ശ്രീജിത്പണിക്കര്‍
ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ രാജ്യദ്രോഹക്കുറ്റം അനിവാര്യമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതേക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. രാജ്യദ്രോഹമെന്നത് കൊളോണിയല്‍ കാലത്തെ അപരിഷ്കൃതനിയമം ആണെന്നും അതിന് ആധുനികസമൂഹത്തില്‍ പ്രസക്തിയില്ലെന്നുമാണ് ഒരു വാദം. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറ പറ്റിയുള്ള രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ ഈ വ്യവസ്ഥ തുടരണമെന്നാണ് മറുവാദം. ഈ സാഹചര്യത്തിലാണ് സമാനവിഷയങ്ങളില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് ചിന്തിക്കേണ്ടത്. ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെ പലപ്പോഴും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗമായി ചിത്രീകരിക്കുന്ന പ്രവണത വ്യാപകമാണെന്ന വസ്തുതയും നമ്മുടെ മുന്നിലുണ്ട്.
പ്രകടമായ രാഷ്ട്രീയചായ്വുള്ള മാധ്യമങ്ങള്‍ക്ക് നിഷ്പക്ഷത പുലര്‍ത്താന്‍ കഴിയില്ലെന്നത് അംഗീകരിക്കപ്പെടുന്ന കാര്യമാണ്. എന്നാല്‍ രാഷ്ട്രീയത്തിന് നിഷ്പക്ഷമെന്ന് അവകാശപ്പെടുന്ന ഒരു മാധ്യമത്തിന്റെ എഡിറ്റോറിയല്‍ നയങ്ങളെ ഏതളവുവരെ സ്വാധീനിക്കാം എന്നത് പ്രസക്തമാണ്. രാഷ്ട്രീയകക്ഷികളുടെ നിലപാടുകളെ വിമര്‍ശനാത്മകമായി സമീപിക്കുകയും ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യേണ്ട ജനാധിപത്യത്തിന്റെ കാവലാള്‍ ആവണം മാധ്യമങ്ങള്‍. എന്നാല്‍ കേരളത്തിലോ, ഇന്ത്യയില്‍ പൊതുവായോ അത്തരം പ്രവണത അപൂര്‍വമാണ്.
ഈയടുത്ത് ഇടുക്കിസ്വദേശിനി സൗമ്യസന്തോഷ് ഇസ്രയേലില്‍ ഹമാസ് റോക്കറ്റാക്രമണത്തിലും റോയിറ്റേഴ്സ്ഫോട്ടോഗ്രാഫര് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണത്തിലും കൊല്ലപ്പെട്ടപ്പോള്‍ നിരവധി രാഷ്ട്രീയക്കാര്‍ അനുശോചിച്ചു. എന്നാല്‍ ഇരുസംഭവങ്ങളിലുംപ്രതിസ്ഥാനത്തുള്ളത് ഏത് വിഭാഗമാണെന്ന് പറയാനോ അവരെ വിമര്‍ശിക്കാനോ സംഭവങ്ങളെ അപലപിക്കാനോ അധികമാരും ശ്രമിച്ചുകണ്ടില്ല. മരണങ്ങളില്‍ ദുഃഖം പ്രകടിപ്പിക്കുക മാത്രമാണ് അവര്‍ ചെയ്തത്. അവരോട് ഇതു സംബന്ധിയായ ചോദ്യങ്ങള്‍ ചോദിക്കാനോ നിലപാടുകളെ ചോദ്യംചെയ്യാനോ മാധ്യമങ്ങള്‍ ശ്രമിച്ചതായും കണ്ടില്ല. ഇതാണ് ഇന്നത്തെ അവസ്ഥ. സൗമ്യയ്ക്ക് അനുശോചനം അര്‍പ്പിച്ച് ഒരുഫേസ്ബുക്ക് പോസ്റ്റിടാന്‍ പോലുമുള്ള ധൈര്യം പല പ്രമുഖരിലും കണ്ടില്ല.
ഈ സാഹചര്യത്തില്‍ അടുത്തനാളുകളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം അവരുടെ ധാര്മ്മികതയാണോനിക്ഷിപ്തതാല്പര്യമാണോ വെളിവാക്കുന്നത്എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
പൗരത്വഭേദഗതിനിയമം
കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും ദീര്‍ഘകാല ആവശ്യമായിരുന്നു മതാധിഷ്ഠിത അയല്‍രാജ്യങ്ങളില്‍ മതപീഡനം നേരിടുന്നവരെ ഇന്ത്യന്‍ പൗരത്വം നല്കി സംരക്ഷിക്കണമെന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഇത് നടപ്പാക്കാന്‍ വിഭാവനം ചെയ്ത പൗരത്വഭേദഗതിനിയമത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളേക്കാള്‍ വീര്യത്തോടെ മാധ്യമങ്ങള്‍ എതിര്‍ത്തു. മുന്‍വിധിയോടെയുള്ള സമീപനമാണ് പലപ്പോഴും മാധ്യമങ്ങള്‍ കൈക്കൊണ്ടത്.
എന്നാല്‍ സമാനമായ ആവശ്യം മുന്‍പ് മന്മോഹന് സിങ്ങോ പ്രകാശ്കാരാട്ടോ ഉന്നയിച്ചപ്പോള്‍ അത് മാധ്യമങ്ങള്‍ക്ക് ഒരുവിഷയം ആയിരുന്നില്ല. ഷഹീന്‍ബാഗില്‍ നടന്നസമാധാനസമരം പിന്നീട് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനവേളയില്‍ രൂപം മാറിയതും നമ്മള് കണ്ടു. അതിനുപിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് വ്യക്തം. നിരന്തരമായി വഴിമുടക്കിയുള്ള സമരം ഒഴിവാക്കപ്പെടണമെന്ന് കോടതികള്‍ പറഞ്ഞിട്ടും ഒക്കെയും സമാധാനപ്രതിഷേധമെന്ന മട്ടിലായിരുന്നു മാധ്യമങ്ങള്‍ വിശദീകരിച്ചത്. മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം ആഴ്ചകളോളം തടസ്സപ്പെടുത്തിയത് അവര്‍ക്കൊരു വിഷയമായിരുന്നില്ല. ഇന്ത്യക്കാരെ ഒരുവിധത്തിലും ബാധിക്കാത്ത നിയമം ആയിരുന്നു പൗരത്വഭേദഗതിനിയമം എന്നതുകൂടി ഓര്‍ക്കണം.
അനുച്ഛേദം 370 റദ്ദാക്കല്‍
എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം നിയമം വഴി നിര്‍ബന്ധിതമാക്കിയ രാജ്യമാണ് നമ്മുടേത്. ഈ അവകാശം പോലും നിഷേധിക്കപ്പെട്ടവരായിരുന്നു ജമ്മുകാശ്മീരിലെ കുട്ടികള്‍. അന്യസംസ്ഥാനത്തേക്ക് വിവാഹം കഴിച്ചുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നാടുമായുള്ള ബന്ധം പോലും നഷ്ടപ്പെടുന്ന സംസ്ഥാനം. ജമ്മുകാശ്മീരിനെ പ്രാകൃതമായ പ്രദേശമായി നിലനിര്‍ത്തിയ ഇത്തരം കിരാതനയങ്ങളെ മനുഷ്യാവകാശമായും സവിശേഷാധികാരമായുമാണ് നമ്മുടെ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിക്കൊണ്ട്ജമ്മുകാശ്മീര് ജനതയെ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് നയിക്കാനുള്ള നിയമനിര്‍മ്മാണം ഉണ്ടായപ്പോള്‍ പ്രതിഷേധാഗ്നി ജ്വലിപ്പിച്ചത് മാധ്യമങ്ങള്‍ ആയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തെ പലരും നിര്‍ദ്ദയം ശാരീരികാക്രമണത്തിനു വിധേയരാക്കിയപ്പോള്‍ സൈനികരുടെ മനുഷ്യാവകാശങ്ങളെയോ ജോലിചെയ്യാനുള്ള അവകാശത്തെയോസംരക്ഷിക്കാന് അധികം മാധ്യമങ്ങള്‍ക്കും താല്പര്യമുണ്ടായില്ല.
സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ ആള്‍ക്കാരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള വ്യവസ്ഥ രാജ്യമാകെ ഉണ്ടെങ്കിലും കാശ്മീരില്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ അത് മനുഷ്യാവകാശലംഘനവും ജനാധിപത്യധ്വംസനവുമായി ചിത്രീകരിക്കപ്പെട്ടു. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കിയത് ‘രാജ്യത്തെ വിഭജിക്കുന്നു’ എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഇന്ന് പ്രദേശം ശാന്തമാണ്. എതിര്‍സ്വരങ്ങളെയും കേട്ട് അവരെയും വിശ്വാസത്തില്‍ എടുക്കാന്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ജമ്മുകാശ്മീരിലെ നേതാക്കള്‍ സഹകരിക്കുന്നുണ്ട്; പക്ഷെ മാധ്യമങ്ങള്‍ക്ക് ആ നിലപാടിലേക്ക്എത്താന് സാധിക്കുന്നില്ല.
കാര്‍ഷികനിയമങ്ങള്‍
കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നിലവിലെ കേന്ദ്രസര്‍ക്കാരും മുന്‍ സര്‍ക്കാരുകളും പലവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും ഫലപ്രാപ്തിയിലേക്ക് എത്തിയില്ല. നമ്മുടെ നിലവിലെ നിയമങ്ങളും നയങ്ങളും സംവിധാനങ്ങളുമാണ് തടസ്സമെന്നുകണ്ട് സമൂലമായപരിഷ്കരണനടപടികളാണ് കാര്‍ഷികമേഖലയില്‍ കേന്ദ്രംകൊണ്ടുവന്നത്. ചില വ്യവസ്ഥകള്‍ കോണ്‍ഗ്രസ് തന്നെമുന്പ്രകടനപത്രികയില് ഉള്പ്പെടുത്തിയിരുന്നവയും. ഇടനിലക്കാരാണ് കര്‍ഷകരെയും ഉപഭോക്താക്കളെയും ചൂഷണം ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യബോധത്തിലാണ് പുതിയ കാര്‍ഷികനിയമങ്ങള്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി തന്നെ രാജ്യത്തെ അറിയിച്ചു.
തുടര്‍ന്ന് നടന്നത് ഇടനിലക്കാരുടെ നേതൃത്വത്തില്‍ ഉള്ള സമരമായിരുന്നു. ആ സമരം നമ്മുടെ റിപ്പബ്ലിക്ദിനത്തില്‍ ചെങ്കോട്ടയില്‍ അക്രമാസക്തമായപ്പോള്‍ തിരിച്ചറിവുണ്ടായ പല സംഘടനകളും സംയുക്തസമരസമിതിയില്‍ നിന്ന് പിന്മാറിയെങ്കിലും ചില മാധ്യമങ്ങള്‍ സംഘര്‍ഷങ്ങളെയും വെള്ള പൂശാന്‍ ശ്രമിച്ചു. പ്രശ്നങ്ങളുടെ മുന്‍നിരയില്‍ നിന്നവര്‍ പോലും ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും അവര്‍ക്ക് കേന്ദ്രസര്‍ക്കാരുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചികയാന്‍ ആയിരുന്നു മാധ്യമങ്ങളുടെ പരിശ്രമം. അതിന്റെ ഭാഗമായി ദീപ്സിദ്ദു എന്നയാളെ അഭിമുഖം ചെയ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖാദത്തിന് സ്വയംപ്രതിരോധത്തില്‍ പോകേണ്ടിവന്നു; കാരണം സിദ്ദു ആവര്‍ത്തിച്ചത് താന്‍ ആരാധിക്കുന്നത് സിഖ് ഭീകരന് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലെയെ ആണെന്നായിരുന്നു.
വ്യാജ വാര്‍ത്താനിര്‍മ്മിതി
സമൂഹമാധ്യമങ്ങളുടെ വ്യാപകമായ ഉപയോഗംമൂലം ധാരാളം വ്യാജവാര്‍ത്തകളും പ്രചരിക്കപ്പെടുന്നുണ്ട്. വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സൈബര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവയെ തകര്‍ക്കാനായി കുറെയധികം വസ്തുതാപരിശോധനാസൈറ്റുകളും നിലവില്‍ വന്നു. ബഹുഭൂരിപക്ഷം സൈറ്റുകളും നടത്തുന്നത് പ്രധാന മാധ്യമപ്രവര്‍ത്തകര്‍ തന്നെ. എന്നാല്‍ റിപ്പോര്‍ട്ടിങ് മിക്കപ്പോഴും ഏകപക്ഷീയം.ഏറ്റെടുക്കുന്ന വിഷയങ്ങള്‍ രാഷ്ട്രീയതാല്പര്യത്തിന് ചേര്ന്നവ. മതവിദ്വേഷം തിരികൊളുത്തിവിട്ട് സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ഏറ്റവുംസാധ്യതയുള്ളവ.
രാജ്യത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് ഗാസിയാബാദിലെ സൂഫി അബ്ദുള്‍ സമദ് സൈഫിക്ക് നേരിടേണ്ടിവന്ന കൊടിയ മര്‍ദ്ദനം. ‘ഓള്‍ട്ട് ന്യൂസ്’ എന്നവസ്തുതാപരിശോധനാസൈറ്റിന്റെ സഹസ്ഥാപകനും മാധ്യപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പ്രചരിപ്പിച്ചു. മുസ്ലിംമതവിശ്വാസിയായ സൈഫിയെ മര്‍ദ്ദിച്ച് ‘ജയ്ശ്രീറാം’ വിളിപ്പിക്കുകയായിരുന്നു അക്രമികള്‍ എന്നായിരുന്നു ഭാഷ്യം. എന്നാല്‍ പിന്നീട് സത്യം പുറത്തുവന്നു. സൈഫിയുടെ കച്ചവടത്തോട് എതിര്‍പ്പുള്ളവര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദിച്ചവരില്‍ മുസ്ലീങ്ങളും. ‘ജയ്ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ടില്ല. അങ്ങനെയൊരു കാര്യം സൈഫിയുടെ പരാതിയിലും ഇല്ല. വിഡിയോ വ്യാജനിര്‍മ്മിതിയും. ചുരുക്കിപ്പറഞ്ഞാല്‍ വ്യാജവാര്‍ത്തയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്നവര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ഗുരുതരമായ കുറ്റം. അവസാനം സുബൈര്‍ മാപ്പുപറഞ്ഞ് തലയൂരി. എന്നാല്‍ സുബൈറിനെ നിശിതമായി വിമര്‍ശിക്കാന്‍ മറ്റു മാധ്യമങ്ങള്‍ തയ്യാറായതുമില്ല.
സിദ്ദിഖ്കാപ്പന്റെ ‘നിരപരാധിത്വം’
മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ്കാപ്പന് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായപ്പോള്‍ മാധ്യമങ്ങള്‍ പ്രതികരിച്ച രീതിയും നാം കണ്ടു. അന്വേഷണ ഏജന്‍സികള്‍ കാപ്പനെഅറസ്റ്റ് ചെയ്തെങ്കില്‍ അതെന്തിന് എന്ന് തിരക്കുകയുംകാപ്പന് നിരപരാധിയെങ്കില്‍ അത് ചൂണ്ടിക്കാട്ടുകയും ആണ് മാധ്യമങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കാപ്പന് നിരപരാധിയാണെന്ന മുന്‍വിധിയോടെയാണ് കൂടുതല്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
തങ്ങളിലൊരാള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അയാളെ ന്യായീകരിക്കണം എന്നത് ഒരുരാഷ്ട്രീയസമീപനമാണ്. മാധ്യമങ്ങള്ക്ക്അത് ഭൂഷണമല്ല. വാര്‍ത്തകളിലെ സത്യസന്ധതയാണ് ചോദ്യംചെയ്യപ്പെടുന്നത്. അര്‍ണാബ് ഗോസ്വാമിക്കുനേരെ പൊലീസ് നടപടികള്‍ ഉണ്ടാകുമ്പോള്‍ പക്ഷെഇത്തരം പ്രതിരോധം ഉണ്ടായില്ല. രണ്ടു വിഷയങ്ങളിലും നീതിപൂര്‍വകമായ റിപ്പോര്‍ട്ടിങ് നടത്തേണ്ട മാധ്യമങ്ങള്‍ അവിടെ പക്ഷപാതിത്വം കാട്ടിയെന്നത് സുവ്യക്തം. പ്രകടമാകുന്നത് മാധ്യമങ്ങളുടെ രാഷ്ട്രീയവും കൂട്ടായ്മയും നിക്ഷിപ്തതാല്പര്യങ്ങളും തന്നെ.
ലക്ഷദ്വീപ് പരിഷ്കാരങ്ങള്‍
ലക്ഷദ്വീപില്‍ ഭരണകൂടം വിഭാവനം ചെയ്ത പരിഷ്കാരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. പുതിയ നിര്‍ദ്ദേശങ്ങള്‍ ഒക്കെയും ദ്വീപിന്റെ താല്പര്യത്തിനു വിരുദ്ധമാണെന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചു. വാര്ത്താറിപ്പോര്ട്ടിങ്ങിനും ചര്‍ച്ചകള്‍ക്കും പുറമേ പ്രത്യേകപരിപാടികളും അവതരിപ്പിക്കപ്പെട്ടു. ഏതൊക്കെ നടപടികള്‍ മൂലംഎന്തൊക്കെ പ്രശ്നങ്ങള്‍ ദ്വീപില്‍ ഉണ്ടാകുന്നെന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അനുകൂലിക്കാവുന്നതും എതിര്ക്കാവുന്നതുമായ പരിഷ്കാരങ്ങളുണ്ട്. എന്നാല്‍ അവയുടെ ഗുണവും ദോഷവും നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനുപകരം സര്‍ക്കാരിനെ ആക്രമിക്കുന്ന തലക്കെട്ടുകളാണ് ചര്‍ച്ചകള്‍ക്കും പ്രത്യേകപരിപാടികള്ക്കുമായി മാധ്യമങ്ങള്‍ തിരഞ്ഞെടുത്തത്.
മുന്‍പറഞ്ഞ അഭിപ്രായത്തിനു വിരുദ്ധമായ പ്രസ്താവനകള്‍ പറഞ്ഞ ജനപ്രതിനിധികളെ ചോദ്യംചെയ്യാന്‍ പോലും മാധ്യമങ്ങള്‍ തയ്യാറായില്ല. മരങ്ങളെ സംരക്ഷിക്കാന്‍ ഗേരുമിട്ടിയെന്ന മണ്ണും കുമ്മായവും പൂശുന്നതിനെപോലുംവളച്ചൊടിച്ച് കാവിവല്ക്കരണമാക്കി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലെ മരങ്ങള്‍ക്ക് ഇതേ നിറങ്ങള്‍ പൂശിയിരിക്കുന്നത് കാവിവല്ക്കരണമാണോ എന്ന് ചോദിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. മെഡിക്കല്‍ ആവശ്യത്തിനുള്ള ഹെലികോപ്ടര്‍ സേവനം സംബന്ധിച്ച ഉത്തരവ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെ ഇറക്കുന്നു എന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഓരോതവണ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിനും ഉപദേഷ്ടാവിന്റെ അനുമതി വേണമെന്ന രീതിയില്‍ ആ ഉത്തരവിനെ വളച്ചൊടിക്കുന്നത് മനുഷ്യരെ പരിഭ്രാന്തരാക്കാന്‍ മാത്രമേ ഉപകരിക്കൂ.
സ്റ്റാന്‍ സാമിയുടെ ‘സ്ഥാപനവല്‍ക്കരിക്കപ്പെട്ട കൊലപാതകം’
സ്റ്റാന്‍ സാമിയെന്ന ജെസ്യൂട്ട് പുരോഹിതന് ചികിത്സയിലിരിക്കെ മരണപ്പെട്ടത് ഭരണകൂടകൊലപാതകമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ ഏത് സാഹചര്യത്തില്‍ സാമി അറസ്റ്റ്ചെയ്യപ്പെട്ടെന്നോ ഏതൊക്കെകോടതികള് സാമിയുടെ വാദങ്ങളും ജാമ്യാപേക്ഷയും തള്ളിയെന്നോ മാധ്യമങ്ങള്‍ പരിശോധിച്ചില്ല. പാര്‍ക്കിന്‍സണ്‍സ് ബാധിതനായ അദ്ദേഹത്തിന് സ്ട്രോയും സിപ്പറും നിഷേധിക്കപ്പെട്ടെന്ന രീതിയിലൊക്കെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ഉണ്ടാക്കി. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ തന്റെ ബാഗില്‍ ഉണ്ടായിരുന്ന സ്ട്രോയും സിപ്പറും തിരികെവേണമെന്നായിരുന്നു സാമിയുടെ ആവശ്യമെന്നോ അത് പരിശോധിക്കാന്‍ 20 ദിവസം അന്വേഷണ ഏജന്‍സിക്ക് നല്‍കിയത് കോടതിയാണെന്നോ ഉള്ള വസ്തുതകള്‍ സൗകര്യപൂര്‍വം മറച്ചുവക്കപ്പെട്ടു. സാമിയുടെ വസ്തുക്കള്‍ തങ്ങള്‍ പിടിച്ചെടുത്തിരുന്നില്ലെന്ന ഏജന്‍സിയുടെ വാദത്തിനുശേഷമാണ് അദ്ദേഹത്തിന് ഈ വസ്തുക്കള്‍ പുറത്തുനിന്നും വാങ്ങി നല്‍കണമെന്ന ആവശ്യം വരുന്നത്. ചട്ടങ്ങള്‍ പാലിച്ച് അവ പുറത്തുനിന്നും വാങ്ങി ഏജന്‍സി സാമിക്ക് നല്‍കുകയും ചെയ്തു. ആശുപത്രിവാസത്തിന് വിമുഖത പ്രകടിപ്പിച്ച സാമിയെ കോടതിനിര്‍ദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നോ ഒരു മാസത്തിലേറെയായി ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് 84കാരനായ സാമി മരണപ്പെട്ടത് എന്നതോ മിക്ക മാധ്യമങ്ങള്‍ക്കും ഒരു പരിഗണന പോലും ആയില്ല.
കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെല്ലാം ജനദ്രോഹനടപടികള്‍ ആണെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് ഈ മാധ്യമസിന്‍ഡിക്കേറ്റിന്റെ ഒന്നായ പ്രവര്‍ത്തനം. അവര്‍ക്കു വലുത് സിന്‍ഡിക്കേറ്റിന്റെ രാഷ്ട്രീയവും സ്വാര്‍ത്ഥതയും വിരോധവും മാത്രമാണ്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കേണ്ട വിഷയങ്ങളുണ്ട്. നയപരമായി ചോദ്യം ചെയ്യേണ്ട വിഷയങ്ങളുണ്ട്. ആശയപരമായി വിയോജിക്കേണ്ടനിലപാടുകളുണ്ട്. എന്നാല്‍ ‘ഇഷ്ടമല്ലാത്തച്ചി തൊട്ടതെല്ലാംകുറ്റം’ എന്ന മട്ടിലുള്ള വ്യാജപ്രചരണം ഭൂഷണമല്ല. രാഷ്ട്രീയത്തിന്റെ പേരില്‍ വിദ്വേഷപ്രചരണവും അസത്യപ്രസ്താവനകളും നിരന്തരം നടത്തുന്നത് സ്വീകാര്യമല്ല.
വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്തുകയെന്നത് പ്രേക്ഷകരോടും വായനക്കാരോടും ഒരു മാധ്യമം കാണിക്കേണ്ട ഏറ്റവും ചുരുങ്ങിയ മര്യാദയും മാന്യതയുമാണ്. എങ്കില്‍ മാത്രമേ വിമര്‍ശിക്കുമ്പോഴും അത് സത്യസന്ധമായും ക്രിയാത്മകമായും പൊതുസമൂഹത്തിന് അനുഭവപ്പെടൂ.
രാഷ്ട്രീയനിരീക്ഷകനാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: