കൊല്ലം: കോര്പ്പറേഷന് പരിധിയില്‍ ഉള്‍പ്പെടെ ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ വന്‍ വീഴ്ച. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനോ കൊവിഡ് പരിശോധന നടത്താനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, ആരോഗ്യവകുപ്പോ തയ്യാറാകുന്നില്ല.
ഫലം പോസിറ്റീവാകുന്നവരെ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആരും ശേഖരിക്കുന്നില്ല. ആരോഗ്യവകുപ്പില്‍ നിന്ന് ബന്ധപ്പെട്ട് മരുന്നുകള്‍ എത്തിക്കുമെങ്കിലും രോഗം എവിടെ നിന്ന് ലഭിച്ചു, രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ആരുമായെല്ലാം സമ്പര്‍ക്കം പുലര്‍ത്തി ഇത്തരം കാര്യങ്ങളിലുള്ള അന്വേഷണമോ, പട്ടിക തയ്യാറാക്കലോ ഉണ്ടാകുന്നില്ല.
ആദ്യ കൊവിഡ് തരംഗത്തില്‍ സംസ്ഥാനത്ത് ഇക്കാര്യങ്ങള്‍ ഫലപ്രദമായി തയ്യാറാക്കിയിരുന്നു. പ്രഥമ, ദ്വതീയ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കല്‍, അഞ്ച് ദിവസങ്ങള്‍ക്കു ശേഷം പരിശോധന എന്നിവ നടത്തിയിരുന്നു. ഇതിനാല്‍ രോഗ വ്യാപനത്തെ ചെറുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതൊന്നും നടക്കുന്നില്ല. സമ്പര്ക്കത്തില്പ്പെട്ടയാള്ക്ക് രോഗം സ്ഥിരീകരിച്ചതറിഞ്ഞാല് സ്വയം നിരീക്ഷണത്തില്‍ പോകുന്നവര്‍ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇത്തരത്തില്‍ പോകുന്നവര്‍ വെറും പത്തുശതമാനം മാത്രമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
മറ്റുള്ളവര്‍ ആദ്യ ദിവസങ്ങളില്‍ രോഗലക്ഷണില്ലാത്തതിനാല് നിരീക്ഷണത്തില്‍ പോകാന്‍ തയ്യാറാകില്ല. ഇവര്‍ പൊതുസമൂഹത്തില്‍ ഇറങ്ങി നടക്കും. പണ്ടിന്നീട് ഇവര്‍ക്കോ, വീട്ടിലുള്ള മറ്റംഗങ്ങള്‍ക്കോ രോഗലക്ഷണമുള്ളപ്പോള് മാത്രമാകും പരിശോധന നടത്തുക. ഈ സമയം കൊണ്ട് ഒരാളില്‍ നിന്ന് നിരവധി പേരിലേക്ക് രോഗം പകര്‍ന്നു കഴിഞ്ഞിരിക്കുമെന്നും ഇതാണ് രോഗ വ്യാപനത്തിനു പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായതിനാലും ജോലി ഭാരത്താലും ആശാവര്‍ക്കര്‍മാരെ ഉപയോഗിച്ചു മാത്രം സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. വാര്‍ഡ് ജാഗ്രത സമിതികളുണ്ടെങ്കിലും ഭൂരിഭാഗവും നിര്‍ജ്ജീവമാണ്. അതിനാല്‍ സന്നദ്ധ സംഘടനകളുടെ സഹായം കൂടി ഇക്കാര്യത്തില്‍ തേടണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രോഗ വ്യാപനം കൂടുതലുള്ള കൊല്ലം ഉള്‍പ്പെടെയുള്ള അഞ്ചു ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘവും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നിലുള്ള വീഴ്ച കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: