ഓര്‍മകള്‍ ഒരു തീവണ്ടിപ്പാളത്തിലൂടെ ചൂളം വിളിച്ചുകൊണ്ട് പായുകയാണ്. ഇപ്പോള്‍ ഒരു ഘോരവനത്തിലൂടെയാണ് യാത്ര. ഓര്‍മകളുടെ ആ യാത്രയ്ക്ക് ഒരവസാനവുമില്ല. ഇളം കാടുകളിലൂടെ പിന്നിട്ട യാത്രയാണ് ഇപ്പോള്‍ ആകാശക്കാഴ്ചകള്‍ പോലും മറയ്ക്കുന്ന ഘോര വനത്തിലൂടെ നീളുന്നത്. വനത്തിന്റെ നിഗൂഢസൗന്ദര്യത്തില് വശംവദരായി ഓര്‍മകള്‍ ഇപ്പോള്‍ കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ നില്‍പ്പാണ്. അരുന്ധതി-അവളാണ് വനം. ഉള്ളില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച് തന്റെ നേരെ പുഞ്ചിരിതൂകുന്നവള്. ഞാന്‍ നിരഞ്ജന്. ഉള്ളില്‍ യാതൊന്നും ഒളിപ്പിക്കാതെ അവളെ പ്രണയിക്കുന്നവന്. അവള് എന്റെ മാത്രം കാമുകിയല്ല. ഞാന്‍ അവളുടെ മാത്രം കാമുകനുമല്ല. ഒരുപാട് ചെറുകാടുകളുടെ തണലില്‍ അന്തിയുറങ്ങിയവന്. കാടിനെയല്ല അതിന്റെ നിഴലിനെ മാത്രം പ്രണയിച്ചവന്. അരുന്ധതിയോ? അവള്‍ക്കുമുണ്ട് കാമുകന്മാരേറെ. അതെല്ലാം ഒറ്റവരിപ്പാതപോലെയായിരുന്നു. അവളിലേക്ക് മാത്രം ചെന്നെത്തുന്നത്. എന്നാല്‍ ആ വനത്തിന് മുന്നിലെത്തി പകച്ചുപോയവര്‍ വിദൂരതയില്‍ നിന്നുമാത്രം അവളെ പ്രേമിച്ചു. സ്വപ്നത്തില്‍ മാത്രം അവളെ പരിണയിക്കുകയും ഒന്നാവുകയും ചെയ്തു. എങ്കിലും അവര്‍ക്ക് ആ വനസൗന്ദര്യത്തോട് എന്നും പ്രേമമായിരുന്നു. ഒരിക്കലും സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ളതിനോട് തോന്നുന്ന ഇഷ്ടവും ആരാധനയുമായിരുന്നു.
പക്ഷെ എന്റെ വഴി നീണ്ടതാവട്ടെ അരുന്ധതിയിലേക്കും. പാതിയില്‍ മുറിയാതെ ആ യാത്ര ലക്ഷ്യത്തിലെത്തുകയും ചെയ്തു. പലരും ഭയപ്പെട്ട ആ വനത്തിലേക്കാണ് ഞാന്‍ കൂസലില്ലാതെ കടന്നുകയറിയത്. നീയൊരു ഘോരവനമാണെന്ന് ഞാന്‍ പറയുമ്പോഴെല്ലാം, അവള് മരച്ചില്ലകളില്‍ കാറ്റുപിടിക്കുന്നതുപോലെ ചിരിക്കും.
അവളുടെ മുന്നില്‍ നില്ക്കാന് എന്തുയോഗ്യതയായിരുന്നു എനിക്ക്? ഞാന്‍ ചിന്തിച്ചിട്ടുണ്ട് ഇങ്ങനെ. ഇതേ ചോദ്യം ഞാന്‍ അവള്, അരുന്ധതിയോടും ചോദിച്ചിട്ടുണ്ട്. അതിനവള് പറഞ്ഞ ഉത്തരം എന്നെ ഞെട്ടിച്ചുകളഞ്ഞു. ‘ഞാനൊരു വനമാണെങ്കില്‍, കാടുകളെ അറിഞ്ഞവനുമാത്രമേ അതിനുള്ളിലേക്ക് ധൈര്യപൂര്‍വം നടന്നെത്താനാവൂ. കാടുതാണ്ടുന്നവന്റെ അടുത്ത ലക്ഷ്യം വനമാവാതെ വയ്യല്ലോ’!.
ശരിയാണ്. നിരവധി കാടുകളെ അറിഞ്ഞും അനുഭവിച്ചും ശേഷമാണ് അവളിലേക്കെത്തുന്നത്. ഇനി ഈ വനത്തെ വിട്ട് എങ്ങോട്ടും പോവുക അസാധ്യം. ഒരുപക്ഷെ പോയാല്‍ത്തന്നെ ആരിലും വെളിപ്പെടാതെ മറഞ്ഞുകിടക്കുന്ന ആ രഹസ്യം കണ്ടെത്താന്‍ ഇവിടേക്ക് വരേണ്ടിവരികതന്നെ ചെയ്യും.
സ്ത്രീയെ പ്രകൃതിയോട് ഉപമിച്ചതാരായാലും അത് സത്യമാണെന്ന് ബോധ്യം വന്നത് ഞാന്‍ അരുന്ധതിയില്‍ ലയിച്ചപ്പോഴാണ്. എന്റെ സ്പര്‍ശത്താല്‍ മാത്രം വിടരുന്ന താമരമൊട്ടുകളുള്ള, എന്റെ ദാഹമകറ്റാന്‍ വേണ്ടി മാത്രമൊഴുകുന്ന നീരരുവിയുള്ള വനം.
ചിലപ്പോഴൊക്കെ ഭയാനകമായ മൗനം കൊണ്ട് അവളെന്നെ ഭയപ്പെടുത്തിയിട്ടുമുണ്ട്. അപ്പോള്‍ ദിക്കറിയാതെ, വഴിയറിയാതെ വനത്തിനുള്ളില്‍ അകപ്പെട്ടവന്റെ ഭയവിഹ്വലതകളോടെ ഞാന്‍ അവളെത്തന്നെ അഭയം പ്രാപിച്ചിട്ടുമുണ്ട്. അപ്പോള്‍ എനിക്കുമുന്നില്‍ അവളുടെ പ്രകൃതി ഒന്നാകെ മാറും. അവള് വാചാലയാകും. വനത്തിനുളളില്‍ കലപിലകൂട്ടുന്ന പക്ഷികളെപ്പോലെ അവള്- അരുന്ധതിയും ചിലച്ചുകൊണ്ടിരിക്കും. ചിലപ്പോള്‍ വീശിയടിക്കുന്ന കൊടുങ്കാറ്റിനെപ്പോലും കൂസാതങ്ങനെ നില്ക്കും. അപ്പോഴും അവളില്‍ ഒളിപ്പിച്ച നിഗൂഢതയെ കണ്ടെത്താനാവാതെ ഞാന്‍ അലഞ്ഞു
അരുന്ധതിയെ അപ്പോഴും കാമിക്കുന്നവര്‍ എന്നെ അസൂയയോടെ നോക്കി. അവര്‍ക്ക് മുന്നിലൂടെ ഞെളിഞ്ഞുനടക്കുമ്പോള്, അരുന്ധതി എന്റേതായതിലല്ല, ഞാന്‍ അവളുടേതായതിലാണ് അഭിമാനം കൊണ്ടത്. ആരുടെ മുന്നിലും ഇളകാത്ത പെണ്ണ്.എന്റെ അരുന്ധതി.
സൂര്യകിരണങ്ങളുടെ സ്പര്‍ശംപോലും ഏല്ക്കാതെ അവളില്‍ത്തന്നെ എന്നെ പലപ്പോഴും ഒതുക്കിനിര്‍ത്തി. അതേ അവള് തന്നെ നിറഞ്ഞുപെയ്യുന്ന മഴയില്‍ എന്നെ നനയാനും വിട്ടയച്ചു. ഇളം കാറ്റിനാല്‍ അവളെന്നിലെ ഈര്‍പ്പവും ഒപ്പിയെടുത്തു. അപ്പോഴെല്ലാം ആ നിഗൂഢമായ ചിരിയുടെ അര്‍ത്ഥമറിയാതെ, ആ കണ്ണുകളിലെ തീക്ഷ്ണതയെ നേരിടാനാവാതെ ഞാന്‍ അവളുടെ നിഴലിലേക്ക് നോക്കി.
ഒന്നായെങ്കിലും മറ്റൊരു പ്രകൃതിക്കോ പുരുഷനോ ജന്മം നല്കാനാവാതെ എരിഞ്ഞടങ്ങിയേക്കുമെന്ന ആകുലതകള്‍ക്കിടയിലും ശാന്തത കൈവിടാതെ കാത്തു, അരുന്ധതി. അവള്‍ക്ക് എന്നും ഞാന്‍ മാത്രമായിരിക്കും അവകാശി.
****
അമ്മയാവാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചപ്പോഴാണ് അവളുടെ കണ്ണുകള്‍ ആദ്യമായി നിറഞ്ഞുകാണുന്നത്. തളരരുത് എന്ന് പറയാന്‍ അന്ന് നാവ് പൊന്തിയില്ല. അരുന്ധതിയുടെ കണ്ണീരില്‍ ഉലഞ്ഞുപോയിരുന്നു ഞാന്‍. പക്ഷേ അതൊരു അവസാനമില്ലാത്ത കാത്തിരിപ്പാകുമെന്ന് അന്ന് കരുതിയില്ല. ആളനക്കമില്ലാതെ ഒഴിഞ്ഞ വീടുപോലെയാണ് തന്റെ വയറെന്ന് ഇടയ്ക്ക് പരിതപിക്കും. അവിടെ എന്നെങ്കിലും ഒരതിഥി പാര്‍ക്കാന്‍ എത്തുമെന്ന് വെറുതെയെങ്കിലും സ്വപ്നം കാണും. പുലര്‍കാലത്ത് അത്തരമൊരു സ്വപ്നം കാണാത്തതില്‍ അരിശം കൊള്ളും. യാഥാര്‍ത്ഥ്യവും പ്രതീക്ഷയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍… എന്നാല്‍ അതൊന്നും എന്നിലേക്ക് സംക്രമിക്കാതെ ഇരിക്കാന്‍ അവള് പലപ്പോഴും ശ്രദ്ധിച്ചിരുന്നു. തന്നെ, അമ്മേ എന്ന് വിളിക്കാന്‍ ആരെങ്കിലും ഏതെങ്കിലും കാടകങ്ങളില്‍ അനാഥമായി വളരുന്നുണ്ടോ എന്ന് ഒരിക്കല്‍ ആത്മഗതം പോലെ പറഞ്ഞു. അത് കളിയായിട്ടോ കാര്യമായിട്ടോ എന്ന് എനിക്ക് വിവേചിച്ചറിയാനുമായില്ല. കാലം പിന്നെയും ഇഴഞ്ഞുനീങ്ങി. പിന്നീട് എപ്പോഴോ അവള് ചോദിച്ചു, നിനക്ക് ഞാന്‍ അമ്മയാവട്ടെ എന്ന്!. അന്ന് പെയ്തത് ഒരു തോരാമഴയായിരുന്നു. പിന്നെയവള്‍ ശാന്തമായൊഴുകുന്ന പുഴയായി, ആ ഭാവം സ്ഥായിയായി.
ഓര്മകളിപ്പോള് ഭൂതകാലത്തിന്റെ തുരങ്കം കടന്ന് വര്‍ത്തമാനകാലത്തിന്റെ കടല്‍പ്പരപ്പിന് മുകളിലൂടെ യാത്ര ചെയ്യുകയാണ്. മനസ്സിപ്പോള്‍ ആര്‍ത്തിരമ്പുന്ന കടല്പോലെയല്ല, ശാന്തമാണ്. ആ വനസൗന്ദര്യത്തിനുള്ളിലെ നിഗൂഢത കണ്ടെത്തിയതിന്റെ ആനന്ദമാണുള്ളില്. കണ്ടെത്തിയത്, ഞാന്‍ എന്നെത്തന്നെയാണെന്ന ബോധം. അതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഗൃഹസ്ഥാശ്രമത്തില്‍ നിന്നും വാനപ്രസ്ഥത്തിലെത്തേണ്ടിവന്നു. അരുന്ധതി തീര്‍ത്ത സ്നേഹത്തിന്റെ മാന്ത്രിക വലയം ഭേദിക്കാന്‍ ഒരിക്കലും തുനിഞ്ഞിട്ടില്ലെങ്കിലും സ്വയം തിരിച്ചറിയാന്‍ നാളുകളെടുത്തു എന്നതൊരു പരാജയം തന്നെയാണ്.
വിടരാതെ ശുഷ്കിക്കുന്ന താമരമൊട്ടുകളും ഒഴുക്കിന്റെ ശക്തികുറഞ്ഞ നീരുറവയും അവളില്‍ അടയാളപ്പെടുത്തി കാലം കടന്നപ്പോള്‍, കൂടുതല്‍ ഉണര്‍ന്നത് എന്റെ ബോധപ്രപഞ്ചമാണ്. ഏതുകാടിന്റെ നിഴലില്‍ മയങ്ങിയാലും ശാന്തനിദ്ര തേടി, തപസ്സുചെയ്യാന്‍ ഞാന്‍ ആ വനത്തിനുള്ളിലേക്കുതന്നെ മടങ്ങിയെത്തുമെന്ന നിഗൂഢസത്യത്തെ എത്ര സമര്‍ത്ഥമായാണ് അവള് ഉള്ളില്‍ ഒളിപ്പിച്ചത്. കാലം ആ സത്യത്തെ എനിക്കുമുന്നില്‍ വെളിവാക്കിയിരിക്കുന്നു. അവള് പറയാതെ തന്നെ. മൗനമന്ദഹാസത്തോടെ അരുന്ധതിയെന്ന വനം എന്നെ വിളിക്കുന്നുണ്ട്, ആ വനാന്തരത്തിനുള്ളില്‍ വാനപ്രസ്ഥമനുഷ്ഠിക്കാന്. എല്ലാം ഉപേക്ഷിക്കുകയല്ല, മറിച്ച് ഒരാളെത്തന്നെ മനനം ചെയ്ത്, ധ്യാനിച്ച് അവളെ മാത്രം ഉള്ളില്‍ പ്രതിഷ്ഠിച്ച് സമാധിയടയുവാന്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: