വാഷിങ്ടണ്‍ : കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജിവെച്ച് ഒഴിയണമെന്ന ആവശ്യവുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. ജോ ബൈഡന് നേതൃത്വപാടവമില്ല. രാജ്യം ഭരിക്കാന്‍ അദ്ദേഹത്തിന് ശേഷിയില്ല. രാജിവെച്ചൊഴിയുകയാണ് നല്ലതെന്നും സെനറ്റര്‍ ജോഷ് ഹോൡട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ യുഎസ് സൈന്യം നേരിട്ട ഏറ്റവും ഭീകരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. പ്രദേശത്തെ സാഹചര്യം ഏറ്റവും ഗുരുതരമാണ്. പ്രസിഡന്റ് ജോ ബൈഡന് നേതൃത്വപാടവമില്ലാത്തത് മൂലം ഉണ്ടായ വീഴ്ചയാണ് ഇത്. ബൈഡനും ഉപരാഷ്‌ട്രപതി കമല ഹാരിസും രാജിവെയ്‌ക്കണമെന്നും സെനറ്റര്‍മാര്‍ അറിയിച്ചു. അമേരിക്കയെ നയിക്കാനുള്ള ധാര്‍മ്മികമായ അവകാശം ബൈഡന് നഷ്ടമായി. അഫ്ഗാനിസ്ഥാനില്‍ ബൈഡന്‍ ഭരണകൂടത്തിനുണ്ടായ വീഴ്ച സംബന്ധിച്ച് അന്വേഷണം നട്ത്തണമെന്നും റിപ്പബ്ലിക്കന്മാര്‍ അറിയിച്ചു.
അതേസമയം അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ തുടര്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേര്‍ക്ക് പരിക്കേറ്റു. 13 യുഎസ് സൈനികരും കൊല്ലപ്പെട്ടു. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് താലിബാനും ഇസ്ലാമിക് സ്റ്റേറ്റും മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രദേശത്ത് സ്‌ഫോടനങ്ങള്‍ക്ക് ഇനിയും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
അതിനിടെ കാബൂള്‍ വിമാനത്താവളത്തിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്- ഖൊറാസന്‍ വിഭാഗമാണെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇതിന് ഉത്തരവിട്ട നേതാക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല, തിരിച്ചടിക്കുന്നതായിരിക്കും. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയപ്പോള്‍ തുറന്നു വിട്ട കുറ്റവാളികളുടെ കൂട്ടത്തിലുണ്ടായിരുന്നവര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായി സംശയിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.
കാബൂള്‍ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. സ്‌ഫോടനത്തെ ഇന്ത്യ രാത്രി തന്നെ അപലപിച്ചു. ഭീകരവാദത്തിനും ഭീകരര്‍ക്ക് താവളം നല്‍കുന്നവര്‍ക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: