വാഷിംഗ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്തു നടന്ന ഇരട്ട സ്ഫോടനങ്ങളിൽ പ്രസ്താവനയുമായി താലിബാന്‍. ഐഎസ്‌ഐഎസ് ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് യുഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നു ഭീകരസംഘടന പറയുന്നു. ‘ഭീകരപ്രവര്‍ത്തനം’ എന്നാണ് സ്‌ഫോടനത്തെ താലിബാന്‍ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. യുഎസ് സൈനികര്‍ക്കും പരിക്കേറ്റതായാണ് വിവരം.
താലിബാന്‍ ഭരണം പിടിച്ചതിനു പിന്നാലെ യുഎസിന്റെയും പാശ്ചാത്യരാജ്യങ്ങളുടെയും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നതിനിടെ ആയിരക്കണക്കിന് ആളുകള്‍ വിമാനത്താവളത്തിന് പുറത്ത് കാത്തു നില്‍ക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. ചാവേര്‍ ബോംബാക്രമണ ഭീഷണിയുള്ളതായി നേരത്തേ യുഎസിന്റെയും സഖ്യരാജ്യങ്ങളുടെയും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ചില രാജ്യങ്ങളുടെ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിക്കാന്‍ മണിക്കൂറുകളോ, ദിവസങ്ങളോ മാത്രം ശേഷിക്കെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.
‘കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ സ്‌ഫോടനം നമുക്ക് സ്ഥിരീകരിക്കാന്‍ കഴിയും. സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെടുകയോ, പരിക്ക് പറ്റിയിട്ടുണ്ടോയെന്നുള്ളത് ഇപ്പോള്‍ വ്യക്തമല്ല’- സ്‌ഫോടനത്തിന് പിന്നാലെ പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി ട്വീറ്റ് ചെയ്തിരുന്നു. കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സ്‌ഫോടനം നടന്നതെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി. അതേസമയം, അഫ്ഗാനിസ്ഥാനിലെ ബാരന്‍ ഹോട്ടലിന് സമീപം മറ്റൊരു സ്‌ഫോടനംകൂടിയുണ്ടായതായും അദ്ദേഹം അറിയിച്ചു. ആദ്യ സ്‌ഫോടനം നടത്തിയിടത്തുനിന്ന് അടുത്താണ് ബാരന്‍ ഹോട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: