എതിരാളിയുടെ കിണറ്റില്‍ വസൂരി രോഗിയുടെ വസ്ത്രങ്ങള്‍ കൊണ്ടുപോയി ഇട്ടുവെന്നിരിക്കട്ടെ. ആ വെള്ളം കുടിക്കുന്നവരിലെല്ലാം മാരകമായ അണുക്കള്‍ കടന്ന് രോഗം വരുത്തും. ശത്രുവിന്റെ കോട്ട കൊത്തളങ്ങളില്‍ പ്ലേഗ് ബാധിച്ച എലികളെ വലിച്ചെറിയുമ്പോഴും അതു തന്നെ സംഭവിക്കുന്നു. മാരകമായ ആന്ത്രാക്‌സ് അണുക്കളെ പൊടിച്ച് എതിരാളിക്ക് തപാലില്‍ അയച്ചുകൊടുക്കുമ്പോഴും സംഭവിക്കുക മറ്റൊന്നല്ല.
ഇവിടെയൊക്കെ ആയുധം അണുക്കളാണ്. പ്ലേഗിന്റെയും വസൂരിയുടെയും ആന്ത്രാക്‌സിന്റെയും ബോട്ടുലിന്റെയും അതിമാരകമായ അണുക്കള്‍. ഈ അണുക്കളെ ഉപയോഗിച്ച് നടത്തുന്ന യുദ്ധം ബയോളജിക്കല്‍ വാര്‍. ഇവയെ ഉപയോഗിച്ച് എതിരാളിയുടെ ജീവനെടുക്കാന്‍ നടത്തുന്ന ശ്രമമാണ് ബയോടെററിസം അഥവാ ജൈവ ഭീകരത.
അതിവേഗം പടര്‍ന്നുപിടിക്കുന്ന അതിമാരകമായ സൂക്ഷ്മജീവികളെ ഉപയോഗിച്ച് ശത്രു സമൂഹത്തെയോ രാജ്യത്തെയോ പാടെ തകര്‍ക്കുന്നതിനുള്ള ശ്രമത്തെയാണ് ജൈവഭീകരത എന്ന് നാം വിളിക്കുക. അത്യുഗ്ര പ്രഹരശേഷിയുള്ള ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളാണ് ഇതിലെ ആയുധങ്ങള്‍. രോഗാണുക്കളെ സന്നിവേശിപ്പിച്ച പറവകളെയും കീടങ്ങളെയും അയച്ചും ശത്രുക്കളെ രോഗികളാക്കാം. സര്‍വനാശം വിതയ്‌ക്കുന്ന വെട്ടുക്കിളി പോലെയുള്ള കീടങ്ങളെ മ്യൂട്ടേഷന്‍ അഥവാ ജനിതക മാറ്റം വരുത്തി അയല്‍ രാജ്യങ്ങളിലെ വയലേലകളിലേക്ക് പറത്തിവിട്ട് വന്‍ കൃഷി നാശം (ഭക്ഷ്യക്ഷാമം) ഉണ്ടാക്കുന്നതും ജൈവ ഭീകരതയാണ്. തെമ്മാടി രാജ്യങ്ങളും വെറുക്കപ്പെട്ട ഭീകരക്കൂട്ടങ്ങളും വര്‍ഗീയ ഭ്രാന്തന്മാരുമൊക്കെ വിദ്വേഷത്തിന്റെ കനല്‍വഴിയില്‍ ജൈവ ഭീകരതയെ ആയുധമാക്കുന്നു.
ഇപ്പോള്‍ ജൈവ ഭീകരത സജീവ ചര്‍ച്ചാ വിഷയമാണ്. ഇന്ത്യയിലാകെ അതിവേഗത്തില്‍ കൊവിഡ്-19 എന്ന മഹാവ്യാധി പടര്‍ന്നുപിടിക്കുന്നു. അതിന്റെ ഭീകരത ഇന്ത്യയില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സംശയത്തിന്റെ മുള്‍മുന തിരിയുന്നത് ചതി ജീവിതമാക്കിയ ഒരു അയല്‍ രാജ്യത്തേക്കാണ്. ഈ രോഗവ്യാപനം എന്തുകൊണ്ട്?
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ചോര്‍ന്നുകിട്ടിയ ഒരു റിപ്പോര്‍ട്ടാണ് ജൈവ ഭീകരത സജീവ ചര്‍ച്ചാ വിഷയമാക്കുന്നത്. കൊവിഡ് പരത്തുന്ന കൊറോണ വൈറസിനെ ജൈവ ആയുധമാക്കി മാറ്റി അയല്‍ക്കാരെ ആക്രമിക്കാനുള്ള സാധ്യത ചൈനീസ് സൈന്യം അഞ്ച് വര്‍ഷം മുന്‍പുതന്നെ വിശദമായി ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കീടാണുക്കളെക്കൊണ്ട് ഒരു മൂന്നാം ലോക മഹായുദ്ധം ജയിക്കുക-സൈനിക വിദഗ്‌ദ്ധര്‍, ആരോഗ്യ വിദഗ്‌ദ്ധര്‍, വിദേശ വിദഗ്‌ദ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ അടങ്ങിയ 18 അംഗസമിതിയുടെതാണ് റിപ്പോര്‍ട്ട്. ചൈനയുടെ ജൈവായുധ ഗവേഷണത്തിന്റെ ആസ്ഥാനമാണ് വുഹാന്‍. അവിടെ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി-കൊവിഡ് പൊട്ടിപ്പുറപ്പെട്ട അതേ വുഹാന്‍ നഗരം. കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങിയ അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹത്തിനു മുന്നില്‍ ചൈന വാതില്‍ കൊട്ടിയടച്ചതും സംശയം വര്‍ധിപ്പിക്കുന്നു. ‘ദി ആസ്‌ട്രേലിയന്‍’ പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയെ ശുദ്ധ തോന്ന്യാസമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ പത്രം ‘ഗ്ലോബല്‍ ടൈംസ്’ വിശേഷിപ്പിച്ചത്.
ജൈവ ഭീകരത ഒരു പുതിയ കാര്യമല്ല. ക്രിസ്തുവിനു മുന്‍പു നടന്ന യുദ്ധങ്ങളില്‍ പോലും ജൈവായുധങ്ങള്‍ ഉപയോഗിക്കപ്പെട്ടിരുന്നതായി പറയപ്പെടുന്നു. മംഗോള്‍ ആക്രമണകാരികള്‍ ശത്രുപാളയത്തിലേക്ക് പ്ലേഗ് രോഗികളുടെ ശവങ്ങള്‍ കവണയില്‍ തൊടുത്തുവിട്ടത് 1336 ല്‍. ലാ കാലെ പിടിച്ചെടുക്കാനുള്ള പടയോട്ടത്തില്‍ ടുണീഷ്യന്‍ പടയാളികള്‍ പ്ലേഗ് രോഗികളുടെ വസ്ത്രങ്ങളാണ് ശത്രുക്കള്‍ക്കു നേരെ പ്രയോഗിച്ചത്. ഏറെക്കാലം നീണ്ട സീനോ-ജപ്പാന്‍ യുദ്ധങ്ങളില്‍ പ്ലേഗ് അണുക്കളെ കുത്തിനിറച്ച ജൈവ ബോംബുകളാണ് ജപ്പാന്‍കാര്‍ ചൈനയ്‌ക്കുനേരെ പ്രയോഗിച്ചത്. വിമാനത്തില്‍നിന്ന് കോളറ ബോംബുകള്‍ വര്‍ഷിക്കുകയും ചെയ്തു.
ഒന്നാം ലോക മഹായുദ്ധത്തില്‍ സഖ്യകക്ഷികളുടെ കുതിരപ്പട്ടാളത്തിലെ കുതിരകളെ കൊന്നൊടുക്കാന്‍ ജര്‍മ്മനി ഉപയോഗിച്ചത് മാരകമായ ആന്ത്രാക്‌സ് അണുക്കളെയായിരുന്നു. ‘ക്ലോസ്ട്രിഡിയം ബോട്ടുലിനം’ ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന അതീവ മാരകമായ ‘ബോട്ടുലിന്‍’ വിഷവും ഭീകരസംഘങ്ങള്‍ സമൃദ്ധമായി ഉപയോഗിച്ചുവത്രേ. എലിപ്പനി പരത്തുന്ന ലെപ്‌റ്റോസ്‌പൈറയും കോളറ പരത്തുന്ന വിബ്രിയ കോളറയും ജൈവയുദ്ധക്കാര്‍ക്ക് ഏറെ പ്രയോജനപ്പെട്ടുവെന്ന് ചരിത്രം.
രാജ്യത്തിന്റെ ആരോഗ്യവ്യവസ്ഥ തകര്‍ത്തെറിഞ്ഞ് ജനത്തെ കൊന്നൊടുക്കുന്നതാണ് പ്ലേഗ്-വസൂരി-ബോട്ടുലിസം. അണുക്കളുടെ ദൗത്യമെങ്കില്‍ മൃഗങ്ങളെ കൊന്നൊടുക്കി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുച്ചൂടും മുടിക്കുന്ന ജൈവമുറകളും പ്രചാരത്തിലുണ്ട്. പശുക്കളെ കൊന്നൊടുക്കാന്‍ കുളമ്പ്-വായ് രോഗം (ഫുട് & മൗത്ത് രോഗം), പന്നികളെ കൊന്നൊടുക്കാന്‍ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍, കോഴികളെ കൊല്ലാന്‍ സിറ്റാകോസിസ്, കുതിരകളെ നശിപ്പിക്കാന്‍ ഗ്ലാന്‍ഡേഴ്‌സ് എന്നിങ്ങനെയാണ് മൃഗങ്ങള്‍ക്കെതിരായ ജൈവായുധങ്ങള്‍. മ്യൂട്ടേഷന്‍ അഥവാ ജനിതകമാറ്റം വരുത്തി കരുത്ത് കൂട്ടിയ ബ്ലാസ്റ്റ് രോഗത്തിന്റെ അണുക്കളെ അയച്ചാല്‍ നെല്ലും ഗോതമ്പുമൊക്കെ നശിപ്പിച്ച് ശത്രുനാട്ടില്‍ ഭക്ഷ്യക്ഷാമം ഉറപ്പാക്കാം. കീടയുദ്ധ തന്ത്രം അഥവാ എന്റമോളജിക്കല്‍ വാര്‍ഫെയറില്‍ ആവട്ടെ കീടങ്ങളില്‍ മാരകമായ രോഗാണുക്കളെ സന്നിവേശിപ്പിച്ച് പറത്തി വിടുകയാണ് ചെയ്യുക. അവ ശത്രുമേഖലകളില്‍ കൊവിഡും കോളറയും പ്ലേഗുമൊക്കെ വിജയകരമായി വാരി വിതറും.
ഭീകരന്മാരെയും ഫാസിസ്റ്റുകളെയും സംബന്ധിച്ചിടത്തോളം ജൈവായുധ പ്രയോഗം ചെലവ് കുറഞ്ഞ ഒരു ഏര്‍പ്പാടാണ്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മരണം; കൂടുതല്‍ രോഗാനന്തര വിഷമതകള്‍ ഇതൊക്കെ ജൈവായുധങ്ങള്‍ ഉറപ്പാക്കുന്നു. രോഗാണുക്കളുടെ ലഭ്യതയും സൂക്ഷിപ്പും എളുപ്പമാണെന്ന പ്രത്യേകതയുമുണ്ട്. ഇത്തരത്തിലുള്ള ആക്രമണം ഉണ്ടാകുമ്പോള്‍ ജനം വല്ലാതെ പരിഭ്രാന്തരാകും. വാക്‌സിനും മരുന്നും കിട്ടാതെ കുഴങ്ങും. കാറ്റിനെയും വെള്ളത്തെയും പോലും അവിശ്വസിക്കും. തങ്ങളുടെ വാക്‌സിനും മരുന്നും വിറ്റ് കോടികള്‍ ഉണ്ടാക്കാന്‍ വേണ്ടി രോഗാണുക്കളെ പരത്തുന്നവരും ജൈവ ഭീകരതയുടെ ഉടയവന്മാരാണെന്ന് പറയപ്പെടുന്നു.
ഈ പശ്ചാത്തലത്തിലാണ് 1972 ഏപ്രില്‍ 10 ന് ബയോളജിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷന്‍ ചേര്‍ന്നത്. ഈ കണ്‍വന്‍ഷനിലെ തീരുമാനങ്ങള്‍ക്ക് നൂറിലധികം രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതോടെ 1975 മാര്‍ച്ച് 26 ന് അത് നിലവില്‍ വരികയും ചെയ്തു. ലോകത്ത് നിലവിലുള്ള എല്ലാത്തരം ജൈവായുധങ്ങളുടെയും ഗവേഷണം, വികസനം, നിര്‍മാണം, സംഭരണം, ശേഖരണം തുടങ്ങിയ സമസ്ത ഇടപാടുകളും ഈ കരാറിന്റെ ആഗമനത്തോടെ മരവിപ്പിക്കപ്പെട്ടു എന്നാണ് വിശ്വാസം!
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കണ്‍വന്‍ഷന്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ചൈന, ഇറാന്‍, വടക്കന്‍ കൊറിയ, റഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്നും ജൈവായുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടത്രേ. അല്‍ഖ്വയ്ദ, ഹമാസ് തുടങ്ങിയ ഭീകരസംഘങ്ങളും സംശയത്തിന്റെ നിഴലിലാണ്. 1990 കാലത്ത് ഇറാക്ക് സംഭരിച്ചുവച്ചിരുന്ന ടണ്‍കണക്കിന് ബോട്ടുലിനം വിഷം എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. 1979 ല്‍ സോവിയറ്റ് മിലിറ്ററി ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പുറത്തുചാടിയ ആന്ത്രാക്‌സ് അണുക്കള്‍ 70 പേരെ കൊന്നത് എങ്ങനെയെന്ന് ആര്‍ക്കുമറിയില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ(2001)ത്തിനുശേഷം അമേരിക്കന്‍ സെനറ്റര്‍മാരെ അപായപ്പെടുത്താന്‍ ഭീകരര്‍ ആന്ത്രാക്‌സ് പൊടി അയച്ചതെവിടെ നിന്നെന്നും ആര്‍ക്കും അറിയില്ല… ഏറ്റവുമൊടുവില്‍ ചൈനയുടെ കൊവിഡ് രോഗാണുക്കളുടെ ജനനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: