ഭാരതത്തിന്റെ ആദ്യ രാഷ്‌ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദ് 1956 ഫെബ്രുവരിയില്‍ കാലടി ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം സന്ദര്‍ശിക്കുകയുണ്ടായി. അന്ന് രാഷ്‌ട്രപതിയെ മാലചാര്‍ത്തി സ്വീകരിച്ചത് ആശ്രമത്തിലെ ഒരു ഹരിജന്‍ ബാലനായിരുന്നു. ആശ്രമത്തിലെ ക്ഷേത്രത്തില്‍ പൂജ ചെയ്തിരുന്നത് മറ്റൊരു ഹരിജന്‍ ബാലനും. ഇതൊരു നിശ്ശബ്ദ വിപ്ലവമായിരുന്നു. കൊട്ടും കുരവയുമില്ലാതെ ആഗമാനന്ദ സ്വാമികള്‍ ശങ്കരന്റെ മണ്ണില്‍ നടപ്പിലാക്കിയ പരിവര്‍ത്തനത്തിന്റെ നിദര്‍ശനമായിരുന്നു ഇത്. രാഷ്‌ട്രപതിയെ മാലയിട്ട് സ്വീകരിച്ച ആ ഹരിജന്‍ ബാലനാണ് പിന്നീട് ഹൈന്ദവ നവോത്ഥാന പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയായി മാറിയ പദ്മശ്രീ എം.കെ. കുഞ്ഞോല്‍ മാഷ്. പൂജാരിയായിരുന്നത് അധ്യാപനരംഗത്തിലൂടെ നിരവധി ശിഷ്യഹൃദയങ്ങള്‍ കീഴടക്കിയ എം.കെ. വാവക്കുട്ടന്‍ മാസ്റ്ററും. ഹരിജനോദ്ധാരണം മുദ്രാവാക്യങ്ങളില്‍ നിറഞ്ഞുനിന്ന കാലഘട്ടത്തില്‍ അത് പ്രായോഗികമാക്കി ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ച യുഗ പ്രഭാവനായിരുന്നു ആഗമാനന്ദ സ്വാമികള്‍.
പ്രായോഗിക വേദാന്തിയായ ആഗമാനന്ദ സ്വാമികളുടെ 125-ാം ജന്മദിനമാണിന്ന്.
നൂറ്റാണ്ടുകളോളം അവഗണിക്കപ്പെട്ട് അന്ധകാരത്തിലായിരുന്ന ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിക്ക് നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്നത് ആഗമാനന്ദ സ്വാമികളായിരുന്നു. ശ്രീശങ്കരന്റെ അദൈ്വതത്തെ ജീവിതത്തില്‍ പകര്‍ത്തി സാധാരണക്കാര്‍ക്ക് അവ പ്രാപ്യമാക്കിയ ആ മഹാതേജസ്സിനെ കേരളം വേണ്ട രീതിയില്‍ അംഗീകരിച്ചിരുന്നോയെന്ന് സംശയമാണ്.
ചവറയ്‌ക്കടുത്ത് പന്മനയില്‍ 1896 ആഗസ്ത് 27നാണ് ആഗമാനന്ദ സ്വാമി ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വൈദ്യത്തിലും ജ്യോതിഷത്തിലും തന്ത്രശാസ്ത്രത്തിലും സംസ്‌കൃതത്തിലും മഹാപാണ്ഡിത്യം നേടി. ഇംഗ്ലീഷ് വിദ്യാഭ്യാസവും സിദ്ധിച്ചിരുന്നു. ഗാന്ധിയന്‍ ആശയങ്ങളില്‍ പ്രചോദിതനായി വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത് ഗാന്ധിജിക്ക് ജാതീയതയുടെ പൊള്ളത്തരം വിവരിച്ചത് കൃഷ്ണന്‍ നമ്പ്യാതിരിയെന്ന ചെറുപ്പക്കാരനായിരുന്നു. ആഗമാനന്ദയിലേയ്‌ക്കുള്ള ആദ്യചുവടുവയ്‌പ്പായിരുന്നു ഇത്. അവര്‍ണ്ണരെ ക്ഷേത്രവീഥികളില്‍ പ്രവേശിപ്പിക്കുന്നതിനായി വൈക്കം സത്യഗ്രഹം നടക്കുന്ന 1925 മാര്‍ച്ചിലെ ഒരു സായാഹ്നത്തില്‍ മഹാത്മാഗാന്ധി സത്യഗ്രഹ പന്തലിലെത്തി. തുണ്ടതുരുത്തി നമ്പ്യാതിരിയെന്ന ജന്മിയാണ് യാഥാസ്ഥികരുടെ നേതാവ്. അവര്‍ണരെ ക്ഷേത്രവീഥികളില്‍ പ്രവേശിപ്പിക്കുക എന്നത് ശ്രുതികള്‍ക്കും സ്മൃതികള്‍ക്കും വിരുദ്ധമാണെന്ന് ധരിപ്പിക്കാനായിരുന്നു ശ്രമം. വൈശ്യനായ ഗാന്ധിജിയെ ബ്രാഹ്മണനായ നമ്പ്യാതിരിക്ക് ഇല്ലത്ത് കയറ്റാന്‍ മടിയായതിനാല്‍ മുറ്റത്ത് പന്തലിട്ടായിരുന്നു ചര്‍ച്ച. ‘ശാങ്കരസ്മൃതി’ എന്ന കൃതി ശങ്കരാചാര്യരുടേതാണെന്നും അതില്‍ അയിത്തത്തിന്റെ അലംഘനീയതയെപ്പറ്റിയും ഗ്രന്ഥത്തില്‍ നിന്നുദ്ധരിച്ച് ഗാന്ധിജിയെ കേള്‍പ്പിച്ചു. ഈ പ്രമാണങ്ങളുടെ സൂക്ഷമാര്‍ത്ഥം ഗ്രഹിക്കത്തക്ക ജ്ഞാനം തനിക്കില്ലായെന്നും മാളവ്യജിയെ കാണിച്ച് ഗ്രഹിച്ചുകൊള്ളാമെന്നും ഗാന്ധിജി പറഞ്ഞപ്പോള്‍, അടുത്തുനിന്ന കെ. കേളപ്പന്‍ അതിന്റെ ആവശ്യമില്ലെന്നും പണ്ഡിതനായ കൃഷ്ണന്‍ നമ്പ്യാതിരിയെ വിളിക്കാമെന്നും പറഞ്ഞു. ഗാന്ധിജിയുടെ മുന്നിലെത്തിയ കൃഷ്ണന്‍ നമ്പ്യാതിരി ഈ കൃതിക്ക് ശങ്കരാചാര്യരുമായി യാതൊരു ബന്ധവുമില്ലെന്നും ഇതൊരു കള്ളപ്രമാണമാണെന്നും ശങ്കരന്റെ കാലഘട്ടത്തെ പഴക്കമോ ഇല്ലെന്നും അറിയിച്ചു. ശങ്കരന്റെ കൃതികളുടെ ശൈലിയോ പ്രവാഹമോ പ്രൗഡിയോ ഇതിനില്ലെന്നും ധാരാളം വ്യാകരണപിശകുകളുണ്ടെന്നും ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി തുണ്ടതുരുത്തി നമ്പ്യാതിരിയുടെയും മറ്റും തട്ടിപ്പ് വെളിച്ചത്താക്കി. ശാങ്കരസ്മൃതിയുടെ കള്ളത്തരം പൊളിച്ച കൃഷ്ണന്‍ നമ്പ്യാതിരിയാണ് പിന്നീട് ആഗമാനന്ദ സ്വാമിയായത്.
സംന്യാസത്തിന്റെ പാതയിലേയ്‌ക്ക് നീങ്ങിയ അദ്ദേഹം 1928ല്‍ ശ്രീരാമകൃഷ്ണമിഷനിലെ നിര്‍മലാന്ദ സംന്യാസിയില്‍ നിന്ന് സംന്യാസം സ്വീകരിച്ചു. അതിനുശേഷം ഭാരതം മുഴുവന്‍ സഞ്ചരിച്ച് 1936ല്‍ കാലടിയില്‍ ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം സ്ഥാപിച്ചു. ആദ്യം ശ്രീരാമകൃഷ്ണമിഷന്‍ എതിര്‍ത്തെങ്കിലും പിന്നീട് സ്വാമികളെ അംഗീകരിക്കേണ്ടി വന്നു. പാവപ്പെട്ട പട്ടികജാതി ബാലന്മാര്‍ക്കായി ആശ്രമത്തില്‍ ഹരിജന്‍ വെല്‍ഫെയര്‍ ഹോസ്റ്റല്‍ ആരംഭിക്കുകയും അവര്‍ക്ക് താമസവും വിദ്യാഭ്യാസവും നല്‍കി. പലരെയും പൂജാവിധികളും പഠിപ്പിച്ചു. സ്വാമിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന നിരവധി പട്ടികജാതി ബാലന്‍മാര്‍ കളക്ടറും എന്‍ജിനീയറും വിദ്യാഭ്യാസവിചക്ഷണന്‍മാരുമായി ഉന്നതശ്രേണിയിലെത്തിയിട്ടുണ്ട്.
അവഗണിക്കപ്പെട്ട് കിടന്ന ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടിയെ തന്റെ കര്‍മ്മകാണ്ഡത്തിലൂടെ ഉയര്‍ത്തുവാന്‍ കഠിന പ്രയത്‌നമാണ് സ്വാമികള്‍ നടത്തിയത്. കൊടും പട്ടിണിയിലും മറ്റു മതവിഭാഗങ്ങളുടെ ഭീഷണികളെ അതിജീവിച്ചാണ് സ്വാമികള്‍ മുന്നോട്ടുപോയത്. ബ്രഹ്മാനന്ദോദയം സംസ്‌കൃത സ്‌കൂള്‍ തുടങ്ങുമ്പോള്‍ അവര്‍ണ ബാലന്മാരെ കൂടുതലായി ചേര്‍ക്കാനായി പരിശ്രമിച്ചു. വേദം പഠിക്കുന്നവന്‍ സ്വയം ബ്രാഹ്മണന്‍ ആയിക്കള്ളുമെന്ന് പറഞ്ഞാണ് ഹരിജന്‍ ബാലന്മാരെ അഭ്യസിപ്പിച്ചത്. ശ്രീശങ്കരാ കോളജ് എന്ന സ്ഥാപനം ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ചുള്ള സ്വാമിയുടെ ഉദാത്ത കാഴ്ചപ്പാടിനുദാഹരണമാണ്. സംസ്‌കൃത സര്‍വകലാശാല കാലടിയില്‍ നിശ്ചയിക്കാനുള്ള പ്രേരകശക്തിയും സ്വാമിയുടെ കാഴ്ചപ്പാടായിരുന്നു. കാലടിയെയും പെരുമ്പാവൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിയാറിനു കുറുകെയുള്ള ശ്രീശങ്കരാചാര്യ പാലവും സ്വാമികളുടെ പരിശ്രമഫലമായി ഉണ്ടായതാണ്.
കേരള നവോത്ഥാന രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനം നടത്തിയ ആഗമാനന്ദസ്വാമികളെ ചരിത്രം വേണ്ടരീതിയില്‍ വിലയിരുത്തിയിട്ടില്ല. 125-ാം ജന്മവാര്‍ഷികം അതിനുള്ള അവസരമായി മാറുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: