, തേഞ്ഞിപ്പലം (മലപ്പുറം): മലപ്പുറം പള്ളിക്കല്‍ പഞ്ചായത്തിലെ ചെട്ടിയാര്‍മാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനി അരുന്ധതിക്ക് ഇന്ന് നിധി കിട്ടിയ സന്തോഷമായിരുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലെന്ന വിഷമം മലയാളത്തിന്റെ മഹാനടനെ അറിയിച്ചപ്പോള്‍, മൊബൈല്‍ ഫോണുമായി അദ്ദേഹം തന്നെ നേരിട്ടെത്തുമെന്ന് അരുന്ധതി തീരെ പ്രതീക്ഷിച്ചില്ല.
ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് പഠിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് അരുന്ധതി സുരേഷ്ഗോപി എംപിയെ ഫോണില്‍ വിളിച്ചത്. എല്ലാത്തിനും വഴിയുണ്ടാക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് അദ്ദേഹം ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. ഇന്നലെ മൊബൈല്‍ ഫോണുമായി അരുന്ധതിയെ കാണാന്‍ അദ്ദേഹം നേരിട്ടെത്തി. ഫോണിനൊപ്പം കൊച്ചിയിലെ പ്രസിദ്ധമായ പ്രത്യേക പലഹാരവും സമ്മാനിച്ചു.
പൂര്‍ത്തിയാകാത്ത അരുന്ധതിയുടെ വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കാമെന്നും ഉറപ്പുനല്‍കിയാണ് അദ്ദേഹം മടങ്ങിയത്. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, മേഖല ജനറല്‍ സെക്രട്ടറി എം. പ്രേമന്, മണ്ഡലം വൈസ് പ്രസിഡന്റ് ഗണേശന് പച്ചാട്ട്, ജനറല്‍ സെക്രട്ടറി കെ.പി. പ്രകാശന്, വി.സി. നാഗന്, സന്തോഷ് ചെമ്പകശ്ശേരി, സുകേഷ് ദേവ്, അര്ജുന് മേച്ചേരി, ടി.ഐ. മധു, പ്രതിഷ്, സുനില്‍ കോതേരി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: