മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതു മുതല്‍ ഉദ്ധവ് താക്കറെ 2018-ല്‍ യോഗി ആദിത്യനാഥിനെതിരെ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പുകള്‍കൊണ്ട് അടിക്കുന്നന്നതിനെക്കുറിച്ച് താക്കറെ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. താക്കറെയ്‌ക്കെതിരായ റാണെയുടെ പ്രസ്താവനയില്‍നിന്ന് എന്ത് വ്യത്യാസമാണുള്ളതെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് ഒരുവര്‍ഷം മുന്‍പ്, 2018-ലായിരുന്നു ശിവസേന അധ്യക്ഷനായ താക്കറെയുടെ പരാമര്‍ശം.
‘അദ്ദേഹത്തിന് എങ്ങനെ മുഖ്യമന്ത്രിയാകാന്‍ കഴിയും?. അദ്ദേഹം യോഗി ആയതിനാല്‍ എല്ലാം ഉപേക്ഷിച്ച് ഗുഹയിലിരിക്കണം.- മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് അദ്ദേഹം സ്വയം യോഗിയെന്ന് വിളിക്കുന്നു. യുപിയും മഹാരാഷ്‌ട്രയും തമ്മിലുള്ള ബന്ധം അദ്ദേഹം മനസിലാക്കണം. ശിവജിയുടെ കിരീടധാരണത്തിന് യുപിയിലെ ഗാഗഭട്ടില്‍നിന്ന് പുരോഹിതനെത്തി. കാറ്റുനിറച്ച ബലൂണ്‍ പോലെയാണ് ഈ യോഗിയെത്തിയത്. ശിവജിയെ ഹാരമണിയിച്ചപ്പോള്‍ അദ്ദേഹം ചെരിപ്പുകള്‍ ധരിച്ചു. എനിക്ക് അതേ ചെരിപ്പുകള്‍കൊണ്ട് അദ്ദേഹത്തെ അടിക്കാന്‍ തോന്നി. മഹാരാജാവിന്റെ പ്രതിമയ്‌ക്ക് മുന്‍പില്‍ നില്‍ക്കാന്‍പോലും താങ്കള്‍ ആരാണ്’- താക്കറെ അന്ന് പറഞ്ഞു.
മുഖ്യമന്ത്രിയുടെയും ശിവസേനയുടെയും കാപട്യത്തെ വിമര്‍ശിച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലെത്തി. മുന്നു വര്‍ഷം മുന്‍പ് താക്കറെ നടത്തിയ പ്രസ്താവനയില്‍ കേസ് എടുക്കണമെന്ന് പലരും യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. ‘ജന്‍ ആശിര്‍വാദ്’ യാത്രയില്‍ നടത്തിയ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ ശിവസേന നല്‍കിയ ഒന്നിലധികം പരാതികളെ തുടർന്ന് ചൊവ്വാഴ്ചയാണ് നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ എത്രാമത്തെ സ്വാതന്ത്ര്യദിനമാണെന്നുപോലും മുഖ്യമന്ത്രി മറന്നുപോയെന്നും സംസാരിക്കുന്നതിനിടയില്‍ ഇക്കാര്യം പരിശോധിക്കേണ്ടിവന്നുവെന്നും നാരായണ്‍ റാണെ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: