ബെംഗളൂരു: കര്‍ണാടക അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര് പിടിയില്‍. വ്യാജ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ തലപ്പാടി അതിര്‍ത്തിയില്‍ വെച്ചാണ് പോലീസ് പിടിയിലായത്.
മഞ്ചേശ്വരം സ്വദേശി അബൂബക്കര്‍ (28), മുഹമ്മദ് ഷെരീഫ് (34), ചെങ്കള സ്വദേശി അബ്ദുല്‍ തമീം (19), കടപ്പാറ സ്വദേശി ഇസ്മായില്‍ (48), ഹാദില്‍ (25), കബീര്‍ എ.എം (24), ചെറുവത്തൂരില്‍ നിന്ന് ഹസിന് (31) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 25, 26 തീയതികളില്‍ തലപ്പാടി ചെക്ക് പോസ്റ്റില്‍ ആര്‍ടി-പിസിആര്‍ വ്യാജ് റിപ്പോര്‍ട്ട് ഹാജരാക്കിയതിന് നാല് വ്യത്യസ്ത കേസുകളിലായാണ് ഏഴ് പേരെ അറസ്റ്റ് ചെയ്തത്.
കേരളത്തിന്റെ അതിര്‍ത്തിയില്‍ 17 ചെക്ക് പോസ്റ്റുകളാണ് നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്. അതില്‍ ഒന്‍പത് മംഗളൂരു പോലീസ് കമ്മീഷണറേറ്റിന് കീഴിലാണ്. കര്‍ണാടക സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കേരളത്തില്‍ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പിടിയിലായ പ്രതികള്‍ എഡിറ്റ് ചെയ്ത് നിര്‍മിച്ച റിപ്പോര്‍ട്ട് മൊബൈല്‍ ഫോണുകളിലാണ് പൊലീസിനെ കാണിച്ചത്. വിദഗ്ദ പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തിയില്‍ എത്തുന്നവരുടെ എണ്ണം കൂടി വരികയാണെന്നും ഷോപ്പിംഗിനായി മംഗളൂരുവിലെ മാളുകള്‍ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണ് അധികം പേരുമെത്തുന്നതെന്നും മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു. റവന്യൂ, ആരോഗ്യ വകുപ്പിന്റെ പിന്തുണയോടെ ചെക്ക് പോസ്റ്റുകളില്‍ മൂന്ന് ഷിഫ്റ്റുകളിലായി 20 ജീവനക്കാരെ യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി വിന്യസിച്ചിട്ടുണ്ട്. പ്രസ്തുത കേസുകളിലൊന്നില്‍ ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടുകള്‍ വ്യാജമായി ഉണ്ടാക്കാന്‍ സഹായിച്ച ഒരു വ്യക്തിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കൂടുതലായും കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി വഴി യാത്ര ചെയ്യുന്നവരാണ് ഇത്തരം വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത്. ഇത് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ശശികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: