തിരുവനന്തപുരം: കാട്ടുകൊള്ളക്കാരെ ഊരിയെടുക്കാന്‍ നോക്കിയ ദീപക് ധര്‍മ്മടത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ 24 ന്യൂസ് ചാനലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമോ എന്ന ചോദ്യവുമായി ജനം ടിവിയിലെ മാധ്യമപ്രവര്ത്തകന് അനില്‍ നമ്പ്യാര്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ ഒരു തവണ മാത്രം വിളിച്ചതിന് എന്നെ ക്രൂശിച്ച 24 ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ദീപകിന്റെ ചരിത്രം അന്വേഷിച്ച് പോകുമോ എന്നും അതോ ബിജ്യേട്ടന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായത് കൊണ്ട് പ്രത്യേക പരിഗണനയുണ്ടോ ദീപകിന്റെ കാര്യത്തിലെന്നും അനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
നാല് മാസത്തിനിടെ 107 കോളുകള്‍ !
ബിജ്യേട്ടന്റെ സ്വന്തവും 24 ന്യൂസിലെ മാദ്ധ്യമപ്രവര്‍ത്തകനുമായ ദീപക് ധര്‍മ്മടവും മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനുമായി ‘മണി’ മണിക്കൂറുകളാണ് സംസാരിച്ചത്. മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ പൂട്ടാനുള്ള തന്ത്രങ്ങളാവിഷ്കരിക്കുകയായിരുന്നു വിളികളുടെ ഉദ്ദേശ്യം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ ഒരു തവണ മാത്രം വിളിച്ചതിന് എന്നെ ക്രൂശിച്ച 24 ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ദീപകിന്റെ ചരിത്രം അന്വേഷിച്ച് പോകുമോ?
ദീപക് ബെങ്കളുരു സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതിനെപ്പറ്റി അന്വേഷിക്കുമോ?ദീപകിനെതിരെ ധര്‍മ്മടം പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആരായുമോ? പ്രതിരോധ വകുപ്പിന്റെ അന്വേഷണം നിലച്ചതിനെപ്പറ്റി പരിശോധിക്കുമോ? ഒരു വനിതാ സാമൂഹ്യ പ്രവര്‍ത്തകയോട് ദ്വയാര്‍ത്ഥത്തില്‍ സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ പുകിലിനെപ്പറ്റി അന്വേഷിക്കുമോ? 24 ന്യൂസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത് കൊണ്ടുവരുമോ? അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ അനില്‍ നമ്പ്യാറുടെ ചരിത്രം ചികയാന്‍ കാണിച്ച ഉത്സാഹം പുറത്തെടുക്കു. കാണട്ടെ.
വേട്ടയാടല്‍ സെലക്റ്റീവാകരുത്. കാട്ടുകൊള്ളക്കാരെ ഊരിയെടുക്കാന്‍ നോക്കിയ ദീപക് ധര്‍മ്മടത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ 24 ന്യൂസ് ചാനലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമോ? എന്നെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് പ്രകടനം നടത്തിയത് പോലെ? അതോ ബിജ്യേട്ടന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായത് കൊണ്ട് പ്രത്യേക പരിഗണനയുണ്ടോ ദീപകിന്റെ കാര്യത്തില്‍? ധര്‍മ്മസംസ്ഥാപനത്തിനായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ടീം ശ്രീകണ്ഠന് നായര്‍ക്ക് ദീപകിന്റെ അധര്മ്മത്തെപ്പറ്റി മിണ്ടാട്ടമില്ലേ?
പശിയകറ്റാന്‍ പത്ത് രൂപ മോഷ്ടിക്കുന്നവനെ കുപ്രസിദ്ധ കുറ്റവാളിയാക്കുന്ന നിങ്ങളുടെ മാധ്യമധര്‍മ്മം കാട്ടുകൊള്ളക്കാരന്റെ സില്‍ബന്ദിയുടെ ഇടപാടുകള്‍ തുറന്നുകാട്ടാനും പ്രയോഗിക്കൂ. ഒരു ഓഗ്മെന്റ് റിയാലിറ്റി ഷോ നടത്തൂ. ഇല്ലെങ്കില്‍ മുട്ടിലില്‍ തടഞ്ഞ വിഹിതം നിങ്ങള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് പൊതുസമൂഹം കരുതും. അതിരിക്കട്ടെ, എത്ര കിട്ടി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: