കൊട്ടാരക്കര: പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ യുവതിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ച പോലീസുകാരനെതിരെ കേസ്. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു ജോണിനെതിരെയാണ് (43) കേസ്. ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
കലയപുരം സ്വദേശിനിയായ യുവതിയാണ് വീടിന് മുന്നിലെ സാമൂഹ്യവിരുദ്ധ ശല്യത്തിനെതിരെ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നാല് ദിവസം മുമ്പ് പരാതി നല്‍കിയത്. മദ്യപന്മാര് വീടിന് മുന്നില്‍ സ്ഥിരം ബഹളം കാട്ടുന്നതടക്കമായിരുന്നു പരാതി. പോലീസ് എതിര്‍കക്ഷികളെ വിളിപ്പിച്ച് താക്കീത് നല്കി വിട്ടയച്ചു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലില്‍ പോലീസുകാരന് വിളി തുടങ്ങിയത്. ഇതിനെത്തുടര്‍ന്ന് യുവതി കൊട്ടാരക്കര ഡിവൈഎസ്പി ആര്.സുരേഷിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വസ്തുതകള്‍ ബോധ്യമായ ശേഷമാണ് കൊട്ടാരക്കര പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അച്ചടക്ക നടപടിക്കായി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആദ്യ റിപ്പോര്‍ട്ട് കൂടുതല്‍ വിവരങ്ങള്‍ ചേര്ത്തുലഭിക്കാനായി റൂറല്‍ എസ്പി മടക്കി അയച്ചു. പരാതിക്കാരി സ്റ്റേഷനിലെത്താനിടയായതുമുതല് എല്ലാ സംഭവങ്ങളും ഉള്‍പ്പെടുത്തിയ രണ്ടാമത്തെ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ബിജു ജോണിനെ റൂറല്‍ എസ്പി കെ.ബി.രവി സസ്പെന്‍ഡ് ചെയ്തത്. കൊട്ടാരക്കര വനിതാ സെല്ലില്‍ രണ്ട് വനിതാ എസ്ഐമാര്‍ തമ്മില്‍ത്തല്ലിയതിന്റെ നാണക്കേട് മാറും മുമ്പാണ് പുതിയ സംഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: