കേരളത്തിലെ കീഴാളവര്‍ഗ്ഗ മുന്നേറ്റങ്ങളും പരിവര്‍ത്തനങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതില്‍ മുഖ്യധാരാ ചരിത്രകാരന്മാര് വിജയിച്ചില്ലെന്നത് ഖേദകരമാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് 1911-ല്‍ രൂപം കൊണ്ട ബ്രഹ്മപ്രത്യക്ഷസാധുജനപരിപാലനസംഘം ചരിത്രത്തില്‍ അവഗണിക്കപ്പെട്ടു പോയത്.
കൊല്ലവര്‍ഷം 1087 ചിങ്ങം 13 ന് (1911 ആഗസ്റ്റ് 29 ) ചങ്ങനാശ്ശേരി മണലോടി എന്ന പറയഗൃഹത്തിലാണ് ബ്രഹ്മ പ്രത്യക്ഷ സാധുജനപരിപാലനസംഘം പിറന്നത്. തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയില്‍ നീണ്ട ഒന്നരപ്പതിറ്റാണ്ട് കാലം സാമാജികനായിരുന്ന (അയ്യന്‍കാളി കഴിഞ്ഞാല്‍ കീഴാളവര്‍ഗ്ഗത്തില്‍ ഏറ്റവും കൂടുതല്‍ കാലം) കാവാരികുളം കണ്ടന്‍കുമാരനാണ് സംഘം സ്ഥാപിച്ചത്.
മറ്റ് അധഃസ്ഥിത സമുദായങ്ങളെ പോലെയോ അതിലും മോശമോ ആയിരുന്നു ഇവിടുത്തെ സാംബവരുടെ (പറയര്) സ്ഥിതി. പറയരുടെ കുലം ശ്രേഷ്ഠമാണെന്ന് പുരാണങ്ങളും ഐതിഹ്യങ്ങളും ഉദ്ഘോഷിക്കുമ്പോഴും ഏറ്റവും മ്ലേച്ചരാണെന്ന കാഴ്ചപ്പാട് ശക്തമായിരുന്നു. ഏറ്റവും ഭൃഷ്ട് കല്പിക്കപ്പെട്ടവരായിരുന്നു പറയര്.
അവര്‍ പിന്തുടര്‍ന്ന ആചാരങ്ങള്‍ ശുചിത്വരഹിതമായ ചില പിന്തുടര്ച്ചകള് എന്നിവ അവമതിപ്പിന് ആക്കം കൂട്ടി. എന്നാല്‍ പറയരുടെ ആരാധനാ സമ്പ്രദായങ്ങള്‍, ഭക്തി, പ്രാര്‍ത്ഥനാ രീതികള്‍, ദൈവ സങ്കല്പങ്ങള്, മന്ത്ര- താന്ത്രിക വിദ്യകള്‍, ബുദ്ധിശക്തി, ഇവയൊക്കെ പൊതു സമൂഹത്തില്‍ മതിപ്പുളവാക്കുന്നതും വിശ്വാസം ജനിപ്പിക്കുന്നതുമായിരുന്നു. പരമ്പര്യമായി ചെയ്തുവരുന്ന ഈറ്റത്തൊഴില്‍ കാര്‍ഷിക മേഖലയില്‍ പറയരുടെ സാന്നിദ്ധ്യം അടി വരയിട്ട് ഉറപ്പിച്ചിരുന്നു.
കൊട്ടയും വട്ടിയും മുറവും പനമ്പും കാര്‍ഷിക – ഗാര്‍ഹിക മേഖലയില്‍ നിന്നും സമുദായത്തെ വേര്‍പെടുത്താനാവാത്തതായിരുന്നു. പ്രകൃതി സൗഹൃദം ഏറ്റവും കാത്തു സൂക്ഷിച്ചവരായിരുന്നു അവര്‍. പറയരുടെ അന്നംമുട്ടിക്കുന്ന പ്ലാസ്റ്റിക് വിപ്ലവത്തിന്റെ സാമൂഹിക വിപത്ത് മുന്‍കൂട്ടി അറിഞ്ഞു കൊണ്ടല്ലെങ്കിലും പറയര് മാനവരാശിയെ എത്രമാത്രം സംരക്ഷിച്ചിരുന്നു എന്നതിന്റെ നിദര്‍ശനം കൂടിയാണ് ഇന്നത്തെ ആശങ്കാജനകമായ പാരിസ്ഥിതിക വേവലാതികള്‍.
അജ്ഞതയും അന്ധവിശ്വാസവും കൊണ്ട് വരിഞ്ഞു മുറുക്കപ്പെട്ട തന്റെ ജനതയില്‍ ബ്രഹ്മത്തെ അഥവാ അറിവിനെ ജ്വലിപ്പിച്ച് (പ്രത്യക്ഷീകരിച്ച്) സാധുജന പരിപാലനം സാദ്ധ്യമാക്കുക എന്ന ഉള്‍ക്കാഴ്ചയോടെയാണ് കണ്ടന്‍കുമാരന്‍ സംഘടന രൂപീകരിച്ചത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗ്രാമീണജനത കൂടുതല്‍ പാര്ശ്വവല്ക്കരിച്ചു കൊണ്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും എത്തി നോക്കാത്ത, കടലാസിലൊതുങ്ങുന്ന സുസ്ഥിര വികസനം അവരെ അസഹനീയമാം വിധം അരികു ജീവിതങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. സാമൂഹിക സുരക്ഷിതത്വം തീരെ ഇല്ലാതെ വര്‍ത്തമാനകാലത്തിന്റെ ഈ നേര്‍സാക്ഷ്യത്തിന്റെ നടുവില്‍ നിന്ന് ഒരു നൂറ്റാണ്ട് പിറകിലേക്ക് നോക്കുമ്പോഴാണ് അയ്യന്‍കാളിയുടെ സാധുജന പരിപാലന സംഘവും കണ്ടന്‍കുമാരന്റെ ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘവും ചരിത്രത്തില്‍ യശ:സ്തംഭങ്ങളായി നിലകൊള്ളുന്നത്.
വഴി നടക്കാനും ആടയും ആഭരണങ്ങളുമണിയാനും വേലയ്ക്ക് സ്ഥിരതയും കൂലിയും വേണമെന്നും അറിവില്‍ നിറവുണ്ടാകണമെന്നും മണ്ണിന്റെ മക്കള്‍ക്ക് മണ്ണ് വേണമെന്നും ആവശ്യപ്പെട്ടാണ് അവര്‍ പ്രക്ഷോഭങ്ങള്‍ നയിച്ചത്.
സര്‍ക്കാര്‍ സ്ക്കൂള് പ്രവേശം ജാതിയുടെ പേരില്‍ തടയപ്പെട്ടപ്പോള്‍ സ്വന്തം നിലയില്‍ സ്ക്കൂളുകള്‍ ആരംഭിക്കാന്‍ കണ്ടന്‍കുമാരന്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തുടനീളം 52 ഏകാദ്ധ്യാപക പാഠശാലകള്‍ സ്ഥാപിച്ചു. അവിടെ വിവിധ ജാതി മതസ്ഥരെ അദ്ധ്യാപകരായി നിയമിച്ചു.
1917 ഫെബ്രുവരി 22 ലെ പ്രജാസഭാപ്രസംഗം കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമായിരുന്നു. കീഴാള ജനതയുടെ വിദ്യാഭ്യാസ വികസന വിപ്ലവത്തിന് തിരിതെളിയിച്ചത് കാവാരികുളം കണ്ടന്‍കുമാരനും ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘവുമാണ്. ഭൂരഹിതരായ ആളുകള്‍ക്ക് ദാനപ്പതിവിലൂടെ ആയിരക്കണക്ക് ഏക്കര്‍ പുതുവല്‍ – പുറമ്പോക്ക് ഭൂമി പതിച്ചു വാങ്ങി.
സാക്ഷരനായിരുന്ന കണ്ടന്‍കുമാരന്‍ തന്റെ ജനതയെ അറിവിന്റെ ഉടമകളാക്കി. സമുദായ നവീകരണവും ആന്തരിക പരിഷ്ക്കരണവും പ്രാവര്‍ത്തികമാക്കി.പൗരധര്‍മ്മം എന്താണെന്നും മനുഷ്യാവകാശങ്ങള്‍ എന്താണെന്നും പഠിപ്പിച്ചു. സംഘബോധവും സംഘടിത മുന്നേറ്റവും സന്നിവേശിപ്പിച്ചു. 1931 ല്‍ പ്രസിദ്ധീകരിച്ച ജാതി സെന്‍സില്‍ ഈഴവര്‍ അടക്കമുള്ള കീഴ്ജാതിക്കാരില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ (23 ശതമാനം) നേടി സാംബവര്‍ ഒന്നാം സ്ഥാനത്തെത്തി. പില്ക്കാലത്ത് ആ നേട്ടം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല ഇപ്പോഴും പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു.
അടിത്തട്ടില്‍ കഴിയുന്നവരെ മുഖ്യധാരയില്‍ എത്തിക്കുക എന്നാണ് നാടിന്റെ അര്‍ത്ഥപൂര്‍ണ്ണവും അടിസ്ഥാനപരവുമായ വികസനം. ജാതിയുടെ പേരില്‍ സഹസ്രാബ്ദങ്ങളായി സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടതിന്റെ അസമത്വം എല്ലാ മേഖലകളിലും തുടരുകയാണ്. ബ്രഹ്മ പ്രത്യക്ഷ സാധുജന പരിപാലന സംഘം ഒരു നൂറ്റാണ്ട് മുമ്പ് മുന്നോട്ടുവച്ച വിപ്ലവാശയങ്ങള്‍ പ്രസക്തമായി നിലനില്‍ക്കുകയാണ്. അവയെ ചര്‍ച്ചയ്ക്കെടുക്കുകയും മുഖ്യധാരാ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുകയും സത്യസന്ധമായ ചരിത്രം പുനര്‍വായനയ്ക്കായ് സമര്‍പ്പിക്കുകയും വേണം.
രാമചന്ദ്രന് മുല്ലശ്ശേരി
സാംബവ മഹാസഭ
സംസ്ഥാന ജനറല്‍ സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: