ഭാരതം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുകയാണ്. മാര്‍ച്ച് 12നു തുടങ്ങി 2023 ഓഗസ്റ്റ് 15 വരെ 75 ആഴ്ച നീളുന്ന ആഘോഷം. രാജ്യത്തിന്റെ അപാരമായ സാദ്ധ്യതകളില്‍ വിശ്വസിച്ചുകൊണ്ട് മുന്നേറാനുള്ള ഊര്ജ്ജമാവാഹിക്കുകയാണ് ഈ അമൃത് മഹോത്സവത്തിലൂടെ.
പുതിയ നൂറ്റാണ്ടിലെ ഭാരതത്തിന് വലിയ ലക്ഷ്യങ്ങള്‍ സൃഷ്ടിക്കാനും നേടാനുമുള്ള ശേഷിയുണ്ട്. ഏറെക്കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായിതുടങ്ങി. അത് ചരിത്ര തീരുമാനമായ 370-ാം വകുപ്പിന്റെ റദ്ദാക്കല്‍ തീരുമാനമാകട്ടെ, നികുതികളുടെ വലയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച ജിഎസ്ടി നടപ്പിലാക്കിയതാകട്ടെ, ജവാന്മാര്ക്ക് ഒരു റാങ്കിന് ഒരു പെന്ഷന് എന്ന തീരുമാനമാകട്ടെ, രാമജന്മഭുമി പ്രശ്നത്തില്‍ എല്ലാവര്ക്കും സമ്മതമായ സമാധാനപരമായ പരിഹാരമാകട്ടെ ഇതെല്ലാം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടായ വലിയ പരിഹാരങ്ങളാണ്.
മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരാന്‍ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഭാരതത്തില്‍ ഇന്ന് രാഷ്ട്രീയഇച്ഛാശക്തിക്ക് കുറവില്ലെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ സജ്ജവും ബുദ്ധിപരവുമായ ഭരണനേതൃത്വം ആവശ്യമാണ്. ഭാരതം എങ്ങനെയാണ് ഭരണമികവില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്ക്കുന്നതെന്നതിന് ലോകം സാക്ഷിയാവുകയാണ്.
പുരോഗതിയുടെയും മാനവികതയുടെയും പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന നമ്മുടെ രാജ്യത്തിന് പശ്ചാത്തലസൗകര്യം, ലോകോത്തര നിര്‍മ്മാണം, അത്യന്താധുനിക ആശയങ്ങള്‍, പുതിയ കാലത്തെ സാങ്കേതികവിദ്യ എന്നിവയ്ക്കായി വലിയകുതിപ്പ് നടത്തേണ്ടതുണ്ട്.
ഒപ്പം സംസ്കാര സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനുമായി ഭാരതം നടത്തിയ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടം ഓര്‍മ്മിക്കാനുള്ള അവസരം കൂടിയാണിത്. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ വേദനയിലും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം ഭാരതം ഉപേക്ഷിച്ചില്ല. ഓരോ അടിമത്തകാലവും അതിനെതിരായ നിലയ്ക്കാത്ത പോരാട്ടത്തിന്റെ കഥകൂടിയാണ് ഭാരതത്തിന്റെ ദീര്‍ഘകാലത്തെ ചരിത്രം തെളിയിക്കുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അഭിവാഞ്ജയ്ക്ക് ഇവിടെ ഒരിക്കലും കുറവ് വന്നില്ല. ഐതിഹാസികമായ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ വശങ്ങളും അതിന്റെ സമഗ്രതയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ശരിയായ അര്‍ത്ഥത്തിലുള്ള വിലയിരുത്തലുകളും ശക്തമായ സംവാദങ്ങളും ഉണ്ടാവണം
സ്വാമി വിവേകാനന്ദന് ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് പറഞ്ഞത് ‘കഴിയുന്നത്ര ഭൂതകാലത്തിലേക്ക് നോക്കാന്‍ ശ്രമിക്കുക. അവിടെ എപ്പോഴും ഒഴുകുന്ന പുതിയ നീരുറവയിലെ വെള്ളം കുടിക്കുക, അതിനുശേഷം മുന്നോട്ട് നോക്കുക. മുന്നോട്ട് പോയി ഭാരതത്തെ മുമ്പത്തേക്കാളും തിളക്കമാര്‍ന്നതും മഹത്വമുള്ളതും മികച്ചതുമാക്കി മാറ്റുക’ എന്ന്. ഭാവിയിലേക്കുള്ള കുതിപ്പിനൊപ്പം ഭൂതകാലത്തിലേക്ക് നോക്കാനുള്ള ശ്രമം കൂടി ഉണ്ടാകണം. കച്ചവടത്തിന്റെ മറവില്‍ മതസാമ്രാജ്യം സൃഷ്ടിക്കാനുമായിരുന്നു പാശ്ചാത്യര്‍ ഭാരതത്തിലേക്ക് കടന്നുവന്നത്. അവരുടെ ലക്ഷ്യം കേവലം കച്ചവടം മാത്രമായിരുന്നില്ല എന്ന വസ്തുത ലോകത്തോട് വിളിച്ച് പറയാന്‍ ഈ അമൃതോത്സവവേളയിലെങ്കിലും സാധിക്കണം. ഭാരതത്തിലെ സമൃദ്ധമായ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനോടൊപ്പം ക്രൈസ്തവ സാമ്രാജ്യം കെട്ടിപ്പെടുക്കുക എന്നും പാശ്ചാത്യ കടന്നുവരവിന് കാരണമായിരുന്നു. ബ്രിട്ടീഷുകാര്‍ ചെയ്ത കണ്ണില്‍ചോരയില്ലാത്ത ക്രൂരതകള്‍ ലോകത്തോട് വിളിച്ചുപറയാനുള്ള അവസരം കൂടിയാണിത്. ഇതോടൊപ്പം കല, സാഹിത്യം, സിനിമ, വിദ്യാഭ്യാസം, ശാസ്ത്രം, കൃഷി, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളെയും ശരിയായ അര്‍ത്ഥത്തില്‍ ഭാരതീയമാക്കുതിനായി നടന്ന പരിശ്രമങ്ങളും ചര്‍ച്ചചെയ്യപ്പെടണം.
ചരിത്രഗ്രന്ഥങ്ങളെ വിഷമയമാക്കാന്‍ നടന്നതും നടക്കുന്നതുമായ പരിശ്രമങ്ങളെ മനസ്സിലാക്കാനും തിരുത്താനും സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഉപകരിക്കണം. സ്വാതന്ത്ര്യസമരത്തിന്റെ കാലദൈര്‍ഘ്യം, നൈരന്തര്യം, പ്രേരണ, വ്യാപകത്വം, ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വ്യാപകത്വം എന്നിവയെ സംബന്ധിച്ചെല്ലാം ബോധപൂര്‍വ്വമുള്ള വളച്ചൊടിക്കലുകളും ഇകഴ്ത്തലുകളും ഓദ്യോഗിക ചരിത്രരചനയില്‍ കുത്തിത്തിരുകപ്പെട്ടിട്ടുണ്ട്.
ഭാരതീയ സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയനവോത്ഥാനത്തിന്റെയും ഉള്ളടക്കം ഹിന്ദുത്വം അഥവ രാഷ്ട്രത്തനിമ ആയിരുന്നുവെന്ന കാര്യത്തില്‍ മഹര്‍ഷി അരവിന്ദനും, സ്വാമി വിവേകാനന്ദനും ലോകമാന്യ തിലകനും സംശയം ഉണ്ടായിരുന്നില്ല. പക്ഷേ ആ വസ്തുതയെ നിഷേധിക്കുകയും മറച്ചുവെക്കുകയും ചെയ്യുന്ന ചരിത്ര രചനാ സമ്പ്രദായം അക്കാദമിക മേഖലയില്‍ ഇന്നും തുടരുന്നുവെന്നതാണ് ഒരു രാഷ്ട്രം എന്ന നിലയില്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് ചിന്തകനും പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാര്‍ പറയുന്നത്.
”സ്വാതന്ത്ര്യ സമരത്തിന്റെ ഓരോ ഏടും സസൂക്ഷ്മം പുനര്‍വായനയ്ക്ക് വിധേയമാക്കുമ്പോള്‍ സമരത്തിന്റെ കാലദൈര്‍ഘ്യം നൈരന്തര്യം, വ്യാപകത്വം, സര്‍വ്വ സ്പര്ശിത്വം, ബഹുമുഖത്വം, സര്‍വ്വോപരി ‘സ്വത്വത്തിന്റെ’ പ്രേരണ ഇതെല്ലാം വളരെ വ്യക്തമായി നമുക്ക് ബോധ്യപ്പെടും.15-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ പറങ്കികള്‍ക്കെതിരെ നടന്ന ചെറുത്തുനില്‍പ്പായാലും 1764 ല്‍ പോണ്ടിച്ചേരി കീഴടക്കി കൊണ്ട് ഫ്രഞ്ചുകാര്‍ നടത്തിയ അധിനിവേശത്തിനെതിരെ നടന്ന നിരന്തരപോരാട്ടമായാലും 17ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ തെക്കന്‍ തീരങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ച ഡച്ചുകാര്‍ക്ക് എതിരെയുള്ള പ്രത്യാക്രമണങ്ങളായാലും പിന്നീട് വേലുത്തമ്പി ദളവയുടെയും കേരളവര്‍മ്മ പഴശ്ശിതമ്പുരാന്റേയും പാലിയത്തച്ഛന്റേയും ചെമ്പില്‍ അരയന്റെയും തലയ്ക്കല്‍ ചന്തുവിന്റേയും ഒക്കെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ യുദ്ധങ്ങളായാലും എല്ലാം ഒരുപോലെ നേരത്തെ പറഞ്ഞ സത്യത്തെ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നവയാണ്.
ഈ നാടിന്റെ ചിരപുരാതനമായ കീഴ്വഴക്കങ്ങള്‍ക്കും ആചാര അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും എതിരെയുള്ള കടന്നാക്രമണമായിട്ടാണ് കോളനിവല്‍ക്കരണത്തെ ദേശഭക്തരായ ജനങ്ങള്‍ കണ്ടത്. വേലുത്തമ്പിദളവയുടെ കുണ്ടറ വിളംബരവും തമിഴ്നാട്ടിലെ ശിവഗംഗ പ്രദേശത്ത് മരുത് സഹോദരന്മാരുടെ ജംബുദ്വീപ് വിളംബരവും ‘സ്വത്വത്തെ സാക്ഷാത്കരിക്കുന്നതിനായാണ് ഞാന്‍ പരധര്മ്മികളായ ഇംഗ്ലീഷുകാര്‍ക്കെതിരെ പോരാടുന്നത്’ എന്ന ഝാന്‍സി റാണിയുടെ പ്രഖ്യാപനവും പുരിജഗന്നാഥനെ കൊടിയടയാളമാക്കിക്കൊണ്ട് അതിദീര്‍ഘകാലം ബ്രിട്ടീഷുകാര്‍ക്കെതിരെ ഒറീസയില്‍ നടന്ന പൈക്ക വിപ്ലവവുമൊക്കെ അത്തരം സംഭവങ്ങളില്‍ ചിലതു മാത്രമാണ്.
തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യത്തിനും സാമ്രാജ്യവിപുലീകരണത്തിനും ഉതകുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും ഇംഗ്ലീഷുകാരോ മറ്റു പാശ്ചാത്യരോ ഇവിടെ ചെയ്തിട്ടില്ല എന്ന സത്യം സമൂഹം തിരിച്ചറിയാന്‍ ഈ മഹോത്സവ കാലത്തെങ്കിലും തയ്യാറാകണം. നീതിനിയമങ്ങള്‍ക്ക് പുല്ലുവിലപോലും നല്‍കാത്ത ക്രൂരതയുടെ പര്യായങ്ങള്‍ ആയിരുന്നു കൊളോണിയല്‍ ഭരണാധികാരികള്‍ എന്ന വസ്തുത ശരിയായ ചരിത്രപഠനങ്ങളിലൂടെ ഏതൊരാള്‍ക്കും ബോധ്യപ്പെടും. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ഏതെങ്കിലും ഒരു ഇംഗ്ലീഷ് ഉദ്യോഗസ്ഥന്റെ കൈപ്പിഴയോ അമിതാവേശമോ ആയിരുന്നില്ല. രാജസ്ഥാനിലെ ബാസ്വാലയ്ക്കു സമീപമുള്ള മാന്‍ഗറ്റ് മലനിരകളില്‍ പൂജ്യഗോവിന്ദഗുരുവിന്റെ അനുയായികളായ 1500 ല്‍ അധികം ദേശഭക്തരെയാണ് ബ്രിട്ടീഷ് പോലീസുകാര്‍ വളഞ്ഞുവെച്ച് വെടിവെച്ച് കൊന്നുകളഞ്ഞത്. ഒറീസയിലെ ഇറം കൂട്ടക്കൊലയും ഇതു തന്നെയാണ് വ്യക്തമാക്കുന്നത്. ഇന്ന് തദ്ദേശീയര്‍ ആ പ്രദേശത്തെ രക്ത തീര്‍ത്ഥ ഇറം എന്നാണ് വിളിച്ചാരാധിക്കുന്നത്.
സത്യത്തെ തമസ്കരിച്ച് ഭാരതീയരുടെ ഉള്ളില്‍ അപകര്‍ഷതാബോധം വളര്ത്തുതിനും ഭരണാധികാരികളായ ഇംഗ്ലീഷ് ഉദ്യോഗസ്ഥരെക്കുറിച്ച് ശ്രേഷ്ഠബോധം ഉണ്ടാക്കാനും വേണ്ടിയാണ് ഇംഗ്ലീഷ് ചരിത്രകാരന്മാര് ശ്രമിച്ചത്. ‘മുഖ്യധാരാ’ ചരിത്രഗ്രന്ഥങ്ങള്‍ വഴി തലമുറകളിലേക്ക് അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന വികല വ്യാഖ്യാനങ്ങള്‍ തിരുത്തപ്പെടുക എന്നതാണ് പോംവഴി.നമ്മുടെ സ്വാതന്ത്ര്യസമരം അദ്വിതീയവും ഐതിഹാസികവും ആയിരുന്നു എന്ന യാഥാര്‍ത്ഥ്യം വസ്തുനിഷ്ഠമായി സംവദിക്കപ്പെടുന്ന ഉണര്‍വിന്റെ കാലമായി സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം മാറണം”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: