മുംബൈ : കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിനൊരുങ്ങി റിലയന്‍സ് ഗ്രൂപ്പിന്റെ റിലയന്‍സ് ലൈഫ് സയന്‍സ്. വാക്‌സിന്‍ നിര്‍മാണത്തിന് മുന്നോടിയായുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കി കഴിഞ്ഞു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ റിലയന്‍സ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
58 ദിവസത്തെ ഒന്നാംഘട്ട പരീക്ഷണങ്ങള്‍ക്കാണ് നിലവില്‍ അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്, അതിനുശേഷമാകും രണ്ട് മൂന്ന് ഘട്ടം പരീക്ഷണം നടത്തുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിലയന്‍സ് സയന്‍സ് കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ ഇതിനുള്ള നടപടികള്‍ റിലയന്‍സ് ഗ്രൂപ്പ് തുടങ്ങി കഴിഞ്ഞു. ദല്‍ഹി, മഹാരാഷ്‌ട്ര, തമിഴ്‌നാട്. ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം സംഘടിപ്പിച്ചിരിക്കുന്നത്.
നിലവില്‍ രാജ്യത്ത് ആറ് വാക്സിനുകള്‍ക്കാണ് അടിയന്തിര ഉപയോഗത്തിന് അനുമതിയുള്ളത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക് എന്നിവയ്‌ക്കും മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍, കാഡില എന്നിവയുടെ വാക്സിനുമാണ് അനുമതിയുള്ളത്.
അതേസമയം കുട്ടികള്‍ക്കുള്ള വാക്സിന് ഇതുവരെ രാജ്യത്ത് അംഗീകാരം ലഭിച്ചിട്ടില്ല. അടുത്തമാസം അവസാനത്തോടെ കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നകാര്യം പരിഗണിക്കുന്നതിനാല്‍ അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സിന്‍ നല്‍കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: