ്യാപകമായി പ്രചാരം നേടുകയാണ്. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന നേട്ടത്തിനു പിന്നാലെ ഇന്ത്യയിലെ ആദ്യ ‘വാട്ടര്‍ പ്ലസ് സിറ്റി’ എന്ന ഖ്യാതിയും ഇന്ദോര്‍ സ്വന്തമാക്കിയതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: